ആർസിബി വിജയാഘോഷ അപകടം: പരിപാടി നടത്തിയത് പൊലീസിന്റെ അപകട മുന്നറിയിപ്പ് അവഗണിച്ചെന്ന് റിപ്പോര്‍ട്ട്

bengaluru stamped
വെബ് ഡെസ്ക്

Published on Jun 08, 2025, 03:19 PM | 2 min read

ബം​ഗളൂരൂ : റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ പരിപാടി നടത്തിയത് പൊലീസിന്റെ മുന്നറിയിപ്പ് അവ​ഗണിച്ചെന്ന് റിപ്പോർട്ട്. പരിപാടി നടത്തിയാലുണ്ടാവുന്ന അപകട സാധ്യതകളെപ്പറ്റിയും വേണ്ടത്ര മുൻകരുതലുകൾ ഇല്ലാത്തതിനെപ്പറ്റിയും ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർ കർണാടക സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. വിധാൻ സൗധയിൽ സ്വീകരണമൊരുക്കുന്നതിലും ഉദ്യോ​ഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ നിർദേശങ്ങളെല്ലാം കാറ്റിൽപറത്തിയാണ് സർക്കാരും ക്രിക്കറ്റ് അസോസിയേഷനും പരിപാടിയുമായി മുന്നോട്ട് പോയത്.


പരിപാടി കാണാൻ അനിയന്ത്രിതമായ ജനം എത്തുമെന്നും സുരക്ഷാക്രമീകരണങ്ങളിലുള്ള അപര്യാപ്തതയെപ്പറ്റിയും ഡിസിപി എം എൻ കരിബസവണ്ണ​ഗൗഡ ഉന്നച പൊലീസ്- സർക്കാർ ഉദ്യോ​ഗസ്ഥർക്ക് കത്തയച്ചിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഘോഷപരിപാടികൾ നടത്തുന്ന പ്രദേശത്ത് സിസിടിവി ക്യാമറകൾ കുറവാണെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. ലക്ഷങ്ങൾ വിധാൻ സൗധയിലെത്തുമെന്നും ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ തക്ക സേനാബലം ഇല്ലെന്നും കാാണിച്ച് ​ഗൗഡ പേഴ്സണൽ ആൻഡ് അഡ്മിനിസിട്രേറ്റീവ് റീഫോംസ് ഡിപ്പാർട്ട്മെന്റിനും കത്തയച്ചിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനക്കൂട്ടം കുതിച്ചുയരുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, വിധാൻ സൗധയിൽ പരിപാടിക്ക് നേതൃത്വം നൽകിയിരുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ ജി സത്യവതി ആരാധകരോട് അടുത്തുള്ള സ്റ്റേഡിയത്തിലേക്ക് പോകാൻ ആവശ്യപ്പെടുകയായിരുന്നു.


ആർ‌സി‌ബി ടീമിനെ ആദ്യം വിധാൻ സൗധയിലാണ് ആദരിച്ചത്. തുടർന്ന് സ്റ്റേഡിയത്തിൽ ആഘോഷങ്ങൾ തുടർന്നു. ഗൗഡ കത്ത് ബംഗളൂരു പൊലീസ് കമീഷണർ ബി ദയാനന്ദയുമായി പങ്കുവെച്ചതായും അദ്ദേഹം അത് ചീഫ് സെക്രട്ടറി ശാലിനി രജനീഷിന് അയച്ചതായും റിപ്പോർട്ടുണ്ട്. പക്ഷേ പരിപാടിക്ക് ഔദ്യോഗിക അനുമതി ലഭിച്ചു. വിവാദമായതോടെ ദയാനന്ദയെയും മറ്റ് പൊലീസ് ഉദ്യോസ്ഥരെയും സിദ്ധരാമയ്യ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയേയും പുറത്താക്കി. എന്നാൽ കുറ്റമെല്ലാം ഉദ്യോ​ഗസ്ഥരുടെ മേൽ കെട്ടിവച്ച് സർക്കാർ രക്ഷപെടാൻ ശ്രമിക്കുന്നതിനെതിരെ ജനങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.


മുമ്പ് പൊലീസിന്റെ അനുമതി ഇല്ലാതെയാണ് കെഎസ്‍സിഎ പരിപാടി നടത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു. കെഎസ്‍സിഎ പരിപാടി സംഘടിപ്പിക്കുന്നതിനായി അനുമതി തേടിയെങ്കിലും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ സമയമില്ലെന്നു കാണിച്ച് പൊലീസ് അനുമതി നിഷേധിച്ചു. എന്നാൽ സർക്കാർ പരിപാടിയുമായി മുന്നോട്ട് പോവുകയായിരുന്നു.


ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരു കിരീടം നേടിയതിന്റെ ഭാ​ഗമായാണ് ചിന്നസ്വാമിയിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം. ആർസിബി താരങ്ങൾക്കുള്ള അനുമോദന ചടങ്ങിൽ പങ്കെടുക്കാനാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയത്. ആരാധകരുടെ തിക്കിലും തിരക്കിലുംപെട്ട് ആറുവയസുകാരി ഉൾപ്പെടെ 11 പേരാണ് മരിച്ചത്. അമ്പതിലേറെ പേർക്ക് പരിക്കേറ്റിരുന്നു. 40,000 പേർക്ക് പ്രവേശിക്കാൻ സാധിക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിൽ 2 ലക്ഷത്തോളം പേരാണ് തടിച്ചുകൂടിയത്.


ടീം സ്റ്റേഡിയത്തിൽ പ്രവേശിക്കുമെന്ന് കരുതിയ ​ഗേറ്റ് നമ്പർ മൂന്നിന് മുന്നിലാണ് വൈകിട്ട് തിക്കും തിരക്കുമുണ്ടായത്. വൻ ആളപായമുണ്ടായെന്ന് ബോധ്യപ്പെട്ടിട്ടും സ്റ്റേഡിയത്തിനുള്ളിൽ ടീമിനുള്ള സ്വീകരണം തുടർന്നു. സംഭവത്തിൽ ആർ‌സി‌ബി മാർക്കറ്റിംഗ് ഉദ്യോഗസ്ഥനെയും ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎൻഎ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ മൂന്ന് അംഗങ്ങളെയും അറസ്റ്റ്‌ ചെയ്‌തിരുന്നു. കെഎസ്‍സിഎ സെക്രട്ടറി എ ശങ്കർ, ട്രഷറർ ഇ എസ് ജയറാം എന്നിവരും രാജിവച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home