ad
Deshabhimani

ക്ലോക്ക്‌ ടവർ പൊളിച്ചുമാറ്റാനായില്ല

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌; 
തലയ്‌ക്ക്‌ മുകളിലുണ്ട്‌ അപകടഗോപുരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 11, 2026, 12:15 AM | 1 min read

കോഴിക്കോട്‌

റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക്‌ ടവർ തകർന്നുവീണ്‌ രണ്ട്‌ ദിവസം പിന്നിടുമ്പോഴും ഗോപുരത്തിന്റെ അവശിഷ്ടഭാഗങ്ങൾ പൊളിച്ചുനീക്കാനായില്ല. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾ നീക്കാനാവാതെ വന്നതോടെ രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ട്രെയിൻ ഗതാഗതം പുർണമായി നിർത്തിവച്ചിരിക്കുകയാണ്‌. പല ഭാഗങ്ങളിൽ വിള്ളലുകൾ വീണ ടവർ ദിവസവും സ്റ്റേഷനിലെത്തുന്ന പതിനായിരക്കണക്കിന്‌ യാത്രക്കാരുടെ ജീവന്‌ ഭീഷണിയാണ്‌. വ്യാഴാഴ്ച പകൽ ദുരന്തനിവാരണ പ്രവർത്തനവും അവശിഷ്ടങ്ങൾ നീക്കലും കാര്യമായി നടത്താൻ റെയിൽവേക്കായില്ല. കുറച്ച്‌ അവശിഷ്ടങ്ങൾമാത്രം മാറ്റിയശേഷം ജോലി നിർത്തി. ടവർ പൊളിച്ചുനീക്കിയശേഷം മാലിന്യം നീക്കാനാണ്‌ തീരുമാനം. എന്നാൽ, ടവർ പൂർണമായി പൊളിച്ച്‌ നീക്കാനായില്ല. വടംകെട്ടി ടവർ വീഴ്ത്താനുള്ള നീക്കം പരാജയപ്പെട്ടു. പിന്നീട്‌, ദേശീയ ദുരന്തനിവാരണസേനയുടെ സഹായം തേടി. ചെറു സ്ഫോടനത്തിലൂടെ അവശിഷ്ടഭാഗങ്ങൾ വീഴ്‌ത്താനായിരുന്നു നീക്കം. പ്രായോഗികമല്ലെന്നുകണ്ട്‌ ആ നീക്കവും ഉപേക്ഷിച്ചു. പിന്നീട്‌ ടവറിനൊപ്പം ചവിട്ടുപടികൾ കെട്ടിയുയർത്തി പുലർച്ചെയോടെ പൊളിച്ചുനീക്കൽ ആരംഭിച്ചു. ഓരോ നിരയും ഡ്രില്ലറുകൾ ഉപയോഗിച്ച്‌ തൊഴിലാളികൾ പൊളിച്ചുമാറ്റുകയാണ്‌. വെള്ളി വൈകിട്ടുവരെ മൂന്ന്‌ മീറ്ററോളമേ പൊളിക്കാനായുള്ളൂ. ഇ‍ൗ രീതി തുടർന്നാൽ ടവർ പൂർണമായി പൊളിച്ചുനീക്കാൻ ദിവസങ്ങളെടുക്കും. അശാസ്ത്രീയമായും സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയുമാണ്‌ പൊളിച്ചുനീക്കൽ പുരോഗമിക്കുന്നതെന്നും ആരോപണമുണ്ട്‌. ശക്തമായ കാറ്റും മഴയുമുണ്ടായിട്ടും തൊഴിലാളികൾക്ക്‌ മതിയായ സുരക്ഷയൊരുക്കാതെയാണ്‌ ജോലിചെയ്യുന്നത്‌. ടവർ പൊളിച്ചുമാറ്റിയശേഷം എൻജിനിയറിങ്‌ വിഭാഗം ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ നൽകിയാലേ രണ്ടും മൂന്നും ട്രാക്കുകളിലൂടെയുള്ള ട്രെയിൻ സർവീസ്‌ പുനരാരംഭിക്കാനാകൂ. നിലവിൽ ഒന്നാം പ്ലാറ്റ്‌ഫോമിലൂടെ ട്രെയിനുകൾ സാധാരണപോലെ കടത്തിവിടുന്നുണ്ട്‌. ട്രെയിൻ വരുന്ന സമയത്ത്‌ മാത്രം പൊളിച്ചുമാറ്റൽ നിർത്തിവയ്‌ക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home