കുടുംബവഴക്കിന്റെ പേരിൽ ഭർത്താവ് ജീവനൊടുക്കിയാൽ ഭാര്യ ഉത്തരവാദിയല്ല; നിർണ്ണായക വിധിയുമായി ബോംബെ ഹൈക്കോടതി

മുംബൈ: ദാമ്പത്യപ്രശ്നങ്ങളുടെയോ കുടുംബകലഹങ്ങളുടെയോ പേരിൽ ഒരു വ്യക്തി ജീവനൊടുക്കിയാൽ ഭാര്യയെ ആത്മഹത്യാപ്രേരണ കുറ്റത്തിന് ശിക്ഷിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. സാധാരണ നിലയിലുള്ള ദാമ്പത്യ തർക്കങ്ങളോ, പിണങ്ങി സ്വന്തം വീട്ടിലേക്ക് പോകുന്നതോ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. മറ്റൊരാളെക്കൊണ്ട് ജീവനൊടുക്കിക്കണം എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ പ്രതി പ്രവർത്തിച്ചാൽ മാത്രമേ ആത്മഹത്യാപ്രേരണാ കുറ്റം നിലനിൽക്കൂ എന്ന് ബെഞ്ച് വ്യക്തമാക്കി.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 306-ാം വകുപ്പ് (പുതിയ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 108) പ്രകാരമുള്ള കുറ്റം ചുമത്താൻ ദമ്പതികൾക്കിടയിലെ സാധാരണ അഭിപ്രായവ്യത്യാസങ്ങൾ മതിയായ കാരണങ്ങളല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2019 നവംബറിൽ മഹാരാഷ്ട്രയിലെ അമരാവതിയിൽ ട്രെയിനിന് മുന്നിൽ ചാടി ഒരാൾ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്.
മകന്റെ മരണത്തിന് കാരണം മരുമകളുടെ പീഡനമാണെന്ന് ആരോപിച്ച് പിതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. നിസ്സാര കാര്യങ്ങൾക്ക് വഴക്കിടുക, അറിയിക്കാതെ സ്വന്തം വീട്ടിൽ പോവുക, കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയ ആരോപണങ്ങളാണ് യുവതിക്കെതിരെ ഉന്നയിച്ചിരുന്നത്.
എന്നാൽ, തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജി പരിഗണിച്ച കോടതി, ഇത്തരം പ്രവൃത്തികൾ മാനുഷികമായ ബലഹീനതകളോ ദാമ്പത്യത്തിലെ സ്വഭാവികമായ അസ്വാരസ്യങ്ങളോ മാത്രമാണെന്നും അവ ആത്മഹത്യാപ്രേരണയുടെ പരിധിയിൽ വരില്ലെന്നും വ്യക്തമാക്കി. യുവതിക്കെതിരെയുള്ള കേസും തുടർനടപടികളും കോടതി റദ്ദാക്കി.










0 comments