കുടുംബവഴക്കിന്‍റെ പേരില്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്താല്‍ ഭാര്യ കുറ്റക്കാരിയാകില്ല: ബോംബെ ഹൈക്കോടതി

ബോംബെ ഹൈക്കോടതി
മുംബൈ: കുടുംബവഴക്കുകളുടെയോ സാമ്പത്തിക പ്രശ്നങ്ങളുടെയോ പേരിൽ ഭർത്താവ് ജീവനൊടുക്കുകയാണെങ്കിൽ അതിൽ ഭാര്യ ഉത്തരവാദിയല്ലെന്ന് ബോംബെ ഹൈക്കോടതി. കുടുംബവഴക്കിനെ തുടർന്നുള്ള ഒരു വ്യക്തിയുടെ ആത്മഹത്യ സംബന്ധിച്ച സുപ്രധാന വിധിയിലാണ് കോടതിയുടെ നിരീക്ഷണം.
കുടുംബവഴക്ക്, ദാമ്പത്യപ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങളാൽ ഒരാൾ ആത്മഹത്യ ചെയ്താൽ, പ്രേരണാക്കുറ്റം ഭാര്യയുടെ മേൽ വരില്ലായെന്നാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് നിരീക്ഷിച്ചത്. 2019, നവംബർ 26ന് മഹാരാഷ്ട്രയിലെ അമരാവതിയിൽ ട്രെയിനിന് മുന്നിൽ ചാടി മകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ, മരുമകൾക്കെതിരെ അച്ഛൻ പരാതി നൽകിയിരുന്നു. നിസാരകാര്യങ്ങളെ ചൊല്ലി ഭാര്യ നിരന്തരം വഴക്കിടുകയും ശാരീരികമായി ഉപദ്രവിക്കുകയും ഭർത്താവ് അറിയാതെ വീട്ടിൽ പോവുകയും ചെയ്തിരുന്നുവെന്ന് പരാതിയിൽ പറയുന്നു. മരുമകളുടെ ഈ പീഡനം കാരണമാണ് മകൻ ആത്മഹത്യ ചെയ്തതെന്ന് അച്ഛൻ ആരോപിച്ചു. പരാതിയെ തുടർന്ന് പൊലീസ് യുവതിക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിരുന്നു.
ഇതേതുടർന്ന് കുറ്റാരോപിത കോടതിയിൽ ഹർജി ഫയൽ ചെയ്യുകയും തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിഷയം പരിഗണിച്ച കോടതി, ഒരാളെ ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്ന ഉദ്ദേശത്തോടെയുള്ളതാണെങ്കിൽ മാത്രമേ ആത്മഹത്യാപ്രേരണാക്കുറ്റം നിലനിൽക്കുവെന്ന് വിധിച്ചു. സാധാരണ ദാമ്പത്യപ്രശ്നങ്ങളോ വീട്ടിൽ പോകുന്നതോ ആത്മഹത്യാപ്രേരണയായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.










0 comments