ബിഹാറിൽ നിതീഷ് യുഗം അവസാനിക്കുന്നു, നിയമസഭാ അംഗത്വം ഒഴിഞ്ഞു

പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭാ അംഗത്വം രാജിവച്ചു. ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ അവധേഷ് നാരായൺ സിങ് രാജി സ്ഥിരീകരിച്ചു. ഏപ്രിൽ 10ന് അദ്ദേഹം രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്.
മാർച്ച് 16 ലെ തെരഞ്ഞെടുപ്പിലൂടെയാണ് നിതീഷ് കുമാർ രാജ്യസഭാ അംഗത്വം ഉറപ്പിച്ചത്. പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് 14 ദിവസത്തിനകം സംസ്ഥാന നിയമസഭയിലെ അംഗത്വം രാജിവയ്ക്കേണ്ടത് നിർബന്ധമാണ്. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറിനിൽക്കണം.
നിതീഷ് കുമാറിന്റെ രാജിക്ക് തലേന്ന് ജനതാദൾ (യുണൈറ്റഡ്) ലെ മുതിർന്ന നേതാക്കൾ പട്നയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ യോഗം ചേർന്നിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമി ആരായിരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലായിരുന്നു. ഈ അവസ്ഥയിലാണ് നേതാക്കൾ അദ്ദേഹവുമായി ചർച്ച നടത്തിയത്.

ഇരുപത് വർഷത്തെ ഭരണ നേതൃത്വം
ബിഹാർ രാഷ്ട്രീയത്തിലെ അതികായകനായ നിതീഷ് കുമാറിന്റെ ഏകദേശം ഇരുപത് വർഷം നീണ്ട മുഖ്യമന്ത്രി പദവിയുടെ അന്ത്യം കുറിച്ചുകൊണ്ടായിരുന്നു രാജ്യസഭയിലേക്കുള്ള മാറ്റിയിരുത്തൽ. 76വയസ് പിന്നിട്ട നിതീഷ് കുമാര്‍ പത്താമത് തവണയാണ് സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയത്. 2005മുതൽ ചെറിയ ഒരു ഇടവേളയിൽ ഒഴികെ അദ്ദേഹം പദവിയിലുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മറവിയും ആരോഗ്യ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
മാർച്ച് 5 ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് അദ്ദേഹം രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. രാഷ്ട്രീയ പാര്‍ടികളെ സഖ്യത്തിലെടുക്കുകയും അവയെ സാവധാനം വിഴുങ്ങുകയും ചെയ്യുന്ന ബിജെപി തന്ത്രമാണ് നിതീഷിന്റെയും പടിയിറക്കത്തോടെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്.
വോട്ട് ബാങ്ക് ഉൾപ്പെടെ അടിച്ചുമാറ്റാൻ
നിതീഷ് കുമാറിനെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് മാറ്റി, അദ്ദേഹത്തിന്റെ സോഷ്യൽ ഇഞ്ചിനീയറിംഗ് മോഡലും വോട്ട് ബാങ്കും തങ്ങളുടെ പക്കലാക്കുക എന്നതാണ് ബിജെപിയുടെ തന്ത്രമായി വിലയിരുത്തപ്പെടുന്നത്. നിതീഷ് കുമാറിന്റെ പിന്തുണക്കാരായിരുന്ന അതിപിന്നോക്ക വിഭാഗങ്ങൾ, കുർമി-കോയറി വിഭാഗങ്ങൾ, വനിതാ വോട്ടർമാർ തുടങ്ങിയവരെ ആകർഷിക്കാനുള്ള നീക്കം നേരത്തെ തന്നെ ബിജെപി തുടങ്ങി വെച്ചിരുന്നു.
ബിഹാർ രാഷ്ട്രീയത്തിലെ നിതീഷ് കേന്ദ്രിതമായ കൂട്ടുകെട്ട് രാഷ്ട്രീയത്തിന് വിരാമമാകുകയും ഇനി ബിജെപിയും ആർജെഡിയും തമ്മിലുള്ള നേരിട്ടുള്ള ദ്വി ധ്രുവ മത്സരത്തിലേക്ക് സംസ്ഥാനം നീങ്ങുകയും ചെയ്യും എന്നും നിരീക്ഷിക്കപ്പെടുന്നു.
നിതീഷ് കുമാറിനെ രാജ്യസഭയിലേക്ക് അയച്ചതിലൂടെ ബിജെപി അദ്ദേഹത്തെയും ബിഹാറിലെ ജനങ്ങളെയും ചതിച്ചുവെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് വിമര്‍ശിച്ചിരുന്നു. മഹാരാഷ്ട്ര മാതൃകയിൽ ഒരു കാലയളവിലേക്ക് മാത്രം നിതീഷിനെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിച്ച ശേഷം ബിജെപി ഇടപെട്ട് അദ്ദേഹത്തെ നീക്കുകയാണ് ചെയ്തതെന്നും തേജസ്വി ആരോപിക്കയുണ്ടായി.
അതേസമയം നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിനെ അടുത്ത മുഖ്യമന്ത്രിയായി പ്രൊജക്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ജെഡിയുവിനകത്ത് നിന്നും ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം രാഷ്ട്രീയ രംഗത്ത് വന്നത് തന്നെ ഈ വര്‍ഷമാണ്. സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് നിഷാന്ത് കുമാർ. ബിഐടി മെസ്‌റയിൽ നിന്നായിരുന്നു ബിരുദം നേടിയത്. പിതാവിന്റെ രാഷ്ട്രീയ ജീവിതത്തിൽ നിന്ന് അകലം പാലിച്ച് കഴിയുകയായിരുന്നു.
കസേരയിൽ കണ്ണും നട്ട്
ജെഡിയുവിന് ഡെപ്യൂട്ടി സിഎം, സ്പീക്കർ തുടങ്ങിയ സ്ഥാനങ്ങളും മന്ത്രിസഭയിൽ മതിയായ പ്രാതിനിധ്യവും വാഗാദാനം ചെയ്താണ് ബിജെപി കരുക്കൾ നീക്കി തുടങ്ങിയത്. നിതീഷിന് ഒപ്പമുള്ളവര്‍ തന്നെ ഈ അവസരങ്ങൾ കാത്തിരിക്കുന്നു.
നിലവിലെ ഡെപ്യൂട്ടി സിഎം സാംരാട്ട് ചൗധരിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും ഉയര്‍ന്നിട്ടുള്ള പേര്. കോറി സമുദായത്തിൽ നിന്നുള്ള ഇദ്ദേഹം ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്ത് വരികയാണ്. അമിത് ഷായുമായുള്ള അടുപ്പവും പാർട്ടിയിലെ സ്വാധീനവും ഇദ്ദേഹത്തിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു .
യാദവ സമുദായത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി കൂടിയായ നിത്യാനന്ദ് റായുടെ പേരും ഇതിനിടെ ഉയര്‍ന്നു വന്നു. ഇദ്ദേഹം ആർഎസ്എസ് പശ്ചാത്തലമുള്ള നേതാവാണ്. സഞ്ജീവ് ചൗരസ്യ, ദിലീപ് ജയ്സ്വാൾ, മംഗൾ പാണ്ഡേ തുടങ്ങിയ മറ്റ് നേതാക്കളും സജീവമായി രംഗത്തുണ്ട്.










0 comments