'രാജ്യത്ത് ബ്രാഹ്മണർ ലക്ഷ്യംവയ്ക്കപ്പെടുന്നു': പരസ്യമായി ജാതീയത പറഞ്ഞ് ബിജെപി എംഎൽഎ

ഭോപ്പാൽ: മധ്യപ്രദേശിൽ പരസ്യമായി ജാതിരാഷ്ട്രീയം ഉയർത്തി മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ ഗോപാൽ ഭാർഗവയുടെ വിവാദ പ്രസ്താവന. രാജ്യത്തെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ദളിത് വിഭാഗങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എംഎൽഎയുടെ ഈ പരാമർശം.
രാജ്യത്ത് ബ്രാഹ്മണ സമൂഹം ബോധപൂർവ്വം ലക്ഷ്യം വെക്കപ്പെടുന്നുവെന്നും അവർക്കെതിരെ ക്രൂരമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്നുമാണ് ഭാർഗവ പറഞ്ഞത്. സാഗറിലെ രവീന്ദ്ര ഭവനിൽ നടന്ന മേധാവി ഛാത്ര സമ്മാൻ സമാരോഹ് എന്ന ചടങ്ങിൽ സംസാരിക്കവെയായിരുന്നു പരാമർശം.
ബ്രാഹ്മണരെ അടിക്കൂ, അവരെ അടിച്ചമർത്തൂ എന്നാണ് പലയിടത്തുനിന്നും കേൾക്കുന്നത്. എല്ലാ നിയമങ്ങളും ബ്രാഹ്മണർക്ക് വിരുദ്ധമായി മാറിക്കൊണ്ടിരിക്കുകയാണ്. വരും തലമുറ എങ്കിലും ഇത് തിരിച്ചറിയണമെന്നുമാണ് ഭാർഗവയുടെ പരാമർശം. യുജിസി ചട്ടങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.
സവർണ്ണ വിഭാഗങ്ങൾക്കെതിരെ രാജ്യവ്യാപകമായി ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെതിരെ സമൂഹം ഉണരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, ഐഎഎസ് ഉദ്യോഗസ്ഥനായ സന്തോഷ് വർമ്മ ബ്രാഹ്മണ വിഭാഗത്തിലെ സ്ത്രീകളെക്കുറിച്ച് നടത്തിയ മോശം പരാമർശത്തിനെതിരെയും ഭാർഗവ രംഗത്തെത്തിയിരുന്നു.
സന്തോഷ് വർമ്മ മാനസികരോഗിയാണെന്നും രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള ഗൂഢാലോചനയാണ് ഇത്തരം പ്രസ്താവനകൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ഭാർഗവയുടെ പ്രസ്താവന സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്.
ബിജെപിയിലെ തന്നെ ഒബിസി നേതാക്കൾക്കിടയിൽ ഈ പരാമർശം അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. രാഷ്ട്രീയ നേട്ടത്തിനായി ജാതി വികാരം ഇളക്കിവിടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.










0 comments