print edition ബിജെപി ഉരുക്കുകോട്ട തകർന്നടിഞ്ഞു

എം പ്രശാന്ത്
Published on Aug 04, 2026, 01:30 AM | 2 min read
ന്യൂഡൽഹി: ജന്തർമന്തറിലെ പ്രക്ഷോഭം ഏറ്റെടുത്ത് രാജ്യമാകെ നടന്ന പ്രതിഷേധങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ബിഹാറിലെ പട്‌നയിലേതായിരുന്നു. പിന്നാലെ പട്‌ന നഗരത്തോട് ചേർന്നുള്ള ബങ്കിപ്പുർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഉരുക്കുകോട്ട തകർന്നടിഞ്ഞു. 2008ൽ രൂപീകരിച്ചശേഷം ഒരിക്കൽ പോലും ബിജെപി തോറ്റിട്ടില്ലാത്ത മണ്ഡലത്തിലാണ് ജൻസുരാജ് പാർടിയുടെ സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്‌ഞനുമായ പ്രശാന്ത് കിഷോർ ജയിച്ചുകയറിയത്. ബിജെപിയുടെ നിലവിലെ ദേശീയ പ്രസിഡന്റ് നിതിൻ നബിൻ 2010 മുതൽ തുടർച്ചയായി വലിയ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചിരുന്നത്. നിതിൻ ബിജെപി അധ്യക്ഷനായതോടെ രാജിവച്ച ഒഴിവിലാണ് ഉപ തെരഞ്ഞെടുപ്പ് നടന്നത്.
ബിജെപിയുടെ കോട്ടയായതിനാൽ മുഖ്യപ്രതിപക്ഷമായ ആർജെഡി തെരഞ്ഞെടുപ്പിനെ ഗൗരവത്തോടെ സമീപിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ജൻസുരാജ് പാർടിയുടെ സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്‌ഞനുമായ പ്രശാന്ത് കിഷോർ രണ്ടുംകൽപ്പിച്ച് മത്സര രംഗത്തെത്തി. എന്നാൽ, ജന്തർമന്തർ പ്രക്ഷോഭത്തോടെ രാജ്യത്തെ രാഷ്‌ട്രീയ സാഹചര്യം മാറിമറിഞ്ഞു.പട്‌നയിൽ എസ്‌എഫ്‌ഐയും എഐഎസ്‌എഫും ഐസയും അടക്കമുള്ള വിദ്യാർഥി സംഘടനകൾ വൻ പ്രക്ഷോഭം നടത്തി. സമരക്കാരെ നേരിടാൻ പൊലീസ് എ കെ 47 ഉപയോഗിച്ചതടക്കം വലിയ വിമർശത്തിന് ഇടയാക്കി. ഇതോടെയാണ് തെരഞ്ഞെടുപ്പിൽ ജനം ബിജെപിയെ തൂത്തെറിഞ്ഞത്.
ബങ്കിപ്പുരിലെ 3.79 ലക്ഷം വോട്ടർമാരിൽ 1.6 ലക്ഷവും ബിജെപിയുടെ ഉറച്ച വോട്ടുബാങ്കായ സവർണ ഹിന്ദുക്കളാണ്. അവിടത്തെ പരാജയം ബിജെപിക്ക് കടുത്ത ആഘാതമാണ്. നിതീഷ് കുമാർ മാറി ബിജെപിയുടെ സമ്രാട്ട് ചൗധുരി മുഖ്യമന്ത്രിയായതിന് പിന്നാലെയുള്ള തോൽവി ഇരട്ടി പ്രഹരവും.
പഴയ പട്‌ന വെസ്റ്റ് മണ്ഡലമായ ബങ്കിപ്പുർ 1995 ൽ നിതിൻ നബിന്റെ അച്‌ഛൻ കിഷോർ പ്രസാദ് സിങ്ങിലൂടെയാണ് ബിജെപിയുടെ നിയന്ത്രണത്തിലാകുന്നത്. തുടർച്ചയായി നാലുവട്ടം കിഷോർ പ്രസാദ് ജയിച്ചു. അദ്ദേത്തിന്റെ മരണശേഷം 2006ൽ നിതിൻ നബിൻ തെരഞ്ഞെടുക്കപ്പെട്ടു. 2008ൽ മണ്ഡല പുന:നിർണയത്തിലൂടെ മണ്ഡലം ബങ്കിപ്പുരായി.
വിഭജന രാഷ്ട്രീയം ചോദ്യംചെയ്യപ്പെടും
അഹങ്കാരവും വിഭജന രാഷ്ട്രീയവും ജനവിരുദ്ധ നയങ്ങളും ചോദ്യംചെയ്യപ്പെടുകതന്നെ ചെയ്യും എന്ന് തെളിയിക്കുന്നതാണ് ബങ്കിപുർ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉണ്ടായ പരാജയമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടി എം എ ബേബി. മൂന്ന് പതിറ്റാണ്ടിലേറെ കൈവശംവച്ച സീറ്റാണ് നഷ്ടമായത്. വിദ്യാർഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലുള്ള ജനവിധിക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. വർഗീയ-, കോർപ്പറേറ്റ് അജന്‍ഡ പരാജയപ്പെടുത്താൻ ജനകീയ സമരങ്ങളെ ശക്തിപ്പെടുത്താനും ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ ശക്തികളുടെ വിശാല ഐക്യം രൂപപ്പെടുത്താനും ഈ കുതിപ്പ് മുന്നോട്ടുകൊണ്ടുപോകണമെന്നും ബേബി എക്സില്‍ കുറിച്ചു.










0 comments