ചികിത്സ നിഷേധിച്ച് ബംഗളുരുവിലെ ആശുപത്രികൾ; റോഡിൽ കിടന്ന് മരിച്ച യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്തു

ബെംഗളൂരു: ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിലെത്തിച്ച മുപ്പത്തിനാലുകാരന് ദാരുണാന്ത്യം. മരണത്തിന് ശേഷം യുവാവിന്റെ കണ്ണുകൾ ദാനം ചെയ്തു. ബാലാജി നഗർ സ്വദേശിയായ വെങ്കട്ടരാമനാണ് ചികിത്സ കിട്ടാതെ റോഡിൽ പിടഞ്ഞുമരിച്ചത്.
ഒപ്പമുണ്ടായിരുന്ന ഭാര്യ രൂപ സഹായത്തിനായി കെഞ്ചിയെങ്കിലും വഴിയാത്രക്കാരും തിരിഞ്ഞുനോക്കിയില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് നഗരത്തിൽ ഉയരുന്നത്.
നവംബർ 15-ന് പുലർച്ചെ 3:30-ഓടെയാണ് വെങ്കട്ടരാമന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഭാര്യ രൂപ ഉടൻ തന്നെ സ്കൂട്ടറിൽ ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഡോക്ടർ ഡ്യൂട്ടിയിലില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ ഇവരെ തിരിച്ചയച്ചു.
രണ്ടാമത്തെ ആശുപത്രിയിൽ നടത്തിയ ഇസിജിയിൽ ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചെങ്കിലും അവിടെയും അടിയന്തര ചികിത്സ നൽകാനോ ആംബുലൻസ് വിട്ടുനൽകാനോ തയ്യാറായില്ല.
തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് സ്കൂട്ടറിൽ തന്നെ പോകുന്നതിനിടെ കദിരേനഹള്ളി പാലത്തിന് സമീപം വെങ്കട്ടരാമൻ തളർന്നു വീഴുകയായിരുന്നു. രക്തത്തിൽ കുളിച്ചു കിടന്ന ഭർത്താവിനെ ആശുപത്രിയിലെത്തിക്കാൻ റോഡിലൂടെ പോയ വാഹനങ്ങളോട് രൂപ കൈകൂപ്പി അപേക്ഷിച്ചെങ്കിലും ആരും നിർത്തിയില്ലെന്ന് ഭാര്യ രൂപ പറയുന്നു.
ഏഴ് മിനിറ്റോളം റോഡിൽ പിടഞ്ഞ വെങ്കട്ടരാമൻ ഒടുവിൽ മരണത്തിന് കീഴടങ്ങി. പിന്നീട് ഒരു ടാക്സി ഡ്രൈവർ സഹായത്തിനെത്തിയപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. ആശുപത്രികളും പൊതുജനങ്ങളും തന്റെ ഭർത്താവിനെ കൈവിട്ടുവെന്നും രൂപ പറഞ്ഞു.
കൃത്യസമയത്ത് ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ ആശുപത്രികൾക്കെതിരെ കർശന നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.









0 comments