പിഎംശ്രീ പദ്ധതി നടപ്പിലാക്കരുത്

പാലാ സംഘപരിവാർ അജൻഡ നടപ്പിലാക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവന്നിട്ടുള്ള പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 1986ലെ ദേശീയ വിദ്യാഭ്യാസനയം പൊളിച്ചെഴുതിക്കൊണ്ടാണ് മോദി സർക്കാർ 2020ൽ പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവന്നത്. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവൽക്കരണവും വർഗീയവൽക്കരണവും പ്രോത്സാഹിപ്പിക്കുന്ന നയം പിഎം ശ്രീ പദ്ധതിയിലൂടെ ഒളിച്ചുകടത്തുകയാണ്. പദ്ധതിയിൽ ചേരുന്ന സ്‌കൂളുകൾ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണം എന്ന നിബന്ധനയുണ്ട്. ഇത് പ്രാദേശിക സംസ്‌കാരങ്ങളെയും വൈവിധ്യങ്ങളെയും ഇല്ലാതാക്കും. എൻസിഇആർടി പാഠപുസ്‌തകങ്ങളിലെ ചരിത്രവസ്‌തുതകളിൽ വരുത്തിയിട്ടുള്ള തിരുത്തുകൾ ഇതിനോട് ചേർത്ത് കാണണം. പിഎം ശ്രീയിൽ ഒപ്പുവെയ്‌ക്കാത്തതിന്റെ പേരിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രവിഹിതം തടഞ്ഞുവെയ്‌ക്കുന്നത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം. സർവകലാശാലകളുടെ സെനറ്റിലും സിൻഡിക്കറ്റിലും സംഘപരിവാറുകാരെ തിരുകിക്കയറ്റുന്നത് കേരളത്തിന്റെ മതനിരപേക്ഷതക്ക് അപമാനമാണ്. വൈക്കത്തെ ടൂറിസം ഹബ്ബാക്കി മാറ്റണം. വൈക്കത്തിന്റെ ചരിത്രവും ഉൾനാടൻ ഗ്രാമീണമേഖല, വേമ്പനാട്ട് കായൽ എന്നിവയുടെ അനന്തമായ സാധ്യകളും പ്രയോജനപ്പെടുത്തണം. ഇതിലൂടെ യുവജനങ്ങൾക്ക് തൊഴിൽസാധ്യതകളുമുണ്ടാകും. വൈക്കം സത്യഗ്രഹം, പി കൃഷ്‌ണപിള്ളയുടെ ജന്മനാട് എന്നിവയുൾപ്പെടെയുള്ള വൈക്കത്തിന്റെ ചരിത്രം ഉൾപ്പെടുത്തി ഹിസ്‌റ്ററി ഡെസ്‌റ്റിനേഷനായും പ്രദേശത്തെ ഉയർത്തിക്കൊണ്ടുവരാം. വെള്ളിയാഴ്‌ച ചർച്ച തുടർന്നു. കേന്ദ്ര കമ്മിറ്റിയംഗം എം ഷാജർ, ജില്ലാ സെക്രട്ടറി ബി സുരേഷ്‌കുമാർ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. കേന്ദ്ര സെക്രട്ടറിയറ്റംഗം ജെയ്‌ക്ക് സി തോമസ്, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ആർ ശ്യാമ, ആർ രാഹുൽ, ചിന്ത ജെറോം, ഗ്രീഷ്‌മ അജയഘോഷ്, സംസ്ഥാന സെക്രട്ടറിയറ്റംഗം ബി നിസാം എന്നിവർ സംസാരിച്ചു. രഞ്‌ജിത് സന്തോഷ് നന്ദി പറഞ്ഞു.
അർച്ചന സദാശിവൻ പ്രസിഡന്റ് ടി എസ് ശരത്ത് സെക്രട്ടറി
പാലാ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റായി അർച്ചന സദാശിവനെയും സെക്രട്ടറിയായി ടി എസ് ശരത്തിനെയും സമ്മേളനം തെരഞ്ഞെടുത്തു. അനീഷ് അന്ത്രയോസ് ആണ് ട്രഷറർ. മറ്റുഭാരവാഹികൾ: ബി ഗൗതം, ജസ്റ്റിൻ ജോസഫ്, എം എസ് ദീപക്(വൈസ് പ്രസിഡന്റുമാർ), ആർ രോഹിത്, എൻ ആർ വിഷ്ണു, റിജേഷ് കെ ബാബു(ജോയിന്റ് സെക്രട്ടറിമാർ), ആനന്ദ് ബാബു, ലിനു കെ ജോൺ, ഷാമില ഷാജി, അജിൻ കുരുവിള(സെക്രട്ടറിയറ്റംഗങ്ങൾ). 43 അംഗ ജില്ലാകമ്മിറ്റിയെയും 25 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.










0 comments