ബംഗളൂരു ആഘോഷ ദുരന്തം: ആർസിബി മാർക്കറ്റിങ്ങ് മേധാവിക്ക് ഇടക്കാല ആശ്വാസം അനുവദിക്കാതെ കർണാടക ഹൈക്കോടതി

ബംഗളൂരു : റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ ആർസിബി മാർക്കറ്റിങ്ങ് മേധാവിക്ക് ഇടക്കാല ആശ്വാസം അനുവദിക്കാതെ കർണാടക ഹൈക്കോടതി. ആർസിബി മാർക്കറ്റിംഗ് മേധാവി നിഖിൽ സൊസാലെ നൽകിയ ഹർജി ജൂൺ 11ന് പരിഗണിക്കാൻ മാറ്റുകയും ചെയ്തു. ജൂൺ 6നാണ് സെൻട്രൽ ക്രൈംബ്രാഞ്ച് നിഖിലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന്റെ നിയമസാധുതയെ ചോദ്യം ചെയ്തും രാഷ്ട്രീയ ആജ്ഞകളുടെ സ്വാധീനത്താലാണ് പൊലീസ് നടപടി എടുത്തതെന്നും കാണിച്ചാണ് നിഖിൽ ഹർജി നൽകിയത്.
മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതെന്ന് നിഖിലിന്റെ അഭിഭാഷകൻ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിച്ചു. നിഖിൽ താമസിക്കുന്ന സ്ഥലത്തെ അശോക് നഗർ പൊലീസോ സ്റ്റേഡിയം നിൽക്കുന്ന സ്ഥലത്തെ കബ്ബൺ പാർക്ക് പൊലീസോ അല്ല കേസെടുത്തതെന്നും ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചാണ് നിഖിലിനെ അറസ്റ്റ് ചെയ്തതെന്നും അഭിഭാഷകൻ വാദിച്ചു. സിസിബിയല്ല കേസന്വേഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞതുകൊണ്ടാണ് നിഖിലിനെ അറസ്റ്റ് ചെയ്തതെന്നുമായിരുന്നു വാദം.
കേസുമായി ബന്ധപ്പെട്ട് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ) പ്രതിനിധികളെയും ആർസിബി, ഡിഎൻഎ ഇവന്റ് മാനേജർമാരുടെ പ്രതിനിധികളെയും ഉടൻ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ജൂൺ 5 ന് ഡിജിപിയോടും ഐജിയോടും നിർദ്ദേശിച്ചിരുന്നു. പ്രഥമദൃഷ്ട്യാ അവരുടെ ഭാഗത്ത് അശ്രദ്ധ ഉണ്ടെന്ന് കണ്ടെത്തി എഫ്‌ഐആറും ഫയൽ ചെയ്തു.
കെഎസ്‌സിഎ പ്രസിഡന്റ് രഘുറാം ഭട്ട്, സെക്രട്ടറി എ ശങ്കർ, ട്രഷറർ ഇ എസ് ജയറാം എന്നിവർ തങ്ങൾക്കെതിരെ ഫയൽ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് പരിഗണിച്ച ജസ്റ്റിസ് എസ് ആർ കൃഷ്ണ കുമാർ കെഎസ്‌സിഎ ഉദ്യോഗസ്ഥർക്ക് ഇടക്കാല ആശ്വാസം അനുവദിച്ചു. വാദം കേൾക്കൽ ജൂൺ 16 വരെ നിർത്തിവച്ചു.
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു കിരീടം നേടിയതിന്റെ ഭാഗമായാണ് ചിന്നസ്വാമിയിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം. ആർസിബി താരങ്ങൾക്കുള്ള അനുമോദന ചടങ്ങിൽ പങ്കെടുക്കാനാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയത്. ആരാധകരുടെ തിക്കിലും തിരക്കിലുംപെട്ട് ആറുവയസുകാരി ഉൾപ്പെടെ 11 പേരാണ് മരിച്ചത്. അമ്പതിലേറെ പേർക്ക് പരിക്കേറ്റിരുന്നു. 40,000 പേർക്ക് പ്രവേശിക്കാൻ സാധിക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിൽ 2 ലക്ഷത്തോളം പേരാണ് തടിച്ചുകൂടിയത്. ടീം സ്റ്റേഡിയത്തിൽ പ്രവേശിക്കുമെന്ന് കരുതിയ ഗേറ്റ് നമ്പർ മൂന്നിന് മുന്നിലാണ് വൈകിട്ട് തിക്കും തിരക്കുമുണ്ടായത്. വൻ ആളപായമുണ്ടായെന്ന് ബോധ്യപ്പെട്ടിട്ടും സ്റ്റേഡിയത്തിനുള്ളിൽ ടീമിനുള്ള സ്വീകരണം തുടർന്നു.









0 comments