ലോകത്തിലെ 
പ്രധാന വിമാന 
സർവീസുകൾക്ക്‌ 
പ്രിയങ്കരമായ ബോയിങ്‌ 787–8 ഡ്രീംലൈനർ ആണ്‌ 
അപകടത്തിൽപ്പെട്ടത്‌

അഗ്നിക്കിരയായത്‌ ജനപ്രിയ വിമാനം ; മുന്നറിയിപ്പുകള്‍ 
അവ​ഗണിച്ച് ഡ്രീംലൈനർ

plane crash
വെബ് ഡെസ്ക്

Published on Jun 13, 2025, 01:53 AM | 2 min read


അഹമ്മദാബാദ്‌

വിമാനത്താവളത്തിൽനിന്ന്‌ പറന്നുയർന്നയുടനെ തീഗോളമായത്‌ എയർ ഇന്ത്യയുടെ ബോയിങ്‌ 787–8 ഡ്രീംലൈനർ വിമാനം. ഇന്ധനക്ഷമത, നൂതന സാങ്കേതികവിദ്യ, സുഗമയാത്ര എന്നിവയ്‌ക്ക്‌ ആഗോള തലത്തിൽ പേരുകേട്ട ദീർഘദൂര വിമാനമാണിത്‌. ഈ ശ്രേണിയിലെ വിമാനം ആദ്യമായാണ്‌ അപകടത്തിൽപ്പെടുന്നത്‌.


ഇടത്തരം വലിപ്പമുള്ള, ഇരട്ട എഞ്ചിനുള്ള വൈഡ്-ബോഡി ജെറ്റ് വിമാനമാണിത്. വെളിച്ചം നിയന്ത്രിക്കുന്ന ഇലക്‌ട്രോണിക് ഡിമ്മിങ്‌ ഉള്ള വലിയ വിൻഡോകളും ഇതിന്റെ പ്രത്യേകതകൾ. നൂതനമായ രൂപകൽപ്പനക്കും പേരുകേട്ട ഈ വിമാനം ആദ്യം പറന്നത്‌ 2009 ഡിസംബർ 15ന്‌.


ജനപ്രിയ വിമാനസർവീസുകളായ അമേരിക്കൻ എയർലൈൻസ്‌, ബ്രിട്ടീഷ്‌ എയർവെയ്‌സ്‌, ജപ്പാൻ എയർലൈൻസ്‌, ഖത്തർ എയർവെയ്‌സ്‌, എയർ ഇന്ത്യ, യുനൈറ്റഡ്‌ എയർലൈൻസ്‌ തുടങ്ങിയവ ഉപയോഗിക്കുന്ന പ്രധാന മോഡലാണ് ബോയിങ്‌ 7878 ഡ്രീംലൈനർ.

ശക്തിയേറിയതും ഭാരം കുറഞ്ഞതുമായ കാർബൺ ഫൈബർ -റിഇൻഫോഴ്‌സ്ഡ് കംപോസിറ്റുകൾ ഉപയോഗിച്ചാണ്‌ നിർമിച്ചിരിക്കുന്നത്‌. കുറഞ്ഞ ഇന്ധന ഉപയോഗം, ഉയർന്ന ഈർപ്പം എന്നിവയും സവിശേഷത. ക്രൂ അംഗങ്ങൾക്ക്‌ പുറമെ 242 പേർക്ക്‌ യാത്ര ചെയ്യാം. ഒറ്റയടിക്ക് 13,500 കിലോമീറ്ററിലധികം ദൂരം പറക്കാനും കഴിയും.


ജനപ്രിയമാണെങ്കിലും ഈ മോഡലിന്റെ സാങ്കേതിക, സുരക്ഷാ പ്രശ്‌നങ്ങൾ ചർച്ചയായിരുന്നു. രണ്ടു സംഭവങ്ങളിലായി ജപ്പാൻ വിമാനത്തിന്റെ ലിഥിയം ബാറ്ററി സംവിധാനത്തിന്‌ തീപിടിച്ചിരുന്നു. ഈ അപാകത പരിഹരിക്കുംവരെ യുഎസ്‌ ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ (എഫ്‌എഎ) ഡ്രീംലൈനർ സർവീസ്‌ നിർത്തലാക്കിയിരുന്നു.


വർഷങ്ങളായി ഇവ പറത്തുന്ന പൈലറ്റുമാർ എഞ്ചിൻ ഐസിങ്‌, ജനറേറ്റർ തകരാർ, ഇന്ധന ചോർച്ച തുടങ്ങിയ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.


