print edition മഴക്കെടുതി ആനുകൂല്യമില്ലാതെ മത്സ്യത്തൊഴിലാളികൾ; തീരത്തെ ദുരിതം കാണാതെ സർക്കാർ


വി എസ് വിഷ്‌ണുപ്രസാദ്
Published on Aug 05, 2026, 02:21 AM | 1 min read
തിരുവനന്തപുരം: മഴക്കെടുതിയിൽ മരിച്ചവർക്ക് ആനുകൂല്യം പ്രഖ്യാപിച്ച മുഖ്യമന്ത്രി വി ഡി സതീശൻ മത്സ്യത്തൊഴിലാളികളെ മറന്നു. കൂടുതൽ മരണമുണ്ടായത് തീരദേശത്താണ്. മത്സ്യബന്ധനത്തിനിടെ കടലിൽവീണ് മരിക്കുന്നവർക്ക് കഴിഞ്ഞ എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച കരുതലും മറന്നു. കടലിൽവീണ് മരിക്കുന്ന തൊഴിലാളിയുടെ കുടുംബത്തിനുള്ള നഷ്‌ടപരിഹാരം മുൻ എൽഡിഎഫ് സർക്കാർ 20 ലക്ഷം രൂപയിൽനിന്ന് 30 ലക്ഷം രൂപയാക്കി ഉയർത്തിയിരുന്നു. കുട്ടികൾക്ക് ജോലി നൽകുമെന്നും ഉറപ്പുനൽകി.
തിങ്കളാഴ്‌ച വി ഡി സതീശൻ നടത്തിയ വാർത്താസമ്മേളനത്തിൽ ഇൗ ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചില്ല. ഏഴ് മത്സ്യത്തൊഴിലാളികളാണ് മഴക്കെടുതിയിൽ മരിച്ചത്. രണ്ടുപേരെ കണ്ടെത്താനുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു. മത്സ്യബന്ധന യാനങ്ങൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുകയും ചെയ്‌തു. ഇവരെയും മറ്റുള്ളവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയാണ് മുഖ്യമന്ത്രി നഷ്‌ടപരിഹാരം പ്രഖ്യാപിച്ചത്. ഇതിനെതിരെ തീരദേശവാസികൾ പ്രതിഷേധമുയർത്തി.
മഴക്കെടുതിയിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നാശനഷ്‌ടങ്ങളുണ്ടായവർക്കും പിണറായി സർക്കാർ പ്രഖ്യാപിച്ച നഷ്‌ടപരിഹാരവും ആനുകൂല്യങ്ങളും നൽകണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടു.









0 comments