print edition പിന്നാക്ക, ന്യൂനപക്ഷ സ്‌കോളർഷിപ് വെട്ടി ബിജെപി സർക്കാർ

ന്യൂഡൽഹി: ന്യൂനപക്ഷ, പിന്നാക്ക വിഭാഗ വിദ്യാർഥികൾക്കായുള്ള സ്‌കോളർഷിപ്പുകൾ വെട്ടിക്കുറച്ച് ബിജെപി സർക്കാർ. മുൻ വർഷത്തെ അപേക്ഷിച്ച് 2025–26ൽ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ലഭിക്കുന്ന എസ്‌സി വിദ്യാർഥികളുടെ എണ്ണം വലിയ തോതിൽ ഇടിഞ്ഞു.
2024–25ൽ 48 ലക്ഷം ഗുണഭോക്താക്കൾ ഉണ്ടായിരുന്നത് 2025–26ൽ 36 ലക്ഷമായി കുറഞ്ഞു. 76 ലക്ഷം വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഇക്കാര്യത്തിൽ പാർലമെന്റിന്റെ സാമൂഹ്യ നീതി സ്ഥിരം സമിതി കടുത്ത ആശങ്ക അറിയിച്ചു.
ന്യൂനപക്ഷ വിദ്യാർഥികൾക്കായുള്ള സ്‌കോളർഷിപ്പ് തുക ന്യൂനപക്ഷ മന്ത്രാലയം കൃത്യമായി വിനിയോഗിക്കുന്നില്ലെന്ന കണക്കും പുറത്തുവന്നു. 2020–21ൽ 5029 കോടി രൂപയാണ് ബജറ്റിൽ ന്യൂനപക്ഷ സ്‌കോളർഷിപ്പിനായി നീക്കിവെച്ചത്. എന്നാൽ 3998.56 കോടി മാത്രമാണ് ചെലവഴിച്ചത്. 3183.24 കോടിയാണ് 2024–25 വർഷം അനുവദിച്ചത്. ചെലവഴിച്ചതാവട്ടെ 1396.01 കോടി മാത്രവും.
2021–22ന് ശേഷം സംസ്ഥാനങ്ങളിലുടനീളം അനുവദിച്ച ന്യൂനപക്ഷ സ്‌കോളർഷിപ്പുകളുടെ എണ്ണത്തിലും കുറവുണ്ടായി. കൂടാതെ 2022–23 മുതൽ പ്രീ-മെട്രിക് സ്കോളർഷിപ്പുകൾ ഒൻപത്, പത്ത് ക്ലാസുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തി.
മുൻപ് ഒന്നുമുതൽ പത്ത് വരെയുള്ള വിദ്യാർഥികൾക്കായിരുന്നു. പെൺകുട്ടികൾക്കായുള്ള ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പ് പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പുമായി ലയിപ്പിക്കുകയും ചെയ്തു.











0 comments