print edition കർണാടകയിലെ ബുൾഡോസർരാജ്; തെരുവിലായത് ഇരുനൂറോളം മുസ്ലിം, ദളിത് കുടുംബങ്ങൾ


വിനോദ് പായം
Published on Dec 28, 2025, 02:27 AM | 1 min read
ബംഗളൂരു : യുപിയിലെ ആദിത്യനാഥ് മോഡൽ ബുൾഡോസർരാജിൽ കർണാടകത്തിലെ കോൺഗ്രസ് സർക്കാർ ഒറ്റയടിക്ക് തെരുവിലാക്കിയത് ഇരുന്നൂറോളം മുസ്ലിം, ദളിത് കുടുംബങ്ങളെ. കൊടുംതണുപ്പിൽ മറുതുണിയില്ലാതെ 141 കുട്ടികളാണ് യെലഹങ്ക കൊഗിലുവിലെ ഫക്കീർ കോളനിയിലും വസീം സ്ട്രീറ്റിലും ഇപ്പോഴുള്ളത്.
തകർത്തിട്ട വീടുകളുടെ സിമന്റു കട്ടകൾക്കിടയിൽ കമ്പുകുത്തി വലിച്ചുകെട്ടിയ ടാർപ്പോളിന്റെ തണലിൽ ആറ് പൂർണഗർഭിണികളടക്കം അഞ്ഞൂറോളം സ്‌ത്രീകളും ഭീതിയുടെ നിഴലിൽ കഴിയുന്നു. 2017-–18 വർഷത്തിൽ ബംഗളൂരു നോർത്ത് തഹസിൽദാർ കൈമാറിയ ഭൂരേഖ പ്രകാരം കൊഗിലു ഉറുദു സ്‌കൂളിന് സമീപത്തും ഇവിടത്തെ ഉപേക്ഷിച്ച ക്വാറിയുടെ മറുഭാഗത്ത് താമസിക്കുന്നവർക്കുമെതിരെയാണ് സിദ്ധരാമയ്യ സർക്കാർ ബുൾഡോസർ പായിച്ചത്.
ഫക്കീർ, വസീം സ്ട്രീറ്റ് കോളനികളിൽ കുടിയിറക്കപ്പെട്ട 132 മുസ്ലിം, 32 ദളിത് ഹിന്ദു, ഒരു ക്രിസ്‌ത്യൻ കുടുംബങ്ങളുടെ വിവരം സംഗമ എന്ന സംഘടന ശേഖരിച്ചു. തെരുവാധാരമായ ഇവർക്ക് ഭക്ഷണവും വൈദ്യസഹായവുമെത്തിക്കുന്നത് സംഗമയാണ്. ശനിയാഴ്‌ച എ എ റഹിം എംപിയുടെ നേതൃത്വത്തിലുള്ള ഡിവൈഎഫ്ഐ സംഘം ദുരിതാശ്വാസ പ്രവർത്തനത്തിന് നേതൃത്വം നൽകി.
ബംഗളൂരു നഗരവികസന അതോറിറ്റിയുടെ ഖരമാലിന്യ സംസ്‌കരണ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനാണ് കുടിയിറക്കൽ എന്നാണ് ഒൗദ്യോഗിക ഭാഷ്യം. ഉപേക്ഷിച്ച ക്വാറിയുടെ ഇരുവശങ്ങളിലുമായാണ് കോളനികൾ. ഫക്കീർ കോളനിയിൽ 98 ശതമാനവും മുസ്ലിം കുടുംബങ്ങൾ. ഇവർക്ക് റേഷൻ, ആധാർ, തെരഞ്ഞെടുപ്പ്, പാൻ കാർഡുകളുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്‌തവരാണിവർ. ബുൾഡോസർ പുലർച്ചെ പാഞ്ഞുകയറിയപ്പോൾ രേഖകളടക്കം മണ്ണടിഞ്ഞു.
ക്വാറിയുടെ ഉപേക്ഷിച്ച ഭാഗം നികത്തി റിയൽ എസ്റ്റേറ്റ് മാഫിയ വിറ്റ് ഉണ്ടാക്കിയ സ്ഥലമാണ് വസിം സ്ട്രീറ്റ്. ഇവർ നൽകിയ വ്യാജ പട്ടയം വിശ്വസിച്ച് സ്ഥലം വാങ്ങിയും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽനിന്ന് വായ്‌പയെടുത്തും കെട്ടിയ വീടും ഇടിച്ചുനിരത്തി.
വെള്ളിയാഴ്‌ചയും ബുൾഡോസറെത്തി
20ന് പുലർച്ചെയാണ് നാല് ബുൾഡോസറും 150 പൊലീസുകാരുമെത്തി കോളനികൾ നിരത്തിയത്. 26നും രണ്ട് ബുൾഡോസറും പൊലീസും മതിൽ പണിയാനെന്ന വ്യാജേനയെത്തി.
പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകരും സംഗമ എൻജിഒ ഗ്രൂപ്പും ചേർന്ന് തടഞ്ഞതോടെ ബുൾഡോസർ സംഘം തിരിച്ചുപോയി. ജുമ നമസ്‌കാര സമയത്ത് സംഘമെത്തിയത് പ്രകോപനം സൃഷ്‌ടിക്കാനാണെന്ന് സംഗമ പ്രോഗ്രാം മാനേജർ നന്ദിനി പറഞ്ഞു.









0 comments