ഭരണവിരുദ്ധ വോട്ടുകളെ ചിതറിച്ച് ഇരുവരും തങ്ങളെ സഹായിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൻഡിഎ
പ്രശാന്ത് കിഷോറും ഒവൈസിയും ബിജെപിയുടെ പ്രതീക്ഷ

പ്രശാന്ത് കിഷോർ, അസദുദ്ദീൻ ഒവെെ സി
എം പ്രശാന്ത്
Published on Oct 09, 2025, 04:01 AM | 2 min read
ന്യൂഡൽഹി
ബിഹാറിൽ ശക്തമായ ഭരണവിരുദ്ധ വികാരം ചെറുക്കാന്‍ എൻഡിഎ മുന്നണി പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് രണ്ട് പാർടികളെ. രാഷ്‌ട്രീയ തന്ത്രജ്ഞൻ എന്നവകാശപ്പെടുന്ന പ്രശാന്ത് കിഷോർ നയിക്കുന്ന ജൻ സുരാജ് പാർടിയും ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവെെസിയുടെ എഐഎംഐഎമ്മും ഭരണവിരുദ്ധ വോട്ടുകളെ ചിതറിച്ച് തങ്ങളെ സഹായിക്കുമെന്ന വിശ്വാസത്തിലാണ് എൻഡിഎ. മോദി അനുകൂല മാധ്യമങ്ങൾ ഇതിനോടകം തന്നെ പ്രശാന്ത് കിഷോറിന് "ബിഹാർ തെരഞ്ഞെടുപ്പിലെ കറുത്ത കുതിര'യെന്ന വിശേഷണം ചാർത്തി. ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎമ്മാകട്ടെ ന്യൂനപക്ഷ വോട്ടർമാർ കൂടുതലായുള്ള സീമാഞ്ചൽ ജില്ലകൾക്ക് പുറമെ മിഥിലാഞ്ചൽ മേഖലയിലും സ്ഥാനാർഥികളെ നിർത്തുമെന്ന് പ്രഖ്യാപിച്ചു.
ബിജെപിയിലൂടെ തുടങ്ങിയ പ്രശാന്ത് കിഷോർ
2012ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേഷ്‌ടാവായാണ് പ്രശാന്ത് കിഷോറിന്റെ രംഗപ്രവേശം. പിന്നാലെ 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലും മോദിയുടെയും സംഘപരിവാറിന്റെയും വിജയത്തിനായി കുതന്ത്രം മെനഞ്ഞു. ഇപ്പോള്‍ കേരളത്തിൽ കോൺഗ്രസിനെ സഹായിക്കുന്ന സുനിൽ കനഗോലുവും അന്ന് സംഘപരിവാറിനായി പ്രശാന്ത് കിഷോറിനൊപ്പമുണ്ടായിരുന്നു. ബിജെപിക്ക് പുറമെ മറ്റുചില വലതുപക്ഷ പാർടികളെ കൂടി കിഷോർ തെരഞ്ഞെടുപ്പുകളിൽ സഹായിച്ചു.
2022ൽ ജൻ സുരാജ് സംഘടനയ്‌ക്ക് രൂപം നൽകി രാഷ്‌ട്രീയരംഗത്തേക്ക് കടന്നു. സോഷ്യലിസ്റ്റ് ചിന്താഗതിക്ക് ആധിപത്യമുള്ള ബിഹാറാണ് തട്ടകമാക്കിയത്. സംസ്ഥാന വ്യാപകമായി പദയാത്രകൾ നടത്തി. ലാലുവും തേജസ്വിയും നിതീഷുമാണ് മുഖ്യമായും ആക്രമിക്കപ്പെട്ടത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ എൻഡിഎയ്‌ക്ക് വലിയ വിജയമുണ്ടാകാൻ കിഷോറിന്റെ ഇടപെടലും കാരണമായി. പിന്നാലെ ആ വർഷം ഒക്‌ടോബറിൽ ജൻ സുരാജ് രാഷ്‌ട്രീയ പാർടിയായി മാറി. ഇപ്പോൾ ഭരണവിരുദ്ധ വോട്ടുകൾ ചിതറിക്കുകയെന്ന ലക്ഷ്യത്തോടെ 243 സീറ്റിലും മൽസരിക്കാനുള്ള ഒരുക്കത്തിലാണ് ഇൗ സംഘപരിവാർ ‘ഒളിപ്പോരാളി’.
ന്യൂനപക്ഷ വോട്ട് ചിതറിക്കാൻ ഒവൈസി
ബിഹാറിൽ ആർജെഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ ഉറച്ച പിൻബലമായ ന്യൂനപക്ഷ വോട്ടുകളെ ചിതറിക്കുകയാണ് ഒവൈസിയുടെ ഏക ലക്ഷ്യം.
2020 തെരഞ്ഞെടുപ്പിൽ ആർഎൽഎസ്‌പി, ബിഎസ്‌പി പാർടികളുമായി ചേർന്നുമത്സരിച്ച് സീമാഞ്ചൽ ജില്ലകളിലായി അഞ്ചുസീറ്റുകൾ നേടി. കിഷൻഗഞ്ച്, കട്ടിഹാർ, അരാരിയ, പുർണിയ എന്നീ സീമാഞ്ചൽ ജില്ലകളിൽ 55 ശതമാനം ന്യൂനപക്ഷ വോട്ടർമാരാണ്. സീമാഞ്ചലിന് പുറമെ മിഥിലാഞ്ചലിലെ മണ്ഡലങ്ങളിൽ കൂടി മൽസരിച്ച് എൻഡിഎയെ കൂടുതൽ ‘സഹായി’ക്കാനാണ് ഒവൈസി ഒരുങ്ങുന്നത്.








0 comments