മാനനഷ്ടകേസ് കേൾക്കാം, 20 വർഷം കാത്തിരിക്കൂ: 90 കാരിയോട് ബോംബെ ഹൈക്കോടതി

ബോംബെ ഹൈക്കോതി
മുംബൈ: മാനനഷ്ടക്കേസ് കേൾക്കാൻ 90 കാരിയായ വൃദ്ധയോട് 20 വർഷം കാത്തിരിക്കാൻ ബോംബെ ഹൈക്കോതിയുടെ ഉത്തരവ്. ജസ്റ്റിസ് ജിതേന്ദ്ര ജെയിനിന്റെ സിങ്കിൾ ബെഞ്ചിന്റേതാണ് വിധി. 90 വയസ്സുള്ള തരിണിബെനും 57 വയസ്സുള്ള ധ്വനി ദേശായിയും ചേർന്ന് ഫയൽ ചെയ്ത കേസ് 2046-ന് ശേഷം മാത്രമേ ഇനി പരിഗണിക്കുകയുള്ളൂ എന്നാണ് കോടതിയുടെ ഉത്തരവ്. നിയമപരമായ തർക്കത്തേക്കാൾ ഉപരി ഇത് ഒരു 'അഹന്തയുടെ പോരാട്ടം' ആണെന്നാണ് കോടതിയുടെ നിരീക്ഷണം.
2017ലാണ് തരിണിബെനും ദേശായിയും കിൽകിൽരാജ് ഭൻസാലി ഉൾപ്പെടെയുള്ളവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. 2015-ൽ ശ്യാം കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിനിടെ നടന്ന സംഭവങ്ങളിൽ തങ്ങൾക്ക് മാനസിക വിഷമവും പീഡനവും ഉണ്ടായതായി മാനനഷ്ട കേസിൽ ആരോപിച്ചു. ഇതിന് നഷ്ടപരിഹാരമായി 20 കോടി രൂപയാണ് ആവശ്യപ്പെട്ടത്. കേസിൽ നേരത്തെ മാപ്പ് പറഞ്ഞ് അവസാനിപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ പരാതിക്കാരിയായ 90 കാരി തയ്യാറായിരുന്നില്ല. കേസുമായി മുൻപോട്ട് പോകുമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
ഈ കേസ് നീതിന്യായ വ്യവസ്ഥയെ തടസ്സപ്പെടുത്തുന്നുവെന്നും ജസ്റ്റിസ് ജെയിൻ ശക്തമായ ഭാഷയിൽ വിമർശിച്ചു. തങ്ങളുടെ ജീവിതത്തിന്റെ സന്ധ്യാസമയത്ത് നിൽക്കുന്ന കക്ഷികൾ തമ്മിലുള്ള ഈ അഹന്തയുടെ പോരാട്ടം കാരണം വ്യവസ്ഥ സ്തംഭിക്കുകയാണ്, തൽഫലമായി യഥാർത്ഥത്തിൽ മുൻഗണന അർഹിക്കുന്ന മറ്റ് പ്രധാനപ്പെട്ട കേസുകൾ പരിഗണിക്കാൻ കോടതിക്ക് കഴിയുന്നില്ല, അനാവശ്യമായ ഇത്തരം വാശികൾ കോടതിയുടെ വിലപ്പെട്ട സമയം കവരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പരാതിക്കാരി ഒരു 'സൂപ്പർ സീനിയർ സിറ്റിസൺ' ആയതുകൊണ്ട് മാത്രം കേസിന് മുൻഗണന നൽകാനാവില്ലെന്ന് കോടതി തറപ്പിച്ചു പറഞ്ഞു. "ഈ കാര്യത്തിൽ കൂടുതൽ ഒന്നും പറയാനില്ല, അടുത്ത 20 വർഷത്തേക്ക് ഈ കേസ് പരിഗണിക്കുന്നതല്ല. 2046-ന് ശേഷമുള്ള ഒരു തീയതിയിലേക്ക് ഇത് പട്ടികപ്പെടുത്തുക" എന്നായിരുന്നു കോടതിയുടെ വിധി.









0 comments