print edition അയോധ്യ രാമക്ഷേത്രത്തിൽ കൂട്ടരാജി


സ്വന്തം ലേഖകൻ
Published on Jul 11, 2026, 12:17 AM | 2 min read
ന്യൂഡൽഹി:
അയോധ്യ രാമക്ഷേത്രത്തിലെ ജീവനക്കാർ കൂട്ടത്തോടെ രാജിവയ്ക്കുന്നതിൽ ദുരൂഹത. കാണിക്കയെണ്ണിയിരുന്ന 24 ഓളം ജീവനക്കാരാണ് ഒറ്റയടിക്ക് ജോലി ഉപേക്ഷിച്ചത്. അധിക ജോലിഭാരവും ശന്പളക്കുറവും മറ്റുമുള്ള കാരണങ്ങളാലാണ് രാജിയെന്നാണ് വാദം. എന്നാൽ, കൊള്ള നടത്തിയ ആർഎസ്‌എസ് നേതാക്കൾ ബലിയാടാക്കുമോ എന്ന് ചിലർ ഭയന്നിരുന്നതായി റിപ്പോർട്ടുകളുണ്ട്.
കാണിക്കക്കൊള്ളയ്‌ക്ക് പിന്നാലെ ചന്പത് റായിയും അനിൽ മിശ്രയും സ്ഥാനങ്ങളിൽനിന്ന് രാജിവച്ചിരുന്നു. എസ്‌ഐടി അന്വേഷണം പുരോഗമിക്കുകയുമാണ്. കാണിക്കയെണ്ണിയ എട്ട് ജീവനക്കാരെ അറസ്റ്റിലുമായി. കാണിക്കയെണ്ണുന്നതിന് പുതിയ ജീവനക്കാരെ നിയമിക്കാൻ കാലതാമസമുണ്ടാകുമെന്ന് ട്രസ്റ്റ് വൃത്തങ്ങൾ പറഞ്ഞു.
കാണിക്കക്കൊള്ള വലിയ നാണക്കേടായതോടെ മുഖംമിനുക്കൽ നടപടികളിലേക്കും കടന്നിട്ടുണ്ട്. 22ന് ശേഷം സമൂലമായ മാറ്റം ഉണ്ടാകുമെന്നാണ് ട്രസ്റ്റിന്റെ അവകാശവാദം. ദർശനസംവിധാനം, ആചാരാനുഷ്‌ഠാനങ്ങൾ, കാണിക്കയെണ്ണുന്ന രീതി, സുരക്ഷ തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങളിലെല്ലാം വലിയ മാറ്റങ്ങളുണ്ടാകുമെന്ന് ട്രസ്റ്റ് അംഗങ്ങൾ പറഞ്ഞു. 22ന് ഇതുസംബന്ധിച്ച് പ്രത്യേക യോഗംചേരും.
ഹർജികൾ
സുപ്രീംകോടതി
13ന് പരിഗണിക്കും
അയോധ്യ ക്ഷേത്രക്കൊള്ളയിൽ സിബിഐ അന്വേഷണം വേണമെന്നും ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിൽ സിഎജി ഓഡിറ്റ് വേണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി. കോടതി തുറക്കുന്ന 13ന് തന്നെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ച് മൂന്ന് റിട്ട് ഹർജികൾ പരിഗണിക്കും.
നരേന്ദ്ര കുമാർ ഗോസ്വാമി, അജയ് കുമാർ റായ്, ദിനേശ് കുമാർ യാദവ്, ആർജെഡി എംപി സുധാകർ സിങ് എന്നിവരാണ് ഹർജിക്കാർ.
