'ഹോണടിച്ചിട്ടും എന്തേ മാറിത്തന്നില്ല'; അഞ്ച് പേരെ ഇടിച്ചുതെറിപ്പിച്ച് ബിജെപി എംഎൽഎയുടെ മകൻ

ഭോപ്പാൽ: മധ്യപ്രദേശിലെ ശിവപുരിയിൽ ബിജെപി എംഎൽഎയുടെ മകൻ, അഞ്ച് പേരെ ഥാര്‍ ഇടിച്ചുതെറിപ്പിച്ചു. പിച്ചോർ മണ്ഡലത്തിലെ എംഎൽഎ പ്രീതം ലോധിയുടെ മകൻ ദിനേഷ് ലോധിയാണ് മനഃപൂർവം ആളുകളെ ഇടിച്ചുതെറിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 7:30-ഓടെയാണ് സംഭവം. അപകടത്തിന് പിന്നാലെ ഇയാൾ നടത്തിയ പ്രതികരണം വലിയ വിവാദമായിരിക്കുകയാണ്. ഹോണടിച്ചിട്ടും വഴിമാറി തരാത്തതുകൊണ്ടാണ് അവരെ ഇടിച്ചത് എന്നായിരുന്നു ഇയാളുടെ പ്രതികരണം.
അമിതവേഗതയിലെത്തിയ ദിനേഷ് ലോധിയുടെ ഥാർ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കളെയും രണ്ട് കാൽനടയാത്രക്കാരെയും പിന്നിൽ നിന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സഞ്ജയ് പരിഹാർ, ആശിഷ് പരിഹാർ, അൻഷുൽ പരിഹാർ, സീത വർമ്മ, പൂജ സോണി എന്നിവർക്കാണ് പരിക്കേറ്റത്. ജോലിക്കായി തൻര ഗ്രാമത്തിലേക്ക് പോകുകയായിരുന്നു യുവാക്കൾ. പരിക്കേറ്റവരുടെ തലയ്ക്കും തോളുകൾക്കും സാരമായ പരിക്കുണ്ട്.
അപകടത്തിന് ശേഷം രോഷാകുലരായ നാട്ടുകാരോടും പരിക്കേറ്റവരോടും ദിനേഷ് ലോധി തട്ടിക്കയറി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 'ഞാൻ ഹോണടിച്ചു, സൈറൺ മുഴക്കി... എന്നിട്ടും എന്തുകൊണ്ടാണ് ഇവര്‍ വഴിമാറി തരാതിരുന്നത്?' എന്നായിരുന്നു ദിനേഷിന്റെ ചോദ്യം.
ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചവരോട് 'വീഡിയോ ഒന്നും എടുക്കാൻ നിൽക്കണ്ട മോനേ' എന്ന് ഇയാൾ ഭീഷണിപ്പെടുത്തുന്നുമുണ്ട്. എംഎൽഎയുടെ പേരും പദവിയും വാഹനത്തിന്റെ മുൻപിലും പിൻപിലും വലിയ അക്ഷരത്തിൽ പതിപ്പിച്ചിരുന്നു.
സംഭവത്തിൽ കരേര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.










0 comments