ബിഹാറിലെ 38 ജില്ലകളിലായി 40 ലക്ഷത്തിലധികം മുസാഹർ വിഭാഗക്കാരുണ്ട്. അവരുടെ ഉന്നമനത്തിനായി കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ ഉണ്ടായെങ്കിലും താഴേത്തട്ടിൽ മാറ്റം ഉണ്ടായില്ല
print edition അതിദാരിദ്ര്യത്തിന്റെ തീച്ചൂടിൽ ബിഹാർ

ബിഹാർ ജിത്‌വാർപുരിലെ മുസാഹർ വിഭാഗക്കാരായ ബിന്ദാ സദയും പുർണിയാ ദേവിയും കുട്ടികളും കുടിലിനുമുന്നിൽ ഫോട്ടോ: പി വി സുജിത്

എം അഖിൽ
Published on Nov 02, 2025, 03:51 AM | 2 min read
ജിത്‌വാർപുർ (ബിഹാർ)
പട്‌നയിൽനിന്ന് 93 കിലോമീറ്റർ അകലെ ജിത്‌വാർപുരിലെ മുസാഹർ കോളനിയിലെത്തിയപ്പോൾ പ്രതീക്ഷിച്ച ദൃശ്യങ്ങൾ തന്നെ. ദുർബലരായ സ്‌ത്രീകൾ, അവശരായ കുട്ടികൾ. നൂറിലധികം കുടിലുകൾക്ക് മുന്നിലേക്ക് മലവും ചെളിയും ചാണകവും ചവിട്ടാതെ എത്തുകവയ്യ. മുളങ്കോലുകളും മരപ്പലകകളും കട്ടിച്ചാക്കുകളും കൂട്ടിക്കെട്ടിയാണ് ചുവരുകൾ. മേൽക്കൂരയായി വൈക്കോലും പനന്പട്ടയും ടാർപോളിനും. കുടിലിനകത്തേക്ക് കയറാൻ തിക്കിത്തിരക്കുന്ന മലിനജലം ചട്ടികൊണ്ട് കോരിക്കളയുന്ന തിരക്കിലാണ് ചില വീട്ടമ്മമാർ. ഇൗച്ചകൾ മൂളിയാർക്കുന്നു. വേപ്പുമരച്ചുവട്ടിൽ ചീട്ടുകളിക്കുന്ന യുവാക്കൾ.
ഒരു കുടിലിന് മുന്നിൽ എത്തിയപ്പോൾ ഞങ്ങള്‍ക്ക് കൂട്ടുവന്ന രാംലല്ലൻ റായ് നിന്നു. അത് ബിന്ദാസദയുടെയും പുർണിയാദേവിയുടെയും കുടിലാണ്. ‘‘കോളനി കാണാൻ കേരളത്തിൽനിന്ന് വന്നവരാണ്.’’ രാംലല്ലൻ പറഞ്ഞപ്പോൾ പുർണിയാദേവി മുളവാതിൽ നിരക്കിനീക്കി അകത്തേക്ക് ക്ഷണിച്ചു. രണ്ടാൾക്ക് ഒന്നിച്ച് നിൽക്കാൻ ഇടമില്ല. വായുസഞ്ചാരമോ വെളിച്ചമോ ഇല്ലാത്ത ഒറ്റമുറി. ബിന്ദാസദയും ഭാര്യയും മൂന്ന് ചെറിയ കുട്ടികളും ഒരു കൈക്കുഞ്ഞും വളർത്തുനായയും പാർക്കുന്നത് ഇതിനുള്ളിൽ. കുഷ്‌ഠം ബാധിച്ച് വിരലുകള്‍ അറ്റ മകളും കുടുംബവുമാണ് തൊട്ടപ്പുറത്തെ കുടിലില്‍.
പ്രഭാതകൃത്യങ്ങളും മറ്റുമുള്ള ഇടം എവിടെയെന്ന് തിരക്കിയപ്പോൾ, ബിന്ദാസദ പുറത്തേക്ക് വിരൽചൂണ്ടി. വിശാലമായ വെളിമ്പ്രദേശം, അതിനപ്പുറം റെയിൽപ്പാളം. ഭൂപ്രഭുക്കളുടെ പാടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളാണ് ഭൂരിഭാഗവും. പണിയുള്ള ദിവസം 200 രൂപയും ഭക്ഷണവും. കുട്ടികൾ സ്‌കൂളിൽ പോകുന്നില്ല. ‘സ്‌കൂളിലും കോളേജുകളിലും പോയിട്ട് എന്തിനാണ്? ഞങ്ങൾക്കാർക്കും ഒരു ചാൻസും കിട്ടാൻ പോകുന്നില്ല’–ചീട്ടുകളിക്കുന്ന ചെറുപ്പക്കാർ പറഞ്ഞു.
അടുത്തെങ്ങും നല്ല ആശുപത്രിയില്ല. തെരുവുവിളക്കുകൾ കത്താൻ മാത്രം വൈദ്യുതിയുണ്ട്. ‘‘ആർക്ക് വോട്ട് ചെയ്യും?’’ ബിന്ദാസദ മേൽവരിയിൽ മൂന്നോ നാലോ പല്ലുകൾ മാത്രം ശേഷിച്ച മോണ കാട്ടി പ്രതികരിച്ചു. ‘‘ 200നും 500നും വോട്ട് വിൽക്കുകയാണ് പതിവ്. പിന്നെ ദാരു(മദ്യം)വും കിട്ടും’’–രാംലല്ലൻ റോയ് സ്വകാര്യം പറഞ്ഞു.
ബിഹാറിലെ 38 ജില്ലകളിലായി 40 ലക്ഷത്തിലധികം മുസാഹറുകളുണ്ട്. മുസാഹര്‍ എന്നാല്‍ എലിയെ പിടിക്കുന്നവര്‍ എന്നര്‍ഥം. 2007ൽ നിതീഷ്‌കുമാർ ദളിത് വിഭാഗങ്ങളിലെ ഏറ്റവും ദുർബലർക്കാര്‍ക്കായി ‘മഹാദളിത്’ വിഭാഗമുണ്ടാക്കിയപ്പോള്‍ മുസാഹറുകളുമുൾപ്പെട്ടു. ഇവർക്കായി കോടികളുടെ പദ്ധതികൾ ഉണ്ടായെങ്കിലും താഴേത്തട്ടിൽ മാറ്റമൊന്നുമുണ്ടായില്ല. ‘സബ്‌കുച്ഛ് കാഗസോം മേ ഹീ രഹ്താ ഹേ’ (എല്ലാം കടലാസിൽ മാത്രം) –രാംലല്ലൻ പറഞ്ഞു.









0 comments