print edition അഫാഖ് ആലം കോൺഗ്രസിന്റെ ‘സീറ്റിന് കോഴ’യുടെ ഇര

ന്യൂഡൽഹി: ഹരിയാനയിൽ സീറ്റ് വാഗ്‌ദാനം ചെയ്‌ത് കോൺഗ്രസ് നേതാക്കൾ കോടികൾ തട്ടിയ ആരോപണം ചൂടുപിടിക്കുന്പോൾ ബിഹാറിലെ മുൻ മന്ത്രിയും എംഎൽഎയും മുതിർന്ന നേതാവുമായ മുഹമദ് അഫാഖ് ആലത്തിനോട് ചെയ്‍ത ചതി ചർച്ചയാകുന്നു. പുർണിയയിലെ കസ്‌ബ മണ്ഡലത്തിൽനിന്ന് നാലുവട്ടം എംഎൽഎയായ മുൻ മന്ത്രി അഫാഖ് ആലം കോൺഗ്രസിന്റെ ‘സീറ്റിന് കോഴ’യുടെ ഇരയാണ്.
2025ലെ തെരഞ്ഞെടുപ്പിലും മികച്ച ജയം ഉറപ്പിച്ചിരുന്ന ആലത്തിന് അവസാനനിമിഷം സീറ്റ് നിഷേധിച്ചത് പ്രവർത്തകരെ ഒന്നടങ്കം അന്പരപ്പിച്ചിരുന്നു. പിന്നാലെ ബിഹാർ കോൺഗ്രസ് അധ്യക്ഷൻ രാജേഷ്‌റാം, ബിഹാറിന്റെ ചുമതലയുള്ള പ്രവർത്തകസമിതി അംഗം കൃഷ്‌ണ അല്ലാവരു, നിയമസഭാകക്ഷി നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ തുടങ്ങിയവർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി അദ്ദേഹം രംഗത്തെത്തി.
‘പണം വാങ്ങി ടിക്കറ്റ് വിതരണം ചെയ്യുന്നു. ചോദിച്ച പണം കൊടുത്തവർക്ക് ആദ്യപരിഗണന ലഭിക്കുന്നു. പണം കൊടുക്കാത്തത് കൊണ്ടാണ് ടിക്കറ്റ് നിഷേധിച്ചത് ’’ –അദ്ദേഹം തുറന്നടിച്ചു.പ്രതിഷേധം അവഗണിച്ച് കസ്‌ബയിൽ പപ്പുയാദവിന്റെ അനുയായിയായ മുഹമദ് ഇർഫാൻ ആലത്തെ മത്സരിപ്പിച്ചു. എൻഡിഎയിലെ എൽജെപി (രാംവിലാസ് പസ്വാൻ വിഭാഗം) നേതാവ് നിതേഷ്‌കുമാർ സിങ് ജയിച്ചു.
61 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ആറ് സീറ്റിൽ ഒതുങ്ങിയതിന്റെ കാരണവും മറ്റൊന്നല്ല. ‘കൃഷ്‌ണാ അല്ലാവരു ആർഎസ്‌എസ് ഏജന്റ്’ ആണെന്നും അയാൾ ഉടൻ ബിഹാർ വിടണമെന്നും ആവശ്യപ്പെട്ട് പട്‌നയിൽ കോൺഗ്രസുകാർ വലിയ പ്രകടനം നടത്തി. സീറ്റ് കച്ചവടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അഫാഖ് ആലം ഉൾപ്പടെയുള്ളവർ പരാതി നൽകിയെങ്കിലും രാഹുൽ ഗാന്ധി അവഗണിച്ചു.
‘ജയിച്ച 6 എംഎൽഎമാരും എൻഡിഎയിലേക്ക് ’
ബിഹാറിൽ കോൺഗ്രസിന്റെ ആകെയുള്ള ആറ് എംഎൽഎമാരും ജെഡിയുവിലോ ബിജെപിയിലോ ചേരാൻ തക്കം പാർത്തിരിക്കുകയാണ്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടുചെയ്‌ത മൂന്ന് എംഎൽഎമാർക്ക് എതിരെ നടപടിയെടുത്തിട്ടില്ല. നടപടിയെടുത്താൽ അതിന്റെ പേരിൽ നേതാക്കൾ മറുകണ്ടം ചാടുമെന്ന് നേതൃത്വം ഭയക്കുന്നു. ബാക്കിയുള്ള മൂന്ന് എംഎൽഎമാർ ബിജെപി, ജെഡിയു നേതാക്കളുമായി നിരന്തരം സന്പർക്കത്തിലാണ്.










0 comments