ad
Deshabhimani

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' 2029ൽ? നീക്കം തുടങ്ങി ബിജെപി

one nation one election
വെബ് ഡെസ്ക്

Published on Aug 23, 2026, 05:05 PM | 2 min read

ന്യൂഡൽഹി: ബിജെപിയുടെ സങ്കുചിത രാഷ്‌ട്രീയ അജന്‍ഡയുടെ ഭാഗമായ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ 2029ലെ പൊതുതെരഞ്ഞെടുപ്പിൽ നടപ്പാക്കാൻ നീക്കം. എൻഡിഎ ഭരണത്തിലുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്താനാണ് പദ്ധതിയിടുന്നത്. വരുന്ന ശൈത്യകാല സമ്മേളനത്തിൽ ബിൽ പാസാക്കിയെടുക്കാനുള്ള നീക്കവും കേന്ദ്രസർക്കാർ നടത്തുന്നുണ്ട്.


സംയുക്ത പാർലമെന്ററി സമിതി (ജെപിസി)യുടെ പരി​ഗണനയിലാണ് നിലവിൽ ബിൽ. ഭരണഘടനാ ഭേദ​ഗതി ബിൽ ആയതിനാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ബിൽ പാർലമെന്റിൽ പാസായില്ലെങ്കിൽ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകൾ പിരിച്ചുവിട്ട്, തെരഞ്ഞെടുപ്പിനെ നേരിടുമെന്നും എൻഡിഎ വൃത്തങ്ങൾ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.


ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം, ഒഡീഷ എന്നീ നാല് സംസ്ഥാനങ്ങളില്‍ ലോക്സഭയ്ക്കൊപ്പം തന്നെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ സമയക്രമം ക്രമീകരിക്കുന്നതിനായി നിലവിലെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിയമസഭകൾ പിരിച്ചുവിടേണ്ടി വന്നേക്കും. എന്‍ഡിഎ സഖ്യം അധികാരത്തിലുള്ള 22ല്‍ 11 സംസ്ഥാനങ്ങളിലും അടുത്ത രണ്ടു വര്‍ഷത്തിനുള്ളിലാണ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കേണ്ടത്. പല നിയമസഭകളുടെയും കാലാവധി കാലാവധി മൂന്ന് മുതല്‍ നാല് വര്‍ഷം വരെ വെട്ടിച്ചുരുക്കപ്പെടും. ഡല്‍ഹി പോലുള്ള കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിയമസഭയുടെ കാലാവധി ഒരു വര്‍ഷത്തോളം കുറയും.


ആർഎസ്എസിന്റെ സുപ്രധാന അജൻഡയായ "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ലക്ഷ്യം നേടാനുള്ള ബിൽ 2024 ഡിസംബറിലാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. ഇടതുപക്ഷത്തിന്റെ ഉൾപ്പെടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പിന്നാലെ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിടുകയായിരുന്നു. ഭരണഘടനയുടെ 82, 83, 172, 327 എന്നീ അനുച്ഛേദങ്ങളിലാണ് ഭേദഗതി വരുത്തുന്നത്. ലോക്സഭയിൽ നിന്ന് 27 അംഗങ്ങളും രാജ്യസഭയിൽ നിന്ന് 12 അംഗങ്ങളുമടക്കം 39 പേരാണ് സംയുക്ത പാർലമെന്ററി സമിതിയിലുള്ളത്.


ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്നത് ധാരാളം പണം ലാഭിക്കുമെന്നും വികസന പ്രവർത്തനങ്ങൾ ഇടയ്ക്കിടെ തടസപ്പെടുന്നത് തടയുമെന്നുമാണ്‌ ആർഎസ്എസ്- ബിജെപി കേന്ദ്രസർക്കാർ വാദിക്കുന്നത്. അതേസമയം ഒന്നിച്ച്‌ തെരഞ്ഞെടുപ്പ്‌ നടത്തുകവഴി പ്രചാരണഅജന്‍ഡ തങ്ങൾക്ക്‌ നിശ്‌ചയിക്കാൻ കഴിയുമെന്ന ​ഗൂഡതന്ത്രമാണ് ബിജെപിയുടെ മനസിൽ.


കടുത്ത വിമർശനം


അഞ്ച്‌ വർഷത്തേക്ക്‌ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുക എന്ന ഭരണഘടനാപരമായ അവകാശം നിഷേധിക്കുന്നതാണ്‌ ബിൽ എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. നിയമസഭ തെരഞ്ഞെടുപ്പ്‌ നീട്ടാൻ തെരഞ്ഞെടുപ്പ്‌ കമീഷന്‌ അധികാരം നൽകുന്നത്‌ ഫെഡറലിസത്തിന്‌ നേരെയുള്ള കടന്നാക്രമമാണ്‌. മോദി സർക്കാരിന്റെ കാലത്ത്‌ തെരഞ്ഞെടുപ്പ്‌ കമീഷണർമാരുടെ നിയമനങ്ങളും അവരുടെ തീരുമാനങ്ങളും വിവാദത്തിലായിട്ടുണ്ട്‌.


1967 വരെ ലോക്‌സഭ–-നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാണ്‌ നടന്നത്‌. 1969–-70 കാലത്ത്‌ പല സംസ്ഥാന സർക്കാരുകളും നിലംപതിച്ചതോടെയാണ്‌ ക്രമം തെറ്റിയത്‌. അതിനാൽ ഒരേസമയം തെരഞ്ഞെടുപ്പ്‌ എന്നത്‌ അടിച്ചേൽപിക്കുന്നത്‌ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്‌.


നിയമനിർമാണത്തിനുള്ള സഭയുടെ അധികാരപരിധി ലംഘിക്കുന്നതാണ്‌ ബില്ലിലെ വ്യവസ്ഥകളെന്നും വിമർശനമുണ്ട്. ലോക്‌സഭയുടെ കാലാവധിക്കനുസൃതമായി നിയമസഭകളുടെ കാലാവധി നിശ്‌ചയിക്കാനാവില്ല. നിയമസഭകൾ വേറിട്ടതും തുല്യസ്ഥാനമുള്ളതുമാണ്‌. അമിതമായ കേന്ദ്രവൽകരണമാകും സംഭവിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home