ക്രൂഡ് ഓയിൽ വില 70 ഡോളറായി ഇടിഞ്ഞു
print edition കൂട്ടിയതിന്റെ ഒരംശംപോലും കുറയ്ക്കാതെ കേന്ദ്രം

ന്യൂഡൽഹി : രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് എഴുപത് ഡോളറിന് അടുത്തെത്തിയിട്ടും ആഭ്യന്തര വിപണിയിൽ പെട്രോൾ– ഡീസൽ വില കുറയ്ക്കാതെ കേന്ദ്രസർക്കാർ. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വില വ്യാഴാഴ്ച ബാരലിന് 72.83 ഡോളറിലേക്ക് താഴ്‌ന്നു. ഫെബ്രുവരി അവസാനം പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ച ഘട്ടത്തിലുണ്ടായിരുന്നതിനേക്കാൾ താഴ്‌ന്ന വിലയാണിത്. ക്രൂഡോയിൽ വില ബാരലിന് 100 ഡോളർ കടന്നുവെന്ന കാരണം കാട്ടി പെട്രോളിന്റെയും ഡീസലിന്റെയും വില പലഘട്ടങ്ങളിലായി ലിറ്ററിന് കേന്ദ്രസർക്കാർ കൂട്ടിയിരുന്നു. വാണിജ്യാവശ്യത്തിനും ഗാർഹികാവശ്യത്തിനുമുള്ള പാചകവാതക വിലയും കൂട്ടി.
രണ്ടാഴ്ചയായി ക്രൂഡോയിൽ വില 80 ഡോളറിൽ താഴെ തുടർന്നിട്ടും ഇന്ധനവില കുറയ്ക്കുന്നതിനുള്ള നടപടിയിലേക്ക് കേന്ദ്രം കടന്നിട്ടില്ല. വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വ്യാഴാഴ്ച വീണ്ടും വർധിപ്പിച്ചു. പെട്രോൾ–ഡീസൽ വില വർധിച്ചതോടെ ആഭ്യന്തര വിപണിയിൽ അവശ്യവസ്തുക്കളുടെ വില കുതിച്ചുയർന്നു. പശ്ചിമേഷ്യൻ സംഘർഷം സൃഷ്ടിച്ച തൊഴിൽനഷ്ടംപോലുള്ള ആഭ്യന്തര പ്രശ്‌നങ്ങൾക്കൊപ്പം അവശ്യവസ്‌തുക്കളുടെ വിലകൂടി വർധിച്ചതോടെ സാധാരണക്കാർ പ്രതിസന്ധിയിലാണ്.
നിലവിൽ ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ 12 രൂപ വരെയും ഡീസൽ 10 രൂപ വരെയും ലാഭം എണ്ണക്കമ്പനികൾക്ക് ലഭിക്കുന്നുണ്ട്. വില കുറയ്ക്കാതെ കമ്പനികൾ പരമാവധി കൊഴുക്കട്ടെയെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.










0 comments