ad
Deshabhimani

print edition ബിജെപി സർക്കാരുകൾ നിശ്ചലം: വിഷപ്പുക നിറഞ്ഞ്‌ ഡൽഹി ജനജീവിതം ദുരിതത്തിൽ‌

delhi air pollution
വെബ് ഡെസ്ക്

Published on Dec 15, 2025, 12:00 AM | 1 min read

ന്യൂഡൽഹി: വായു മലിനീകരണം അതിരൂക്ഷമായതോടെ വിഷപ്പുക നിറഞ്ഞ്‌ ഡൽഹിയിൽ ജനജീവിതം ദുസ്സഹമായി. ഞായറാഴ്‌ച 39 വായുഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങളിലും സൂചിക ഗുരുതര വിഭാഗമായ 400 പിന്നിട്ടു. രോഹിണിയിൽ എക്യുഐ 499 രേഖപ്പെടുത്തി. കുറഞ്ഞ താപനില 8.2 ഡിഗ്രിയാണ്‌. ശൈത്യം കടുത്തതിന്‌ പിന്നാലെ പുകമഞ്ഞ്‌ ശക്തമായി. കാഴ്‌ചപരിധി കുറഞ്ഞത് വാഹന ഗതാഗതവും താളംതെറ്റിച്ചു.


കാറ്റിന്റെ അഭാവവും സൂര്യപ്രകാശം ശക്തമായി ലഭിക്കാത്ത സാഹചര്യവുമാണ്‌ സ്ഥിതി ഗുരുതരമാക്കിയത്‌. അപ്രഖ്യാപിത ആരോഗ്യ അടിയന്തരാവസ്ഥയ്‌ക്ക്‌ സമാനമായി സ്ഥിതി മാറിയിട്ടും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര, ഡൽഹി സർക്കാരുകൾ കാര്യക്ഷമമായി ഇടപെടുന്നില്ല. നിരീക്ഷണ കേന്ദ്രങ്ങളിൽ വെള്ളം തളിച്ച്‌ എക്യുഐ വിവരങ്ങളിൽ തിരിമറി കാട്ടുന്ന വിവരവും പുറത്തുവന്നു. അന്താരാഷ്‌ട്ര ഏജൻസികൾ നൽകുന്ന വായു ഗുണനിലവാര സൂചികകൾ ആധികാരികമല്ലെന്നും കേന്ദ്രസർക്കാർ വാദിക്കുന്നു. നിലവിൽ നാലാംഘട്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തി നിർമാണങ്ങളടക്കം തടഞ്ഞിട്ടുണ്ട്‌. വായു മലിനീകരണം ചൂണ്ടിക്കാട്ടി മുൻ എഎപി സർക്കാരിനെതിരെ ‘ഗ്യാസ്‌ ചേംബർ’ പ്രചാരണം നടത്തിയാണ് ബിജെപി അധികാരത്തിലെത്തിയത്.

15 ശതമാനം മരണവും വിഷപ്പുകമൂലം


​ഡൽഹിയിൽ ഒരുവർഷം രേഖപ്പെടുത്തുന്ന മരണങ്ങളിൽ 15 ശതമാനവും വായു മലിനീകരണം മൂലമാണ്‌ സംഭവിക്കുന്നതെന്ന്‌ 2023ൽ ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് പഠനം കണ്ടെത്തിയിരുന്നു. വിഷപ്പുക ശ്വാസകോശ, ഹൃദയ സംബന്ധ രോഗങ്ങൾക്ക്‌ പുറമേ പക്ഷാഘാതം, ഡിമെൻഷ്യ, ഹോർമോൺ തകരാർ, രോഗപ്രതിരോധശേഷി ദുർബലപ്പെടുത്തൽ, കുട്ടികളിൽ വളർച്ച മുരടിപ്പ്‌, ആജീവനാന്ത ശ്വാസകോശ പ്രശ്‌നങ്ങൾ എന്നിവയ്‌ക്ക്‌ കാരണമാകുന്നുവെന്നും പഠനം പറയുന്നു. വീടുകളിൽ തുടരാനും മാസ്‌ക്‌ ധരിക്കാനുമാണ്‌ ഡോക്‌ടർമാരുടെ ഉപദേശം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home