ad
Deshabhimani

ആർസിബി വിജയാഘോഷ ദുരന്തം: തടിതപ്പി സർക്കാർ; മുഖ്യമന്ത്രിയുടെ പൊളിറ്റക്കൽ സെക്രട്ടറിയെ പുറത്താക്കി

rcb stampede
വെബ് ഡെസ്ക്

Published on Jun 06, 2025, 09:27 PM | 2 min read

ബം​ഗളൂരൂ : ഐപിഎൽ വിജയാഘോഷത്തിനിടെ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഉദ്യോ​ഗസ്ഥരെ ബലിയാടാക്കി തടിതപ്പി കർണാടക സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പൊളിറ്റിക്കൽ സെക്രട്ടറി കെ ഗോവിന്ദരാജിനെ പുറത്താക്കി. ബംഗളൂരു പൊലീസ്‌ കമീഷണർ ബി ദയാനന്ദ, അഡീഷണൽ കമീഷണർ വികാസ്‌ കുമാർ, ഡിസിപി ശേഖർ എച്ച്‌ തെക്കണ്ണാവർ, അസിസ്റ്റന്റ് കമീഷണർ ബാലകൃഷ്‌ണ, സിഐ ഗിരീഷ്‌ എന്നിവരെ സസ്‌പെൻഡ്‌ ചെയ്‌തു. മുന്നൊരുക്കമില്ലാതെ പരിപാടി നടത്തരുതെന്ന്‌ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉപദേശിച്ചിരുന്നെന്ന്‌ വെളിപ്പെടുത്തിയ പൊളിറ്റക്കൽ സെക്രട്ടറിയെയാണ് പുറത്താക്കിയത്. രഹസ്യാന്വേഷണ മേധാവിയെയും മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്.


പൊലീസിന്റെ മുന്നറിയിപ്പുകളെ അവ​ഗണിച്ചാണ് പരിപാടി നടത്തി ​ദുരന്തമുണ്ടാക്കിയതെന്നുള്ള വിവരങ്ങൾ പുറത്തുവന്നതിനിടെയാണ് തടിതപ്പാനുള്ള സർക്കാരിന്റെ നീക്കം. അനിയന്ത്രിതമായ ആൾക്കൂട്ടം എത്തുമെന്നതിനാൽ മതിയായ സുരക്ഷാക്രമീകരണങ്ങൾ നടത്താൻ സമയമില്ലെന്നു കാണിച്ച് പൊലീസ് പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു. തലേ രാത്രിയോളം ആഘോഷം തുടർന്നതിനാൽ ബുധൻ പുലർച്ചവരെ പൊലീസുകാർ ഡ്യൂട്ടിയിലായിരുന്നെന്നും പകൽ ആഘോഷ പരിപാടി നടത്തരുതെന്നും അടുത്ത ദിവസങ്ങളിലേക്ക്‌ മാറ്റണമെന്നും പൊലീസ്‌ സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ മുന്നറിയിപ്പുകൾ വകവെക്കാതെയാണ് പരിപാടിയുമായി സർക്കാരും കർണാടക ക്രിക്കറ്റ് അസോസിയേഷനും സംഘാടകരായ ഡിഎൻഎ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡും മുന്നോട്ടുപോയി ദുരന്തം വിളിച്ചുവരുത്തിയത്.


ആഘോഷത്തിന്‌ രേഖാമൂലം അനുമതി നിഷേധിച്ചില്ലെന്നും പരിപാടി നടന്നപ്പോൾ വേണ്ടത്ര സുരക്ഷ ഒരുക്കിയില്ലെന്നും ആരോപിച്ചാണ്‌ പൊലീസ്‌ ഉദ്യോഗസ്ഥർക്കെതിരെ നടപടി. സർക്കാരിന്റെ വീഴ്‌ച മറച്ചുവെക്കാൻ പൊലീസുകാരെ ബലിയാടുകളാക്കുന്നതിനെതിരെ സേനയ്‌ക്കകത്തും പൊതുജനങ്ങൾക്കിടയിലും അമർഷം ശക്തമാണ്‌. സംഭവവുമായി ബന്ധപ്പെട്ട് ആർ‌സി‌ബി മാർക്കറ്റിംഗ് ഉദ്യോഗസ്ഥനെയും ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎൻഎ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ മൂന്ന് അംഗങ്ങളെയും അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.


ബുധനാഴ്ച ഐപിഎൽ 2025 ഫൈനലിൽ കിരീടം നേടിയ ആർസിബി കളിക്കാർക്കുള്ള അനുമോദന ചടങ്ങിൽ പങ്കെടുക്കാനാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയത്. ആരാധകരുടെ തിക്കിലും തിരക്കിലുംപെട്ട് ആറുവയസുകാരി ഉൾപ്പെടെ 11 പേരാണ് മരിച്ചത്. അമ്പതിലേറെ പേർക്ക് പരിക്കേറ്റിരുന്നു. 40,000 പേർക്ക് പ്രവേശിക്കാൻ സാധിക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിൽ 2 ലക്ഷത്തോളം പേരാണ് തടിച്ചുകൂടിയത്.


ടീം സ്റ്റേഡിയത്തിൽ പ്രവേശിക്കുമെന്ന് കരുതിയ ​ഗേറ്റ് നമ്പർ മൂന്നിന് മുന്നിലാണ് വൈകിട്ട് തിക്കും തിരക്കുമുണ്ടായത്. വൻ ആളപായമുണ്ടായെന്ന് ബോധ്യപ്പെട്ടിട്ടും സ്റ്റേഡിയത്തിനുള്ളിൽ ടീമിനുള്ള സ്വീകരണം തുടർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home