ബിഹാർ രണ്ടാംഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച: പരസ്യപ്രചാരണം അവസാനിച്ചു

ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൻ്റെ പരസ്യപ്രചാരണം അവസാനിച്ചു. 122 മണ്ഡലങ്ങളാണ് ചൊവ്വാഴ്ച വിധി എഴുതുന്നത്. രണ്ടാം ഘട്ടത്തിൽ 20 ജില്ലകളിലായി ആകെ 122 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 1,302 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. അതിൽ ഏകദേശം പത്ത് ശതമാനം, 136 പേർ മാത്രമാണ് സ്ത്രീകൾ. 45,399 കേന്ദ്രങ്ങളിലായി പോളിംഗ് നടക്കും. വോട്ടർമാരുടെ എണ്ണം 3.70 കോടിയാണ്. 1.95 കോടി പുരുഷന്മാരും 1.74 കോടി സ്ത്രീകളും.

പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ തീവ്രവർഗീയ പ്രചാരണം രൂക്ഷമാക്കി ബിജെപി. ഒന്നാം ഘട്ടത്തിൽ പോളിങ് കൂടിയതോടെ പിന്നോക്കം പോയേക്കുമെന്ന ആശങ്കയാണ് തീവ്രവർഗീയതയിലേക്ക് തിരിയാൻ മോദിയെയും ഷായെയും പ്രേരിപ്പിച്ചത്. ഒന്നാംഘട്ടത്തിൽ 64.66 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണിത്. 2020നെ അപേക്ഷിച്ച് ഒന്നാംഘട്ടത്തിൽ 8.5 ശതമാനമാണ് വർധന. ബെഗുസരായ്‌യിലാണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്– 67.32 ശതമാനം. 52.36 ശതമാനം രേഖപ്പെടുത്തിയ ഷെയ്‌ക്ക്‌പുരയിലാണ് കുറവ്.
അതേസമയം ബിജെപി വ്യാപകമായി വോട്ട്‌തട്ടിപ്പിന് ശ്രമിക്കുന്നുവെന്ന് ആക്ഷേപം ഉയർന്നിട്ടുള്ള ബിഹാറിൽ കെട്ടുകണക്കിന് വിവിപാറ്റ് സ്ലിപ്പുകൾ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സമസ്‌തിപ്പുർ ജില്ലയിലെ സരായ്‌രഞ്‌ജൻ മണ്ഡലത്തിലാണ് വിവിപാറ്റ് സ്ലിപ്പുകൾ വഴിയരികിൽ കണ്ടെത്തിയത്. ആർജെഡി പ്രവർത്തകരാണ് സംഭവം പുറത്തുവിട്ടത്. മോക്ക് പോളിങ്ങിലെ സ്ലിപ്പുകളാണിതെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണം. പിഴവു പറ്റിയ അസിസ്‌റ്റന്റ് റിട്ടേണിങ് ഓഫീസറെ സസ്‌പെൻഡ് ചെയ്‌തെന്നും മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ വിശദീകരിച്ചു.








0 comments