പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചു: മകനെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായ സുചന സേത്തിനെതിരെ വീണ്ടും കേസ്

പനാജി : നാലു വയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന സുചന സേത്തിനെതിരെ വീണ്ടും എഫ്ഐആർ. പൊലീസ് കോൺസ്റ്റബിളിനെ ആക്രമിച്ചതിനാണ് കേസ്. നിലവിൽ ഗോവയിലെ കോൾവാളെ സെൻട്രൽ ജയിലിൽ വിചാരണ നേരിടുകയാണ് സുചന. ജയിലിലെ വനിത ബ്ലോക്കിൽ വച്ച് സുചന പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചെന്നാണ് പുതിയ കേസ്.
ഏപ്രിൽ 7 ന് രാവിലെ 11.30 ഓടെ അനുവാദമില്ലാതെ സുചന സേത്ത് വനിതാ തടവുകാരുടെ ബ്ലോക്കിലെ ഇൻവേഡ് രജിസ്റ്റർ ബലമായി എടുത്തതായി പൊലീസ് പറയുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾ സവിത നാവു വരക് ഇത് തടഞ്ഞപ്പോൾ സുചന അസഭ്യം പറയുകയും ഉപദ്രവിക്കുകയുമായിരുന്നു.
കൃത്യനിർവഹണം തടസപ്പെടുത്തിയെന്നു കാണിച്ച് ബിഎൻഎസ് സെക്ഷൻ 121(1), 352 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജയിൽ അധികൃതർ സംഭവത്തിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ബംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എഐ സ്റ്റാർട്ടപ്പ് കമ്പനിയുടെ സിഇഒ ആയ സുചനയെ 2024 ജനുവരിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാലു വയസുള്ള മകനെ കൊലപ്പെടുത്തിയ കേസിലായിരുന്നു അറസ്റ്റ്. ഗോവയിലുള്ള ഹോട്ടലിൽ വച്ചായിരുന്നു കൊലപാതകം. മകനെ കൊന്ന് സ്യൂട്ട്കേസിലാക്കിയ ശേഷം ബംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് സുചനയെ അറസ്റ്റ് ചെയ്തത്.










0 comments