അമ്മ വിളിച്ചാൽ പറന്നെത്തും; ഉത്സവത്തിനായി മുഴുവൻ ശമ്പളവും നൽകി വെൽഡറായ യുവാവ് നാട്ടിലെത്തി

ചെന്നൈ: അമ്മ വിളിച്ചതോടെ നാട്ടിലെ ഉത്സവത്തില്‍ പങ്കെടുക്കാനായി ഒരു മാസത്തെ മുഴുവൻ ശമ്പളവും നൽകി വിമാനത്തിൽ ചെന്നൈയിൽ നിന്നും നാട്ടിലെത്തി യുവാവ്. ഒരു മാസത്തെ മുഴുവൻ ശമ്പളവും നൽകി വിമാന ടിക്കറ്റെടുത്ത് നാട്ടിലെ ഉത്സവം ആഘോഷിക്കാൻ ജന്മനാട്ടിലേക്ക് പറന്നെത്തിയ സത്യാരോഹൻ കുമാർ എന്ന യുവാവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ബീഹാർ സ്വദേശിയായ സത്യാരോഹൻ ചെന്നൈയിൽ വെൽഡറായി ജോലി ചെയ്യുകയാണ്. വരാനിരിക്കുന്ന ഉത്സവം പ്രമാണിച്ച് സ്വന്തം ഗ്രാമമായ പട്നയിലേക്ക് മടങ്ങാനാണ് സത്യാരോഹൻ ശമ്പളം വിമാന ടിക്കറ്റിനായി മാറ്റിവെച്ചത്. ഇൻസ്റ്റഗ്രാമിൽ സത്യാരോഹൻ 'അമ്മയുടെ സ്നേഹത്തോളം വരില്ല പ്രവാസം' എന്ന തലക്കെട്ടോടെ പങ്കുവെച്ച വിമാനയാത്രയുടെ വീഡിയോ നിരവധി ആളുകളാണ് ഇതിനോടകം കണ്ടത്.
സത്യാരോഹന്റെ ഈ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ ഉണ്ടാകുന്നുണ്ട്. സാമ്പത്തിക ബാധ്യതകളുള്ള ഒരു സാധാരണ പ്രവാസി തൊഴിലാളിയെ സംബന്ധിച്ച് ഒരു മാസത്തെ മുഴുവൻ വരുമാനവും യാത്രയ്ക്കായി ഉപയോഗിക്കുന്നത് പ്രായോഗികമല്ലെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.
താൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം എങ്ങനെ ചെലവഴിക്കണം എന്നത് അദ്ദേഹത്തിന്റെ പൂർണ സ്വാതന്ത്ര്യമാണ്. പണം സമ്പാദിക്കുന്നത് കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കാനാണെന്നും, സാമ്പത്തിക ലാഭത്തേക്കാൾ വൈകാരിക സന്തോഷങ്ങൾക്ക് മുൻഗണന നൽകിയ സത്യാരോഹൻ അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും ചിലർ വാദിക്കുന്നു.









0 comments