ad
Deshabhimani

print edition ബിജെപിയുടേത്‌ സങ്കുചിത രാഷ്ട്രീയ അജൻഡ: മഹിളാ അസോസിയേഷൻ

aidwa
വെബ് ഡെസ്ക്

Published on Apr 13, 2026, 12:00 AM | 1 min read

ന്യൂഡൽഹി : ​വനിതാസംവരണവും മണ്ഡല പുനർനിർണയവും പോലെയുള്ള സുപ്രധാനവിഷയങ്ങൾ ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ അജണ്ടയാക്കി ചുരുക്കരുതെന്ന്‌ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്‌ത്രീകൾക്ക്‌ മൂന്നിൽ ഒന്ന്‌ സംവരണം നിർബന്ധമാക്കണമെന്ന നിലപാടിൽ ഉറച്ചുനിന്നിട്ടുള്ള ജനാധിപത്യ മഹിളാ അസോസിയേഷൻ അതിനുവേണ്ടി ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്‌. വനിതാസംവരണത്തെ മണ്ഡലപുനർനിർണയത്തോടും സെൻസസിനോടും കൂട്ടിക്കെട്ടുന്നതിനോട്‌ കടുത്ത വിയോജിപ്പുകൾ ഉണ്ടായിട്ടും 2023ൽ വനിതകൾക്ക്‌ മൂന്നിൽ ഒന്ന്‌ സംവരണം ഉറപ്പാക്കുന്ന ബിൽ പാസാക്കുന്നതിനെ മഹിളാ അസോസിയേഷൻ പിന്തുണച്ചു.


ബിൽ പാസായെങ്കിലും വനിതാസംവരണം യാഥാർഥ്യമാകാൻ വർഷങ്ങൾ എടുക്കുമെന്നത്‌ അന്നുതന്നെ ഉറപ്പായിരുന്നു. എന്നാൽ, ഇപ്പോൾ 2011 സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തി പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും സീറ്റുകൾ വർധിപ്പിച്ച്‌ മണ്ഡല പുനർനിർണയം പൂർത്തിയാക്കി വനിതാസംവരണം നടപ്പാക്കാനാണ്‌ മോദിസർക്കാരിന്റെ പുതിയ നീക്കം. പ്രതിപക്ഷ പാർടികളുമായി കൂടിആലോചിക്കാതെയും സർവകക്ഷിയോഗം വിളിക്കണമെന്ന ആവശ്യം തള്ളിയുമാണ്‌ സർക്കാരിന്റെ ഇ‍ൗ നീക്കം. കാലഹരണപ്പെട്ട സെൻസസ്‌ കണക്കുകളുടെ അടിസ്ഥാനത്തിൽ മണ്ഡലപുനർനിർണയം നടത്തുന്നതും സീറ്റുകൾ വർധിപ്പിക്കുന്നതും ആശങ്കാജനകമാണ്‌.


സംസ്ഥാനസർക്കാരുകളുമായി കൂടിആലോചിക്കാതെ ഇത്തരം നീക്കങ്ങൾ നടത്തുന്നത്‌ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കുന്ന അവസരത്തിൽ തന്നെയുള്ള മോദിസർക്കാരിന്റെ നീക്കം അവരുടെ സങ്കുചിത രാഷ്ട്രീയഅജണ്ട വ്യക്തമാക്കുന്നു. ഇ‍ൗ സാഹചര്യത്തിൽ‍,‍ ബന്ധപ്പെട്ട എല്ലാ പാർടികളുമായും സംസ്ഥാനസർക്കാരുകളുമായും വിശാലമായ കൂടിആലോചനകൾ നടത്തണമെന്നും മഹിളാഅസോസിയേഷൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home