സീറ്റ് മാറാന്‍ പറഞ്ഞത് അനുസരിച്ചില്ല ; വന്ദേഭാരതില്‍ യുവാവിനെ ബിജെപി എംഎൽഎ മർദിച്ചു

ന്യൂഡൽഹി
വന്ദേഭാരതിൽ റിസർവ് ചെയ്‌ത സീറ്റിൽനിന്ന് മാറിയിരിക്കണമെന്ന ആവശ്യം നിരസിച്ച യുവാവിനെ ബിജെപി എംഎൽഎയും സംഘവും വളഞ്ഞിട്ടാക്രമിച്ചു. ഉത്തർപ്രദേശ് ഝാൻസിയിലെ എംഎൽഎയായ രാജീവ് സിങ്ങും കൂട്ടാളികളും ഡൽഹിയിൽനിന്ന് ഭോപാലിലേക്ക് പോയ ട്രെയിനിലാണ് അതിക്രമം നടത്തിയത്. രാജീവ് സിങ്ങിന് കംപാർട്ട്‌മെന്റിന്റെ പിന്നിലും ഭാര്യയ്‌ക്കും മകനും മുൻഭാഗത്തുമാണ് സീറ്റുകിട്ടിയത്.
ഇവർക്ക് അടുത്തുള്ള സീറ്റിലുള്ള യുവാവിനോട് മാറിയിരിക്കാൻ രാജീവ് സിങ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായില്ല. സിങ് ഭീഷണിമുഴക്കിയിട്ടും യുവാവ് വഴങ്ങിയില്ല. ഝാൻസി സ്റ്റേഷനിൽ എത്തിയ ട്രെയിനിൽ പാഞ്ഞുകയറിയ സിങ്ങിന്റെ കൂട്ടാളികൾ യുവാവിനെ മർദിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഭാര്യയോടും മകനോടും യുവാവ് അപമര്യാദയായി പെരുമാറിയതാണ് മർദനത്തിന് കാരണമെന്ന് എംഎൽഎ പ്രതികരിച്ചു.










0 comments