കോൺഗ്രസ് ഓർക്കുന്നുണ്ടോ, ബാഗേൽ ഭരണത്തിലെ ക്രൈസ്‌തവ വേട്ട

ന്യൂഡൽഹി
കന്യാസ്‌ത്രീകളെ അറസ്റ്റ്‌ചെയ്‌ത വിഷയത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് ദേശീയ, സംസ്ഥാന നേതാക്കൾ ഭൂപേഷ് ബാഗേൽ സർക്കാരിന്റെ കാലത്തെ വലിയ ക്രൈസ്‌തവ വേട്ടകൾ മനപൂർവം മറച്ചുവയ്‌ക്കുന്നു. 2022 ഡിസംബറിൽ ക്രിസ്‌മസ് വേളയിൽ ഛത്തീസ്‌ഗഡിലെ പല ജില്ലകളിലും തീവ്രഹിന്ദുത്വവാദികൾ ക്രൈസ്‌തവരെ വേട്ടയാടി. പള്ളികൾ ആക്രമിച്ചു. ക്രിസ്‌തുവിന്റെയും മാതാവിന്റെയും രൂപങ്ങൾ തകർത്തു. ക്രിസ്‌തുമത വിശ്വാസികളായ ആദിവാസികളെ നിഷ്‌ഠുരമായി മർദിച്ചു.
അന്നും ‘നിർബന്ധിത മതപരിവർത്തന’മടക്കം ആരോപിച്ച് തീവ്ര ഹിന്ദുത്വ സംഘടനകൾ അഴിച്ചുവിട്ട ആക്രമണങ്ങൾ തടയാനോ കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനോ ഭൂപേഷ് ബാഗേൽ ഒന്നും ചെയ്‌തില്ല. ക്രിസ്‌മസ് വേളയിലെ ക്രൂരമായ ക്രൈസ്‌തവ വേട്ടയെക്കുറിച്ചറിഞ്ഞ് സിപിഐ എം നേതാവ് ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം 2023 ജനുവരി ആദ്യം ഛത്തീസ്‌ഗഡിലെത്തി. നടപടികൾ സ്വീകരിക്കാത്ത കലക്‌ടർമാരെയും എസ്‌പിമാരെയും കണ്ട് കടുത്ത അതൃപ്‌തി രേഖപ്പെടുത്തി.
ആക്രമണത്തിന്റെ ഭീകരതയും അധികൃതരുടെ നിഷ്‌ക്രിയത്വവും ചൂണ്ടിക്കാട്ടി ബൃന്ദ വിശദമായ നിവേദനം തയ്യാറാക്കി മുഖ്യമന്ത്രിയായിരുന്ന ഭൂപേഷ് ബാഗേലിന് നൽകി. മതപരിവർത്തനം നടന്നതിന് തെളിവൊന്നുമില്ലെന്ന് അതിൽ വ്യക്തമാക്കിയിരുന്നു. ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ബാഗേൽ ഉറപ്പുനൽകിയെങ്കിലും പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ കസേര തെറിച്ചു. 2023 ഡിസംബറിൽ ബിജെപി സർക്കാർ അധികാരമേറ്റതോടെ ക്രൈസ്‌തവ വേട്ട പതിന്മടങ്ങ് വർധിച്ചു.









0 comments