ad
Deshabhimani

print edition ഉപതെരഞ്ഞെടുപ്പ്‌ തോൽവികളുടെ ഞെട്ടലിൽ ബിജെപി; ജന്തർമന്തർ പ്രക്ഷോഭം പ്രതിഫലിച്ചെന്ന് വിലയിരുത്തൽ

amitshah and modi

നരേന്ദ്രമോദിയും അമിത്ഷായും

avatar
സ്വന്തം ലേഖകൻ

Published on Aug 05, 2026, 01:32 AM | 1 min read

ന്യൂഡൽഹി: ജന്തർമന്തർ പ്രക്ഷോഭത്തിനുപിന്നാലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയതോടെ വെല്ലുവിളിക്കപ്പെടുന്നത്‌ മോദി– അമിത്‌ ഷാ കൂട്ടുക്കെട്ടിന്റെ അപ്രമാധിത്വം. ജന്തർമന്തർ പ്രക്ഷോഭത്തിന്റെ പ്രതിഫലനമാണ്‌ ഉപതെരഞ്ഞെടുപ്പിൽ പ്രകടമായതെന്ന വിലയിരുത്തൽ സംഘപരിവാറിലെ ഒരുവിഭാഗത്തിനുമുണ്ട്‌. പുതിയ തലമുറ ചോദ്യങ്ങൾ ചോദിക്കുമെന്നും അവരോട്‌ യുക്തസഹമായി വിശദീകരിക്കുകയാണ്‌ വേണ്ടതെന്നും ആർഎസ്എസ്‌ തലവൻ മോഹൻ ഭാഗവത്‌ പറഞ്ഞിരുന്നു. ജന്തർമന്തർ പ്രക്ഷോഭത്തെ സർക്കാർ കൈകാര്യംചെയ്‌ത രീതിയെ പരോക്ഷമായി വിമർശിക്കുകയാണ്‌ ഭാഗവത്‌ ചെയ്‌തത്‌.


ബിഹാറിലും മധ്യപ്രദേശിലും ബിജെപി തോറ്റത്‌ അവരുടെ ശക്തികേന്ദ്രങ്ങളിലാണ്‌. 1995 മുതൽ ബിജെപി തുടർച്ചയായി ജയിക്കുന്ന മണ്ഡലമാണ്‌ പട്‌ന നഗരത്തിലെ ബങ്കിപ്പുർ. ബിജെപി ദേശീയ പ്രസിഡന്റ്‌ നിതിൻ നബിനാണ്‌ കഴിഞ്ഞ അഞ്ച്‌ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ജയിച്ചത്‌. എട്ടുമാസം മുമ്പ്‌ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 52000 വോട്ടായിരുന്നു ഭൂരിപക്ഷം. ഇക്കുറി ഇരുപതിനായിരത്തിനടുത്ത്‌ വോട്ടുകൾക്കാണ്‌ ജൻസുരാജ്‌ പാർടിയുടെ പ്രശാന്ത്‌ കിഷോർ ബിജെപിയെ അട്ടിമറിച്ചത്‌. ഏത്‌ പ്രതികൂല സാഹചര്യത്തിലും ജയിക്കേണ്ട മണ്ഡലമാണ്‌ ബിജെപിക്ക്‌ നഷ്ടമായത്‌. നിതീഷ്‌ കുമാറിനെ മാറ്റി ബിജെപിയുടെ സമ്രാട്ട്‌ ച‍ൗധുരി മുഖ്യമന്ത്രിയായി നാലുമാസം മാത്രം പിന്നിടുമ്പോഴാണ്‌ ശക്തികേന്ദ്രത്തിൽ സംഘപരിവാറിന്‌ കാലിടറിയത്‌. ജന്തർമന്തർ പ്രക്ഷോഭവും മറ്റും നഗരവോട്ടർമാരെ ഏതുവിധം സ്വാധീനിച്ചിട്ടുണ്ടെന്നതിന്‌ ഉദാഹരണംകൂടിയാണ്‌ ഇ‍ൗ ഫലം.


2008 മുതൽ തുടർച്ചയായി മൂന്നുവട്ടം ബിജെപിയുടെ നരോത്തം മിശ്ര ജയിച്ച മണ്ഡലമാണ്‌ മധ്യപ്രദേശിലെ ദതിയ. 2023 ലെ തെരഞ്ഞെടുപ്പിൽ മിശ്ര കോൺഗ്രസിനോട്‌ തോറ്റു. കോൺഗ്രസ്‌ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ്‌ അസാധുവാക്കപ്പെട്ടതിനെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌. മുതിർന്ന നേതാവായ മിശ്ര വീണ്ടും സീറ്റ്‌ പ്രതീക്ഷിച്ചെങ്കിലും തഴയപ്പെട്ടു. ഇതും ബിജെപിയുടെ പരാജയത്തിന്‌ കാരണമായിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home