ad
Deshabhimani

‘ഡിലീറ്റ് ചെയ്യില്ല’; പ്രധാന്റെ രാജിയെക്കുറിച്ച് പോസ്റ്റിട്ട ബിജെപി എംപിയുടെ മകളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കാണാനില്ല

archita sarang
വെബ് ഡെസ്ക്

Published on Jul 26, 2026, 04:27 PM | 1 min read

ഭുവനേശ്വർ: വിദ്യാര്‍ഥി-യുവജന പ്രക്ഷോഭത്തെ തുടർന്ന് ധർമേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥാനം രാജിവച്ചതിനെ പിന്തുണച്ച് പോസ്റ്റിട്ട ബിജെപി എംപിയുടെ മകൾക്കെതിരെ പാർടിക്കുള്ളിൽ വിമർശനം. ഭുവനേശ്വർ എംപി അപരാജിത സാരംഗിയുടെ മകൾ അർച്ചിത സച്ചിൻ റഹാറിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇപ്പോൾ കാണാനില്ല. അക്കൗണ്ട് നീക്കംചെയ്യപ്പെട്ടതാണോ പിൻവലിച്ചതാണോ എന്നതിൽ വ്യക്തതയില്ല.


'നീറ്റ് ചോർച്ചാ വിവാദത്തെത്തുടർന്നുള്ള വൻ വിദ്യാർഥി പ്രക്ഷോഭത്തിനിടെ ധർമേന്ദ്ര പ്രധാൻ രാജിവച്ചു' എന്ന കുറിപ്പോടെയാണ് അർച്ചിത ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചത്. പോസ്റ്റ് പിൻവലിക്കണമെന്ന് ധർമേന്ദ്ര പ്രധാന്റെ ഓഫീസിൽനിന്ന് അപരാജിത സാരംഗിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.


എന്നാൽ പോസ്റ്റ് നീക്കില്ലെന്ന് അർച്ചിത വ്യക്തമാക്കി. “എന്റെ സ്റ്റോറി ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് അമ്മയ്ക്ക് വീണ്ടും സന്ദേശമയക്കേണ്ട. മുമ്പും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ബുദ്ധിമുട്ടേണ്ട, ഞാൻ പോസ്റ്റ് നീക്കില്ല. ജയ് ജഗന്നാഥ്, ജയ് ഹിന്ദ്” എന്നായിരുന്നു ധർമേന്ദ്ര പ്രധാന്റെ പിഎയെ അഭിസംബോധന ചെയ്തുള്ള അർച്ചിതയുടെ പ്രതികരണം.


മകൾ സ്വന്തം അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്നും നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും അപരാജിത സാരംഗിയുടെ ഓഫീസ് പ്രതികരിച്ചു. ജെൻ സി തലമുറയിൽപ്പെട്ട ഒരാൾക്ക് സ്വന്തം അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും ഓഫീസ് വ്യക്തമാക്കി.


വിവാദം ശക്തമായതോടെ ധർമേന്ദ്ര പ്രധാനെ പിന്തുണച്ച് അപരാജിത സാരംഗി രംഗത്തെത്തി. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കാൻ വലിയ ധൈര്യം വേണമെന്നും വിഷമകരമായ ഘട്ടത്തിൽ താൻ അദ്ദേഹത്തിനൊപ്പമാണെന്നും അവർ സമൂഹമാധ്യമത്തിൽ കുറിച്ചു.


അതേസമയം, അർച്ചിതയുടെ നിലപാടിനെതിരെ ഒഡിഷയിലെ ബിജെപി നേതാക്കൾ പരസ്യവിമർശനം നടത്തി. കുടുംബാംഗങ്ങളെ നിയന്ത്രിക്കാൻ അപരാജിത സാരംഗി തയ്യാറാകണമെന്നും മകളുടെ പരാമർശത്തിൽ ഒഡിഷയോട് മാപ്പുപറയണമെന്നും ബിജെപി നേതാവ് ജഗന്നാഥ് പ്രധാൻ ആവശ്യപ്പെട്ടു. അച്ചടക്കമുള്ള പാർടിയിൽ ഒരു നേതാവിന്റെ കുടുംബാംഗം മറ്റൊരു നേതാവിനെതിരെ നിലപാടെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മറ്റൊരു മുതിർന്ന നേതാവ് പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home