ബംഗ്ലാദേശികളെന്ന് ആരോപിച്ച് ഡൽഹിയിൽ ബംഗാളികളെ നിർബന്ധിച്ച് നാടുകടത്തുന്നു: നടപടി ആവശ്യപ്പെട്ട് സിപിഐ എം

PHOTO CREDIT: HINDUSTAN
ന്യൂഡൽഹി: ഡൽഹിയിൽ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഒഴിപ്പിക്കാനെന്ന പേരിൽ നടക്കുന്നത് വ്യാപക മനുഷ്യാവകാശ ലംഘനങ്ങളും പൊലീസ് അതിക്രമങ്ങളുമാണെന്ന് സിപിഐ എം. ബംഗാളി സംസാരിക്കുന്ന ഇന്ത്യൻ പൗരന്മാർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി സിപിഐ(എം) നേതാക്കളായ ബൃന്ദ കാരാട്ടും അനുരാഗ് സക്‌സേനയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
ബവാന, ചാണക്യപുരിയിലെ വിവേകാനന്ദ് ക്യാമ്പ്, നഗരത്തിലെ ചേരികൾ തുടങ്ങിയ വിവിധ പ്രദേശങ്ങളിലാണ് ബംഗ്ലാദേശികളാണെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ സ്വദേശികൾക്ക് നേരെ പൊലീസ് അതിക്രമം അഴിച്ചുവിടുന്നത്. ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സമൂഹങ്ങളെ ലക്ഷ്യംവച്ചാണ് ഇത്തരം നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് കത്തിൽ സിപിഐ എം വ്യക്തമാക്കി.
ബംഗ്ലാദേശി പൗരന് അഭയം നൽകിയെന്ന വ്യാജാരോപണത്തെ തുടർന്ന് ജാർഖണ്ഡ് സ്വദേശിയായ എം ഡി നിസാമുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതായി ആരോപണമുണ്ട്. ദീർഘകാലമായി ഡൽഹിയിൽ താമസിക്കുന്നയാളാണ് നിസാമുദ്ദീൻ.
കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ മുഴുവൻ കുടുംബത്തെയും കസ്റ്റഡിയിലെടുത്തു. അസഭ്യം പറയുകയും സമ്മതമില്ലാതെ ഫോട്ടോ എടുത്തുവെന്നും പരാതിയുണ്ട്. ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്നതിനുള്ള സാധുവായ രേഖകൾ നൽകിയിട്ടും കുടുംബത്തെ പിന്നെയും മർദ്ദിച്ചതായും കസ്റ്റഡിയിൽ വച്ചതായുമാണ് റിപ്പോർട്ട്.
ബംഗാളി സംസാരിച്ചതിന്റെ പേരിൽ സാജൻ സൗദാഗർ ദാസ് എന്നയാളെ പ്രീതംപുര പൊലീസ് ബൂട്ടിട്ട് മുഖത്ത് ചവിട്ടിയെന്നും പരാതിയുണ്ട്. സാജനെതിരെ കേസുകളൊന്നും ചുമത്തിയിരുന്നില്ല. പിന്നീട് വിട്ടയക്കുകയയിരിന്നു.
വർഷങ്ങളായി ഇന്ത്യയിൽ താമസിച്ചിരുന്ന, ബംഗാളി സംസാരിക്കുന്ന മൂന്ന് വൃദ്ധ വിധവകളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് യാതൊരു വിശദീകരണവും നൽകാൻ പൊലീസ് തയാറായില്ല. അവരുടെ രേഖകൾ പിടിച്ചെടുത്ത് മൂന്ന് ദിവസം കസ്റ്റഡിയിൽ വച്ചതായാണ് റിപ്പോർട്ട്.
കഴിഞ്ഞ ജൂൺ 26 ന് ഒരു സ്ത്രീയും അഞ്ച് വയസുള്ള കുട്ടിയും ഉൾപ്പെടെ എട്ട് ബംഗാളി കുടിയേറ്റ തൊഴിലാളികളെ നിർബന്ധിതമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി സിപിഐ എം പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ പൗരനാണെന്നും പശ്ചിമ ബംഗാൾ സ്വദേശിയാണെന്നും തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടായിരുന്നിട്ടും ഇവരെ നിർബന്ധപൂർവം നാടുകടത്തുകയായിരുന്നു.
കുടിയേറ്റ നിയമലംഘനത്തിന്റെ മറവിൽ ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങളെ അധികൃതർ ലക്ഷ്യമിടുന്നതായി സിപിഐ (എം) നേതാക്കൾ ആരോപിച്ചു. 'ഇത് വളരെ അപകടകരവും വിവേചനപരവുമാണ്. ഇന്ത്യയിൽ ഇപ്പോൾ ബംഗാളി സംസാരിക്കുന്നത് കുറ്റകൃത്യമാണോ?" പശ്ചിമ ബംഗാളിലെ ജനസംഖ്യയുടെ 26% ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങളാണെന്നും അവർ മറ്റേതൊരു പൗരനെയും പോലെ ഇന്ത്യക്കാരാണെന്നും' സിപിഐഎം കത്തിൽ പറഞ്ഞു.
ഇത്തരം നടപടികൾ തുടരുന്നത് നിയമപാലകരിലും രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളിലുമുള്ള പൊതുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുമെന്നും സിപിഐ എം മുന്നറിയിപ്പ് നൽകി. ഇന്ത്യൻ പൗരന്മാരെ ഏകപക്ഷീയമായി വേട്ടയാടുന്നത് തടയാൻ ആഭ്യന്തരമന്ത്രി ഇടപെടണമെന്ന് സിപിഐഎം നേതാക്കൾ കത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തിനോട് പ്രതികരിക്കാൻ ഇതുവരെ മറുപടി നൽകിയിട്ടില്ല എന്നാണ് വിവരം.









0 comments