വിജയാഘോഷത്തിനിടെ അപകടം: ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവച്ചു, കോഹ്‍ലിക്കെതിരെ പരാതി

ബംഗളൂരൂ : ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു കിരീടം നേടിയതിന്റെ ഭാഗമായി നടന്ന ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് രണ്ടുപേർ മരിച്ച സംഭവത്തിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‍സിഎ) ഭാരവാഹികൾ രാജിവച്ചു. അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. പ്രസ് റീലീസ് വഴിയാണ് അധികൃതർ രാജി വിവരം വ്യക്തമാക്കിയത്. കെഎസ്‍സിഎ സെക്രട്ടറി എ ശങ്കർ, ട്രഷറർ ഇ എസ് ജയറാം എന്നിവരാണ് രാജി വച്ചത്.
സംഭവത്തിൽ തങ്ങളുടെ പങ്ക് പരിമിതമാണെന്നും എന്നാൽ ദുരന്തത്തിന്റെ ധാർമിക ഉത്തരവാദിത്തം കാരണം രാജിവയ്ക്കുകയാണെന്നുമാണ് പ്രസ്താവനയിൽ പറയുന്നത്. സംഭവത്തിൽ സംഘാടകരെ പഴിചാരി രക്ഷപെടാൻ മുമ്പ് കെഎസ്‍സിഎ ശ്രമിച്ചിരുന്നു. ഉദ്യോഗസ്ഥരെ ബലിയാടാക്കി തടിതപ്പുന്ന സമീപനമാണ് കർണാടക സർക്കാരും സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയേയും പൊലീസ് കമീഷണറടക്കമുള്ള ഉദ്യോഗസ്ഥരെയും കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
Related News
അതേസമയം സംഭവത്തിൽ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സാമൂഹിക പ്രവർത്തകൻ പരാതി നൽകി. ബംഗളൂരു കബ്ബോൺ പാർക്ക് സ്റ്റേഷനിലാണ് ആക്ടിവിസ്റ്റ് എച്ച് എം വെങ്കടേഷ് പരാതി നൽകിയത്. ഐപിഎല്ലിലൂടെ ചൂതാട്ടം പ്രോത്സാഹിപ്പിച്ചെന്നും വലിയ ആൾക്കൂട്ടത്തെ വിളിച്ചുവരുത്തിയെന്നുമാണ് കോഹ്‍ലിക്കെതിരെയുള്ള പരാതി. കോഹ്‌ലിക്കെതിരായ പരാതി നിലവിലുള്ള കേസിനൊപ്പം പരിഗണിക്കുമെന്നും നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി പുനഃപരിശോധിക്കുമെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. വിരാട് കോഹ്‍ലിയെയും സഹതാരങ്ങളെയും എഫ്ഐആറിൽ പ്രതി ചേർക്കണമെന്നും ആവശ്യമുണ്ട്.
ബുധനാഴ്ചയാണ് ദുരന്തം നടന്നത്. ഐപിഎൽ 2025 ഫൈനലിൽ കിരീടം നേടിയ ആർസിബി കളിക്കാർക്കുള്ള അനുമോദന ചടങ്ങിൽ പങ്കെടുക്കാനാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയത്. ആരാധകരുടെ തിക്കിലും തിരക്കിലുംപെട്ട് ആറുവയസുകാരി ഉൾപ്പെടെ 11 പേരാണ് മരിച്ചത്. അമ്പതിലേറെ പേർക്ക് പരിക്കേറ്റിരുന്നു. 40,000 പേർക്ക് പ്രവേശിക്കാൻ സാധിക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിൽ 2 ലക്ഷത്തോളം പേരാണ് തടിച്ചുകൂടിയത്.
Related News
ടീം സ്റ്റേഡിയത്തിൽ പ്രവേശിക്കുമെന്ന് കരുതിയ ഗേറ്റ് നമ്പർ മൂന്നിന് മുന്നിലാണ് വൈകിട്ട് തിക്കും തിരക്കുമുണ്ടായത്. വൻ ആളപായമുണ്ടായെന്ന് ബോധ്യപ്പെട്ടിട്ടും സ്റ്റേഡിയത്തിനുള്ളിൽ ടീമിനുള്ള സ്വീകരണം തുടർന്നു. പൊലീസിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചാണ് പരിപാടി നടത്തി ദുരന്തമുണ്ടാക്കിയതെന്നുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. വ്യാഴാഴ്ച മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.









0 comments