വെനസ്വേലയിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ആന്തരികാവയവങ്ങൾ കാണാനില്ല; ദുരൂഹത

രാകേഷ് ചൗഹാന്‍ (Photo: NDTV)
ലഖ്നൗ: വെനസ്വേലയിൽ ഹൃദയാഘാതം മൂലം മരിച്ചെന്ന് പറയപ്പെടുന്ന യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ആന്തരികാവയവങ്ങൾ കാണാനില്ലെന്ന് പരാതി. ഇന്ത്യൻ നാവികൻ രാകേഷ് ചൗഹാന്റെ (33) മൃതദേഹത്തിൽ നിന്നാണ് തലച്ചോറ്, ഹൃദയം, ശ്വാസകോശങ്ങൾ അടക്കമുള്ള അവയവങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നത്. ഉത്തർപ്രദേശ് ദേവരിയ സ്വദേശിയാണ് രാകേഷ്. ഇതോടെ രാകേഷിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് വന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് സീഫെറേഴ്സ് യൂണിയൻസ് ഓഫ് ഇന്ത്യ രംഗത്തെത്തി.
വെനസ്വേലയിൽ നിന്ന് കൃത്യമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടോ മറ്റ് വിവരങ്ങളോ നൽകാതെയാണ് മൃതദേഹം നാട്ടിലേക്ക് അയച്ചതെന്നും ആരോപണമുണ്ട്. ഇന്ത്യയിൽ നടത്തിയ രണ്ടാമത്തെ പോസ്റ്റ്‌മോർട്ടത്തിലാണ് ശരീരത്തിൽ ഒരു അവയവം പോലും ഇല്ലെന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. തലച്ചോറ്, ഹൃദയം, രണ്ട് ശ്വാസകോശങ്ങൾ, കരൾ, വൃക്കകൾ, ആമാശയം, കുടൽ, ശ്വാസനാളം എന്നിവയെല്ലാം പൂർണമായി നീക്കം ചെയ്ത നിലയിലാണ്.
കഴുത്ത് മുതൽ അടിവയർ വരെ 22 തുന്നലുകളും, ഒരു ചെവിയിൽ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും കണ്ടെത്തി. ഈ മുറിവ് അല്ലാതെ ശരീരത്തിൽ മറ്റ് പരിക്കുകൾ ഒന്നും ഇല്ല. ഇതാണ് സംശയത്തിന് വഴിവെച്ചത്. പ്രധാന അവയവങ്ങളൊന്നും ഇല്ലാത്തതിനാൽ മരണകാരണം കണ്ടെത്താൻ ഡോക്ടർമാർക്ക് സാധിച്ചില്ല. ഒരു മാസത്തോളമായി മൃതദേഹം ഡീപ്പ് ഫ്രീസറിൽ സൂക്ഷിച്ച നിലയിലായിരുന്നു. 2025 നവംബറിലാണ് രാകേഷ് ചൗഹാൻ ‘എക്സ്ഫിനിറ്റി’ എന്ന കമ്പനി വഴി മർച്ചന്റ് നേവി കപ്പലിൽ ജോലിക്ക് കയറിയത്. മേയ് മാസത്തിൽ രാകേഷിനു കപ്പലിൽ വീണ് പരിക്കേറ്റെന്നും ചികിത്സയിലാണെന്നുമാണ് ആദ്യം അറിയിച്ചത്.
പിന്നീട് മരണം സംഭവിച്ചതായും കമ്പനി രാകേഷിന്റെ കുടുംബത്തെ അറിയിച്ചു. കപ്പലിൽ വീണുണ്ടായ ഗുരുതര പരിക്കാണ് മരണകാരണമെന്നായിരുന്നു കമ്പനിയുടെ പ്രാഥമിക വിശദീകരണം. എന്നാൽ ഒരു മാസത്തിനു ശേഷം ജൂൺ നാലിനാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ആദ്യം പോസ്റ്റ്‌മോർട്ടം ചെയ്യാൻ പ്രാദേശിക ഡോക്ടർമാർ വിസമ്മതിച്ചെങ്കിലും, ജില്ലാ മജിസ്‌ട്രേറ്റിന്റെ പ്രത്യേക ഉത്തരവിലാണ് വീണ്ടും പോസ്റ്റുമോർട്ടം നടത്തിയത്. ഇതിലാണ് അവയവങ്ങൾ തീർത്തും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. അതേസമയം, രാകേഷിന്റെ മരണകാരണത്തെക്കുറിച്ചോ അവയവങ്ങൾ മാറ്റിയതിനെക്കുറിച്ചോ വെനസ്വേലൻ അധികൃതരോ കമ്പനിയോ കൃത്യമായ മറുപടി നൽകിയിട്ടില്ലെന്നാണ് വിവരം.











0 comments