print edition കർണാടക കൃഷിത്തോട്ടത്തിൽ അടിമവേല; മലയാളികൾ ഉൾപ്പെടെ 18 പേരെ മോചിപ്പിച്ചു

സ്വന്തം ലേഖകന്‍
Published on Apr 19, 2026, 01:20 AM | 1 min read
കാസർകോട്: കർണാടക ഹാസനിലെ കൃഷിത്തോട്ടത്തിൽ അടിമവേലചെയ്തുവന്ന മലയാളികൾ ഉൾപ്പെടെയുള്ള 18 പേരെ പൊലീസ് മോചിപ്പിച്ചു. കൂലിയോ ഭക്ഷണമോ നൽകാതെ തൊഴിലാളികളെ വർഷങ്ങളായി ഇവിടെ പീഡിപ്പിക്കുകയായിരുന്നു. അടിമവേലയിൽനിന്ന് കർണാടക പൊലീസ് മോചിപ്പിച്ച, കാസർകോട് പുത്തിഗെ സ്വദേശി ഉദയകുമാറിനെ നാട്ടിലെത്തിച്ച് ബന്ധുക്കൾക്കൊപ്പം വിട്ടു.
ഒരുവർഷത്തിലധികമായി ജൂട്ടനഹള്ളിയിലെ തോട്ടത്തിൽ ഇഞ്ചിക്കൃഷി ജോലിചെയ്യുകയായിരുന്നു ഉദയകുമാർ. കാപ്പിത്തോട്ടത്തിൽ ജോലിക്കായി 700 രൂപ കൂലിയും താമസവും ഭക്ഷണവും വാഗ്ദാനം ചെയ്താണ് കൊണ്ടുപോയത്. എന്നാൽ, ഇഞ്ചിത്തോട്ടത്തിലെ ജോലിയാണ് നൽകിയത്. കൂലിയോ മതിയായ ഭക്ഷണമോ വെള്ളമോ ഇവർക്ക് നൽകിയില്ല.
രാവിലെ ആറിന് വാഹനത്തിൽ കയറ്റി തോട്ടത്തിൽ കൊണ്ടുപോയാൽ വൈകിട്ട് ഏഴിനാണ് തിരിച്ചെത്തിക്കുന്നത്. എല്ലാവരെയും ഒരു ഷെഡ്ഡിനകത്ത് രാത്രി പൂട്ടിയിട്ട് കാവലേർപ്പെടുത്തിയിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചാൽ മർദിക്കുമെന്ന് കാസർകോട്ടെത്തിയ ഉദയകുമാർ പറഞ്ഞു. കാസർകോട് കലക്ടറേറ്റിലെത്തി എഡിഎമ്മിനുമുന്നിൽ ഹാജരായശേഷം ഉദയകുമാർ വീട്ടിലേക്ക് പോയി.
ഫെബ്രുവരിയിൽ കൃഷിത്തോട്ടത്തിൽനിന്ന് സാഹസികമായി രക്ഷപ്പെട്ട കർണാടക സ്വദേശി ഈരണ്ണയുടെ അമ്മ നൽകിയ പരാതിയെത്തുടർന്നാണ് അടിമവേല പുറത്തറിഞ്ഞത്. തുടർന്ന്, പൊലീസും റവന്യൂ വകുപ്പും നടത്തിയ ഇടപെടലിൽ ഫെബ്രുവരി 27 നാണ് 18 തൊഴിലാളികളെ മോചിപ്പിച്ചത്. ഇവരിൽ അഞ്ചുവർഷത്തിലധികമായി തോട്ടത്തിൽ ജോലിചെയ്യുന്നവരുണ്ടായിരുന്നു.
രക്ഷപ്പെടുത്തിയ തൊഴിലാളികൾക്ക് താമസസൗകര്യമൊരുക്കി ഭക്ഷണവും വസ്ത്രവുമെല്ലാം നൽകിയശേഷമാണ് നാട്ടിലെത്തിച്ചത്. കൊല്ലം സ്വദേശി അനിൽകുമാറിനെയും നാട്ടിലെത്തിച്ചു. കേരളത്തിനുപുറമെ കർണാടക, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളെയാണ് തോട്ടത്തിൽ അടിമജോലി ചെയ്യിച്ചത്. തോട്ടമുടമകളായ നാഗരാജ്, മോഹനേഷ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.










0 comments