കോടതി മേൽനോട്ടത്തിലുള്ള അന്വേഷണവും ട്രസ്‌റ്റിന്റെ എല്ലാ സാന്പത്തിക ഇടപാടുകളുടെയും ഫോറൻസിങ് ഓഡിറ്റുമാണ് പ്രധാന ആവശ്യങ്ങൾ. സാന്പത്തിക ഇടപാടുകളുടെ രേഖ സൂക്ഷിക്കണം, കോടതി അനുമതിയില്ലാത്ത ഇടപാടുകൾ വിലക്കണം, സംഭാവന വിവരങ്ങൾ വെളിപ്പെടുത്തണം എന്നീ ആവശ്യങ്ങളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഫോറൻസിക് ഓഡിറ്റ് സ്വതന്ത്ര ഏജൻസിയെ ഏൽപ്പിച്ച് റിപ്പോർട്ട് തേടണമെന്നും ആവശ്യമുണ്ട്. അവധിക്കാല ബെഞ്ചിൽ ഹർജി ലിസ്റ്റ് ചെയ്യാൻ നേരത്തേ കോടതി വിസമ്മതിച്ചിരുന്നു.
വിഐപി പാസിലും
തട്ടിപ്പ്
ന്യൂഡൽഹി
: അയോധ്യ രാമക്ഷേത്രത്തിലെ ശതകോടികളുടെ കാണിക്കക്കൊള്ളയ്ക്കും ഭൂമികുംഭകോണത്തിനും പിന്നാലെ വിഐപി പാസിലും വൻ തട്ടിപ്പ്. പ്രധാനമന്ത്രിയുടെ ഓഫീസ് ട്രസ്റ്റിലേക്ക് നാമനിർദേശംചെയ്ത മുതിർന്ന ആർഎസ്‌എസ് നേതാക്കളുടെ ഡിജിറ്റൽ ഐഡി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. കാണിക്ക–ഭൂമി കൊള്ളയിൽ ആരോപണം നേരിടുന്ന ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്, മുൻ അംഗം അനിൽ മിശ്ര, പ്രത്യേക ക്ഷണിതാവ് ഗോപാൽ റാവു എന്നിവരുടെ ഐഡികളാണ് തട്ടിപ്പിന് ഉപയോഗിച്ചത്. നരേന്ദ്ര മോദിക്കും ആർഎസ്‌എസ് സർസംഘചാലക് മോഹൻ ഭാഗവതിനും ഒരുപോലെ പ്രിയപ്പെട്ട ചന്പത് റായ്, വിഎച്ച്‌പി വൈസ് പ്രസിഡന്റ് കൂടിയാണ്. പാസ് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ ഗത്യന്തരമില്ലാതെ മൂവരുടെയും പ്രത്യേക ഡിജിറ്റൽ ഐഡി റദ്ദാക്കി.
മൂന്ന് നേതാക്കളെയും ആർഎസ്എസും ബിജെപിയും സംരക്ഷിക്കുകയാണെന്ന ആരോപണം ശക്തമാണ്.
വിഐപി പാസിലും തട്ടിപ്പ്‌വിവാദം ഒതുക്കാനാണ് ചന്പത് റായിയും അനിൽ മിശ്രയും നേരത്തെ രാജിവച്ചത്. ഗോപാൽ റാവുവിനെ ട്രസ്‌റ്റ് യോഗങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കി. ചന്പത് റായിയുടെ അനുയായി ടിന്നു യാദവ് ഉൾപ്പടെയുള്ളവർ നേതാക്കളുടെ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് അസംഖ്യം വിഐപി പാസുകൾ അനധികൃതമായി സൃഷ്ടിച്ച് വിൽപ്പന നടത്തി പണം തട്ടിയതായി എസ്‌ഐടി കണ്ടെത്തി. ചന്പത് റായിയുടെയും അനിൽ മിശ്രയുടെയും അനുയായികളായ ജീവനക്കാർ വിഐപി പാസുകൾ വിൽക്കുന്ന പ്രത്യേക റാക്കറ്റ് തന്നെയുണ്ടാക്കി മാസംതോറും ലക്ഷങ്ങൾ കൊയ്തിരുന്നു. ഇൗ പണം ആർഎസ്‌എസ് നേതാക്കൾക്ക് കൈമാറിയെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തൽ.










0 comments