ad
Deshabhimani

'ഞാൻ ആരുടെയും അടിമയല്ല, ജനസേവകനാണ്'; ഹെൽമറ്റില്ലാതെ വന്ന ബിജെപി എംഎൽഎയുടെ സഹോദരന് പൊലീസുകാരന്റെ 'മാസ്' മറുപടി

mp mla brother police mass
വെബ് ഡെസ്ക്

Published on Jan 30, 2026, 01:01 PM | 1 min read

ശിവ്പുരി (മധ്യപ്രദേശ്): ഹെൽമറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത പൊലീസുകാരോട് തട്ടിക്കയറിയ ബിജെപി എംഎൽഎയുടെ സഹോദരന് മാസ് മറുപടി നൽകി കോൺസ്റ്റബിൾ. മധ്യപ്രദേശിലെ ശിവ്പുരിയിലാണ് സംഭവം. ബിജെപി എംഎൽഎയായ രമേഷ് ഖതികിന്റെ സഹോദരൻ ഭാഗ്‌ചന്ദ്ര ഖതികും പൊലീസുകാരും തമ്മിലുള്ള വാഗ്വാദത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.


വ്യാഴാഴ്ച വൈകുന്നേരം നർവാർ പൊലീസ് സ്റ്റേഷന് മുന്നിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് സ്കൂൾ അധ്യാപകൻ കൂടിയായ ഭാഗ്‌ചന്ദ്ര ഖതിക് ഹെൽമറ്റില്ലാതെ ബൈക്കിലെത്തിയത്. പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ ഇയാളുടെ ബൈക്കിന്റെ താക്കോൽ കോൺസ്റ്റബിൾ പർമൽ കുശ്വാഹ ഊരിയെടുത്തു. ഇതോടെ പ്രകോപിതനായ ഭാഗ്‌ചന്ദ്ര പൊലീസുകാരനോട് തട്ടിക്കയറുകയായിരുന്നു. "നിനക്ക് നിയമം അറിയാമോ? എന്റെ വണ്ടിയുടെ താക്കോൽ എടുക്കാൻ നിനക്കെന്ത് അധികാരം?" എന്ന് ഇയാൾ ആക്രോശിച്ചു.


തർക്കം രൂക്ഷമായതോടെ, "ഈ വണ്ടി എന്റെ വീട്ടിൽ എത്തിച്ചു തരണം" എന്ന് ഭാഗ്‌ചന്ദ്ര കൽപ്പിച്ചു. ഇതിന് കോൺസ്റ്റബിൾ രാംവീർ ഭാഗൽ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. "നിന്റെ വീട്ടിൽ വണ്ടി എത്തിക്കാൻ എനിക്ക് സൗകര്യമില്ല. നീ പോയി തൂങ്ങിമരിച്ചാലും ഞാൻ വരില്ല. വേണമെങ്കിൽ എന്റെ യൂണിഫോം ഞാൻ ഇവിടെ ഊരിവെക്കാം. ഞാൻ ആരുടെയും വേലക്കാരനല്ല, ജനങ്ങളെ സേവിക്കാൻ ശമ്പളം വാങ്ങുന്നവനാണ്" എന്നായിരുന്നു പൊലീസുകാരന്റെ മറുപടി.



വീഡിയോ വൈറലായതോടെ പൊലീസുകാരന്റെ ധീരമായ നിലപാടിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഒടുവിൽ മുതിർന്ന ഉദ്യോഗസ്ഥർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് വ്യക്തമാക്കിയ പൊലീസ്, എംഎൽഎയുടെ സഹോദരനെക്കൊണ്ട് ഓൺലൈനായി പിഴ അടപ്പിച്ച ശേഷമാണ് വിട്ടയച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home