ad
Deshabhimani

അയോധ്യ രാമക്ഷേത്രത്തിൽ ഫണ്ട് തട്ടിപ്പ്, ഭക്തരുടെ സംഭാവനകളിൽ കോടികൾ അപ്രത്യക്ഷം; വെളിപ്പെടുത്തി ബിജെപി നേതാവ്

ram temple

അയോധ്യ രാമക്ഷേത്രം (Photo: Reuters)

വെബ് ഡെസ്ക്

Published on Jun 12, 2026, 01:14 PM | 2 min read

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിൽ ഫണ്ട് തട്ടിപ്പുണ്ടെന്നും കേന്ദ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി നേതാവ് ഡോ. രജനീഷ് സിംഗ്. രാജ്യത്തിനകത്തു നിന്നും വിദേശത്തു നിന്നും എത്തുന്ന ഭക്തർ നൽകുന്ന സംഭാവനകളിൽ നിന്നും കോടികളാണ് അപ്രത്യക്ഷമാകുന്നതെന്നും ഇത് ഭക്തരുടെ മതവികാരത്തെ ആഴത്തിൽ മുറിവേൽപ്പിക്കുമെന്നും രജനീഷ് സിം​ഗ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.


സംഭാവനകൾ ശേഖരിക്കൽ, എണ്ണൽ, കൊണ്ടുപോകൽ, ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കൽ എന്നിവയുൾപ്പെടെയുള്ള മുഴുവൻ പ്രക്രിയകളുടെയും പ്രത്യേക ഓഡിറ്റിംഗ് നടത്തണമെന്നാണ് പ്രധാന ആവശ്യം. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കെതിരെ നിഷ്പക്ഷമായ നടപടി സ്വീകരിക്കണമെന്നും സിം​ഗ് ആവശ്യപ്പെട്ടു. സമാജ് വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവ് ഫണ്ട് തട്ടിപ്പിനെതിരെ നേരത്തെ രം​ഗത്ത് വന്നിരുന്നു. അയോധ്യ രാമക്ഷേത്രത്തിലെ ഫണ്ട് തട്ടിപ്പിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സർക്കാരിന്റെ മൗനം സംശയാസ്പദമാണെന്നും അഖിലേഷ് യാദവ് പറഞ്ഞിരുന്നു.


Letter അയോധ്യ രാമക്ഷേത്ര ഫണ്ട് വിവാ​ദത്തിൽ ബിജെപി നേതാവ് രജനീഷ് സിം​ഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത്


പിന്നാലെയാണ് ബിജെപി നേതാവിന്റെ വെളിപ്പെടുത്തൽ. രാമക്ഷേത്ര ഫണ്ട് വിവാദം കത്തി നിൽക്കുന്നതിനിടെ രാമക്ഷേത്ര നിർമാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര ചൊവ്വാഴ്ച അയോധ്യയിലെത്തുകയും രാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ വെച്ച് ഏകദേശം നാല് മണിക്കൂർ നീണ്ട അടച്ചിട്ട മുറിയിലെ ചർച്ച നടത്തിയതും വിവാ​ദത്തെ കൂടുതൽ ബലപ്പെടുത്തി. രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും മറ്റ് ട്രസ്റ്റ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തതായാണ് വിവരം.


ബിജെപി നേതാവ് ഡോ. രജനീഷ് സിംഗിന് പിന്നാലെ ആർഎസ്എസ് നേതാവും ബിജെപി അംഗം കൂടിയായ അലഹബാദ് ഹൈക്കോടതി അഭിഭാഷകൻ മുരളി ധർ സിംഗും, സംഭാവനകളിൽ നടന്നുവെന്ന് പറയപ്പെടുന്ന സാമ്പത്തിക ദുരുപയോഗത്തെയും തട്ടിപ്പിനെയും കുറിച്ച് ഉന്നതതലത്തിലുള്ള ഒരു കേന്ദ്ര ഏജൻസി നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തയച്ചു. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (CAG) മുഖേന ഒരു ഓഡിറ്റിംഗ് നടത്തണമെന്നും മുരളി ധർ സിം​ഗ് ആവശ്യപ്പെട്ടു.





1982 മുതൽ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (RSS) ഭാഗമായ മുരളി ധർ സിംഗ് രാമക്ഷേത്ര പ്രസ്ഥാനത്തിലും പങ്കാളിയായിരുന്നു. രാമക്ഷേത്ര നിർമാണ വേളയിൽ ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി മീഡിയ മാനേജ്‌മെന്റിന്റെ ചുമതല വഹിച്ചിരുന്നത് താനായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ക്ഷേത്ര ജീവനക്കാരുടെ പങ്കാളിത്തം ഉൾപ്പെടെ, ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച സംഭാവനകളിൽ തട്ടിപ്പ് നടന്നതായുള്ള റിപ്പോർട്ടുകൾ കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തിനേറ്റ പ്രഹരമാണെന്ന് മുരളി ധർ സിംഗ് പറഞ്ഞു.


Letter അയോധ്യ രാമക്ഷേത്ര ഫണ്ട് വിവാദത്തിൽ ആർഎസ്എസ് നേതാവും ബിജെപി അംഗം കൂടിയായ അലഹബാദ് ഹൈക്കോടതി അഭിഭാഷകൻ മുരളി ധർ സിം​ഗ് പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ ഭാ​ഗം


സംഭവത്തിൽ ഇതുവരെയും ട്രസ്റ്റ് അം​ഗങ്ങൾ പ്രതികരിച്ചിട്ടില്ല. ട്രസ്റ്റിന്റെ മൗനം അഴിമതി യഥാർത്ഥത്തിൽ നടന്നിട്ടുണ്ടെന്ന സംശയത്തെ വർധിപ്പിക്കുന്നു. ഇതിൽ അന്വേഷണം തന്നെ വേണമെന്നും രജനീഷ് സിം​ഗ് മാധ്യമങ്ങളോട് പ്രതികരിച്ചു. ആരോപണങ്ങൾ സത്യമാണെങ്കിൽ അവ സാധാരണ സാമ്പത്തിക കുറ്റകൃത്യങ്ങളല്ലെന്ന് അദ്ദേഹം പറഞ്ഞു. അയോധ്യ രാമക്ഷേത്രം ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തിന്റെയും ഭക്തിയുടെയും ആരാധനയുടെയും കേന്ദ്രമാണ്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ഭക്തർ തങ്ങളുടെ ഭക്തിക്കനുസരിച്ച് ഇവിടെ സംഭാവനകൾ നൽകുന്നുണ്ട്. സംഭാവനകൾ ദുരുപയോഗം ചെയ്യുകയോ, തട്ടിയെടുക്കുകയോ അല്ലെങ്കിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തുകയോ പോലുള്ള സംഭവങ്ങൾ സത്യമാണെന്ന് തെളിഞ്ഞാൽ അത് സാമ്പത്തിക കുറ്റകൃത്യം മാത്രമല്ല, ഭക്തരുടെ മതവികാരത്തെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന കാര്യമാണെന്ന് രജനീഷ് സിം​ഗ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. സംഭവം വിവാദമായതോടെ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട് തേടി.







deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home