ad
Deshabhimani

മുഖത്ത്‌ മൂത്രമൊഴിച്ചെന്നും വൈറസ്‌ കുത്തിവച്ചെന്നും 
ബിജെപി പ്രവർത്തകയുടെ പരാതി

ബിജെപി എംഎൽഎയും കൂട്ടാളികളും കൂട്ടബലാത്സംഗം ചെയ്‌തെന്ന് യുവതി

bjp mla sexual assault case
avatar
അനീഷ് ബാലൻ

Published on May 23, 2025, 02:23 AM | 1 min read


മംഗളൂരു

കർണാടകത്തിലെ മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ മുനിരത്നയും കൂട്ടാളികളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തെന്ന് ബിജെപി പ്രവര്‍ത്തക. തന്നെയും കുടുംബത്തെയും കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തിയെന്നും എംഎൽഎ മുഖത്ത്‌ മൂത്രമൊഴിച്ചെന്നും നാൽപതുകാരി പരാതിയിൽ പറഞ്ഞു. ബംഗളൂരു ആർഎംസി യാർഡ്‌ പൊലീസ്‌ കേസെടുത്തു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.


കള്ളക്കേസിൽ കുടുക്കുകയും പിന്നീട്‌ കേസിൽനിന്ന്‌ രക്ഷപ്പെടുത്താമെന്ന്‌ വിശ്വസിപ്പിക്കുകയും ചെയ്‌തശേഷമായിരുന്നു അതിക്രമമെന്ന് യുവതി പരാതിയില്‍ പറയുന്നു. മുനിരത്നയുടെ കൂട്ടാളികളായ വാസന്ത്‌, കമൽ എന്നിവർ 2023 ജൂൺ 11ന്‌ മത്തിക്കരെയിലെ എംഎൽഎ ഓഫീസിൽ എത്തിച്ചു. മകനെ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തി എംഎൽഎയുടെ കൂട്ടാളികളായ വാസന്തും ചെന്നകേശവയും ബലാത്സംഗം ചെയ്തു. മുനിരത്ന മുഖത്തേക്ക്‌ മൂത്രമൊഴിച്ചു. മുനിരത്ന സിറിഞ്ചുകൊണ്ട്‌ ശരീരത്തില്‍ മാരക വൈറസ്‌ കുത്തിവെച്ചെന്നും പരാതിയിലുണ്ട്‌. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ വൈറസ് ബാധ ഡോക്‌ടർമാർ സ്ഥിരീകരിച്ചെന്ന്‌ യുവതി പൊലീസിനോട്‌ പറഞ്ഞു. മാനസിക പ്രശ്‌നത്തിലായ യുവതി ആത്മഹത്യാശ്രമം നടത്തിയതോടെയാണ്‌ സംഭവം പുറംലോകമറിഞ്ഞത്‌. മുനിരത്ന, കമൽ, വാസന്ത്‌, ചെന്നകേശവ, പേരറിയാത്ത ഒരാൾ എന്നിവർക്കെതിരെയാണ്‌ കേസ്‌.


രാജരാജേശ്വരി നഗറിൽനിന്ന്‌ നാലാം തവണ എംഎൽഎയായ മുനിരത്ന മുൻ മന്ത്രിയും സിനിമാ നിർമാതാവുമാണ്‌. സാമൂഹ്യ പ്രവർത്തകയായ മറ്റൊരു യുവതിയുടെ ബലാത്സംഗ പരാതിയിൽ സെപ്‌തംബറിൽ മുനിരത്നയും ഏഴ്‌ കൂട്ടാളികളും അറസ്റ്റിലായിരുന്നു. റിസോർട്ടിലും ഗോഡൗണിലുംവെച്ച് ബലാത്സംഗം ചെയ്തുവെന്നും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസിലും മുനിരത്ന മുമ്പ് അറസ്റ്റിലായിരുന്നു. മുനിരത്നക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ അന്വേഷണത്തിന്‌ കർണാടക സ്‌പീക്കർ അനുമതി നൽകിയിട്ടുണ്ട്‌. കൈക്കൂലി, ജാതി അധിക്ഷേപം തുടങ്ങിയ ആരോപണങ്ങളും ഇയാൾക്കെതിരെയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home