ad
Deshabhimani

വിശാഖപട്ടണത്ത് വീണ്ടും ദുരന്തം; ആറ് മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി

boat capsizes off Visakhapatnam coast
വെബ് ഡെസ്ക്

Published on Jul 05, 2026, 11:03 AM | 1 min read

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും വീണ്ടും തൊഴിലാളികൾ ദുരന്തത്തിനിരയായ വാര്‍ത്ത. കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശം കാലാവസ്ഥയിലും പെട്ട് മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന ഏഴ് പേരിൽ ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി. ഒരാളെ ആ വഴി വന്ന ആഡംബര കപ്പൽ രക്ഷപെടുത്തി. കാണാതായവർക്കായി ഇന്ത്യൻ കോസ്റ്റ് ഗാർഡും മറൈൻ പോലീസും സംയുക്തമായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.


ജൂലൈ ഒന്നിനാണ് ഏഴംഗ സംഘം മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയത്. ജൂലൈ 4-ന് ഉച്ചയ്ക്ക് 2 മണിയോടെ തിരിച്ചെത്തുമെന്നാണ് വീട്ടുകാരെ അറിയിച്ചിരുന്നത്. പറഞ്ഞ സമയമായിട്ടും സംഘം തിരിച്ചെത്താതിരിക്കുകയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആകുകയും ചെയ്തതോടെയാണ് കുടുംബാംഗങ്ങൾ അധികൃതരെ വിവരമറിയിച്ചത്.


മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് ബോട്ട് അപകടത്തിൽപ്പെട്ടതെന്ന് വൈസാഗ് ഫിഷിംഗ് ബോട്ട് അസോസിയേഷൻ പ്രസിഡന്റ് ലക്ഷ്മൺ റാവു അറിയിച്ചു. കാലവർഷം അടുത്തതോടെ കടലിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയുമായിരുന്നു. ഈ സമയത്ത് ഏകദേശം 400-ഓളം ബോട്ടുകൾ കടലിലുണ്ടായിരുന്നതായും പലതും പ്രതികൂല കാലാവസ്ഥയിൽ പെട്ടതായും വ്യക്തമാക്കി.


Related News

തിരച്ചിൽ ഊർജിതമാക്കാൻ നാവികസേനയുടെ ഹെലികോപ്റ്ററുകളും രംഗത്തിറക്കിയിട്ടുണ്ട്. മറൈൻ പോലീസും വിശാഖപട്ടണം പോലീസും സംയുക്തമായാണ് കടലിൽ തിരച്ചിൽ ഏകോപിപ്പിക്കുന്നത്.

അടുത്തിടെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിലുണ്ടായ വൻ പൊട്ടിത്തെറിയുടെ ഞെട്ടൽ മാറും മുൻപാണ് തീരദേശത്തെയാകെ കണ്ണീരിലാഴ്ത്തി വീണ്ടുമൊരു ദുരന്തവാർത്ത കൂടി എത്തിയിരിക്കുന്നത്. ഉരുകി തിളയ്ക്കുന്ന കൂറ്റൻ ലോഹ ടാങ്ക് മറിഞ്ഞ് എട്ട് തൊഴിലാളികളാണ് തത്സമയം കൊല്ലപ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home