ad
Deshabhimani

ബെംഗളൂരുവിൽ തടാകക്കരയിൽ അസ്ഥികൂടം കണ്ടെത്തി; സ്ത്രീയുടേതെന്ന് സംശയം

skelton

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 17, 2026, 08:07 AM | 1 min read

ബെംഗളൂരു: ബെംഗളൂരു സർജാപൂരിന് സമീപം മുഗളൂരുള്ള തടാകക്കരയിൽ അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. വറ്റിവരണ്ട തടാകത്തിന് സമീപം കന്നുകാലികളെ മേയ്ക്കാനെത്തിയവരാണ് തലയോട്ടി അടക്കമുള്ള അസ്ഥികൂട ഭാഗങ്ങൾ ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മൂന്ന് മാസമെങ്കിലും പഴക്കമുള്ള അസ്ഥികൂടം 25-നും 35-നും ഇടയിൽ പ്രായമുള്ള യുവതിയുടേതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.


സംഭവസ്ഥലത്ത് പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ വറ്റിയ തടാകത്തിനകത്തു നിന്നും സമീപപ്രദേശങ്ങളിൽ നിന്നുമായി ചിതറിക്കിടക്കുന്ന നിലയിൽ മറ്റ് അസ്ഥികളും കണ്ടെടുത്തു. തലയോട്ടി, താടിയെല്ല്, കൈകാലുകളിലെ അസ്ഥികൾ എന്നിവയ്ക്ക് പുറമെ കീറിയ സാരി കഷ്ണവും സ്ത്രീകളുടെ ചെരുപ്പും സംഭവസ്ഥലത്തുണ്ടായിരുന്നു. തലയോട്ടിൽ നിന്നും വേർപെട്ട നിലയിലായിരുന്ന താടിയെല്ലിലെ മുൻനിരയിലെ അഞ്ച് പല്ലുകൾ കാണാനില്ലാത്ത അവസ്ഥയിലാണ്.


യുവതി മുൻപ് തടാകത്തിൽ മുങ്ങിമരിച്ചതാകാമെന്നും വേനൽക്കാലത്ത് ജലനിരപ്പ് താഴ്ന്നപ്പോൾ അവശിഷ്ടങ്ങൾ പുറത്തുവന്നതാകാമെന്നുമാണ് പോലീസ് സംശയിക്കുന്നത്. തടാകം വറ്റിയതോടെ തെരുവുനായ്ക്കൾ അസ്ഥികൾ കരയിലേക്ക് വലിച്ചിഴച്ചതാകാനും സാധ്യതയുണ്ട്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച സാരിയും ചെരുപ്പും അടിസ്ഥാനമാക്കിയാണ് ഇത് സ്ത്രീയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home