മുന്നറിയിപ്പുകള്‍ 
അവ​ഗണിച്ച് ഡ്രീംലൈനർ

ബോയിങ്‌ 787 ഡ്രീംലൈനർ 2011-ല്‍ ഇറങ്ങിയശേഷമുള്ള ആദ്യ അപകടമാണ് അഹമ്മദാബാദിലേത്. എന്നാല്‍, ബോയിങ്‌ വിമാനം ഉപയോഗിക്കുന്ന വ്യോമയാന കമ്പനികൾ ബോയിങ്‌ 787-ലെ എന്‍ജിനുകളില്‍ വ്യാപക സാങ്കേതിക പ്രശ്‌നങ്ങൾ ഇതിനോടകം ചൂണ്ടിക്കാട്ടി. ഇതിന്റെ ഫലമായി പല കമ്പനികള്‍ക്കും വിമാനങ്ങൾ നിലത്തിറക്കേണ്ടിവന്നു. എയർ ഇന്ത്യ ഇപ്പോൾ ഏകദേശം 30 ഡ്രീംലൈനറുകൾ ഉപയോ​ഗിക്കുന്നുണ്ട്.


അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) നടത്തിയ അന്വേഷണത്തില്‍ ഡ്രീംലൈനര്‍ വിമാന ശ്രേണിയെക്കുറിച്ചുള്ള വലിയ ആശങ്കകള്‍ പുറത്തുവന്നു. ലോകമെമ്പാടുമുള്ള എല്ലാ 787 ഡ്രീംലൈനറുകളും നിലത്തിറക്കണമെന്ന് കഴിഞ്ഞ വർഷം ബോയിങ്ങിലെ മുന്‍ എന്‍ജിനിയര്‍ സ്ഥാപനത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ സാങ്കേതിക പിഴവ്‌ ചൂണ്ടിക്കാട്ടി മുൻ എന്‍ജിനീയര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ബോയിങ്‌ തള്ളി.


ഡ്രീംലൈനര്‍ 787 ശ്രേണിയില്‍ ഉള്ള 1,100-ലധികം വിമാനങ്ങൾ ലോകത്തിന്റെ പലഭാ​ഗത്തും സര്‍വീസ് നടത്തുന്നു. മിക്ക പ്രധാന അന്താരാഷ്‌ട്ര വ്യോമയാന കമ്പനികളും അവ ഉപയോഗിക്കുന്നു. 2018ലും 2019ലും ഇന്തോനേഷ്യയിലും എത്യോപ്യയിലും 346 പേരുടെ മരണത്തിനിടയാക്കിയ രണ്ട് ബോയിങ്‌ അപകടങ്ങൾ ഉണ്ടായി. അത് ബോയിങ്ങി‍ന്റെ 737 മാക്‌സ്‌ ശ്രേണിയിലുള്ള എന്‍ജിനുകളുമായി ബന്ധപ്പെട്ട പ്രശ്നം മൂലമായിരുന്നു. ഒരു വര്‍ഷത്തിനുശേഷം ഈ ശ്രേണി അപ്പാടെ ബോയിങ് പിന്‍വലിച്ചു. എന്നാല്‍ താമസിയാതെ വീണ്ടും പുറത്തിറക്കി. അവ ഇപ്പോഴും വ്യാപകമായി സര്‍വീസിലുണ്ട്. ഈ രണ്ട് അപകടത്തിലും പ്രോസിക്യൂഷൻ ഒഴിവാക്കാൻ 110കോടി ഡോളർ കെട്ടിവയ്‌ക്കാന്‍ കഴിഞ്ഞമാസം യുഎസ് നീതിന്യായ വകുപ്പുമായി ബോയിങ്‌ കരാറിലെത്തി.


ദുരന്തത്തിൽ 
നടുങ്ങി ബോയിങ്‌

അഹമ്മദാബാദിലെ വിമാനാപകടത്തിൽ നടുങ്ങി വിമാനനിർമാണ കമ്പനിയായ ബോയിങ്‌. അപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ടുകൾ ലഭിച്ചെന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്നും കമ്പനി അറിയിച്ചു. ബോയിങ്‌ 787ന് വിപുലമായ ഫ്ലൈറ്റ് ഡാറ്റ മോണിറ്ററിങ്‌ ഉണ്ട്. റെക്കോഡർ ലഭിച്ചാൽ എന്താണ് സംഭവിച്ചതെന്ന് വളരെ വേഗം അറിയാനാകും.


വിശാലമായ ബോഡിയുള്ള ഇരട്ട എൻജിൻ വിമാനമായ ബോയിങ്‌ 787 ഡ്രീംലൈനറിന്റെ ആദ്യത്തെ അപകടമാണിത്‌. അപകടത്തെ തുടർന്ന്‌ വിപണിയിൽ ബോയിങ്‌ കമ്പനിയുടെ ഓഹരിമൂല്യം ഒമ്പത്‌ ശതമാനം വരെ ഇടിഞ്ഞു. ബോയിങ്ങും യൂറോപ്യൻ എതിരാളിയായ എയർബസും വിമാനങ്ങൾ പ്രദർശിപ്പിക്കുകയും വ്യോമയാനക്കമ്പനികളിൽനിന്ന് ഓർഡറുകൾക്കായി മത്സരിക്കുകയും ചെയ്യുന്ന പ്രധാന പാരീസ് എയർ ഷോ ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ദുരന്തം.



deshabhimani section

Related News

View More
0 comments
Sort by

Home