സ്ത്രീകൾ ഉൾപ്പടെ അഞ്ച് പേരെ ഇടിച്ച് തെറിപ്പിച്ച് റോഡിൽ ബിജെപി എംഎൽഎയുടെ മകന്റെ ഗുണ്ടായിസം

ബിജെപി എംഎല്‍എയുടെ മകന്‍ (ഇടത്) ഇടിച്ചു തെറിപ്പിച്ച ഥാര്‍ (വലത്)
ഭോപ്പാൽ: കാൽനട യാത്രക്കാരായ സ്ത്രീകൾ ഉൾപ്പടെ അഞ്ച് പേരെ ഇടിച്ച് തെറിപ്പിച്ച് ബിജെപി എംഎൽഎയുടെ മകന്റെ റോഡിലെ അഭ്യാസം. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് സംഭവം. പിച്ചോരിൽ നിന്നുള്ള ബിജെപി എംഎൽഎ പ്രീതം ലോധിയുടെ മകൻ ദിനേഷ് ലോധിയാണ് തന്റെ ഥാർ എസ് യുവി ഉപയോഗിച്ച് ഇടിച്ചു തെറിപ്പിച്ചത്.
ബൈക്കിൽ സഞ്ചരിച്ച മൂന്ന് പുരുഷന്മാരെയും കാൽനടയാത്രക്കാരായിരുന്ന രണ്ട് സ്ത്രീകളെയുമാണ് ഇടിച്ചിട്ടത്. അപകടമുണ്ടാക്കിയ ദിനേഷ് ലോധിയെ നാട്ടുകാർ തടഞ്ഞു വെയ്ക്കുകയും ചോദ്യം ചെയ്യുകയും ചെയ്തപ്പോൾ റോഡിൽ നിന്ന് മാറിയില്ലെന്നും സൈറൺ മുഴക്കിയിട്ടും മാറിയില്ലെന്ന ന്യായീകരണമാണ് നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
സഞ്ജയ് പരിഹാർ, ആശിഷ് പരിഹാർ, അൻഷുൽ പരിഹാർ, സീതാ വർമ്മ, പൂജ സോണി എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഹോണടിച്ചിട്ടും മാറാത്തതിനാലാണ് ഇടിച്ചു തെറിപ്പിച്ചു എന്ന നിലപാടാണ് ദിനേഷ് സ്വീകരിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തുന്നവർക്ക് നേരെ ഭീഷണി ഉയർത്തുകയും ചെയ്യുന്നുണ്ട്. പരിക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തു.










0 comments