ബംഗാൾ എസ്ഐആർ: തെരഞ്ഞെടുപ്പ് കമീഷൻ നടപ്പാക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ അജൻഡ

കൊൽക്കത്ത: ബംഗാൾ തെരഞ്ഞെടുപ്പിന് ആഴ്‌ചകൾമാത്രം ശേഷിക്കെ എസ്‌ഐആർ നടപ്പാക്കിയത് സംബന്ധിച്ച് സംസ്ഥാന രാഷ്ട്രീയത്തിൽ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല.എസ്‌ഐആർ പ്രക്രിയയ്‌ക്കുമുമ്പുള്ള ബംഗാൾ വോട്ടർപ്പട്ടികയിൽ 7.66 കോടി വോട്ടർമാരുണ്ടായിരുന്നു. എസ്‌ഐആർ പ്രക്രിയയിലൂടെ തയ്യാറാക്കിയ പുതുക്കിയ വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ടത് 6.77 കോടി പേർമാത്രം. 91 ലക്ഷം പേരെയാണ് എസ്‌ഐആറിലൂടെ തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർപ്പട്ടികയിൽനിന്ന് നീക്കിയത്.
ബിജെപിയുടെ രാഷ്ട്രീയ അജൻഡയാണ് തെരഞ്ഞെടുപ്പ് കമീഷൻ നടപ്പാക്കിയതെന്ന വിമർശമാണ് തൃണമൂൽ കോൺഗ്രസും സിപിഐ എമ്മും ഉയർത്തുന്നത്. എസ്‌ഐആറിലൂടെ 91 ലക്ഷംപേരെ ഒഴിവാക്കിയതിന്റെ ആഹ്ലാദത്തിലാണ് മുഖ്യപ്രതിപക്ഷമായ ബിജെപി. പുറത്താക്കപ്പെട്ടവരെല്ലാം നുഴഞ്ഞുകയറ്റക്കാരാണെന്ന് ബിജെപി ആരോപിക്കുന്നു. ഇവരെയെല്ലാം ബംഗാളിൽനിന്ന് തുരത്തുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും പ്രഖ്യാപനം. നുഴഞ്ഞുകയറ്റ ആരോപണം ഉയർത്തി പരമാവധി വർഗീയധ്രുവീകരണത്തിനാണ് ബിജെപിയുടെ ശ്രമം.
തൃണമൂൽ ഭരണത്തിൽ എല്ലാ മേഖലകളിലേക്കും അഴിമതി പടർന്നു. അതിനിടെയാണ് വീണ്ടും അധികാരത്തിലെത്താൻ എസ്ഐആർ എന്ന കുറുക്കുവഴിയിലൂടെ ബിജെപി ശ്രമിക്കുന്നത്.സ്കൂളുകൾ വ്യാപകമായി അടച്ചുപൂട്ടിയതും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ജനങ്ങളുടെ പലായനം വ്യാപകമായി തുടരുന്നതുമെല്ലാം ഇടതുപക്ഷ മുന്നണി പ്രചാരണവിഷയങ്ങളാക്കുന്നുണ്ട്.
എസ്‌ഐആറിനെക്കുറിച്ചുള്ള പരാതികൾ പരിഹരിക്കാൻ കാര്യക്ഷമമായ സംവിധാനമില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ തന്നെ സുപ്രീം കോടതിയിൽ തുറന്നുസമ്മതിച്ചതാണ്. മുസ്ലിങ്ങൾ, സ്‌ത്രീകൾ, സാന്പത്തികമായി ദുർബലാവസ്ഥയിലുള്ളവർ തുടങ്ങിയവരെ എസ്‌ഐആർ പ്രക്രിയ വളരെ പ്രതികൂലമായി ബാധിച്ചു. വോട്ടർമാരെ ഏകപക്ഷീയമായി വോട്ടർപ്പട്ടികയിൽനിന്ന് നീക്കുന്നത് ഭരണഘടനയുടെ 326–ാം അനുച്ഛേദം ഉറപ്പുനൽകിയ വോട്ടവകാശത്തിന്റെ നിഷേധമാണ്. അത് ഭരണഘടനയുടെ അടിസ്ഥാനത്വങ്ങൾ ലംഘിക്കുന്നതാണ്. എന്തുവില കൊടുത്തും വോട്ടവകാശം ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമീഷന് ഉത്തരവാദിത്വമുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് എഴുതിയ കത്തില്‍ സിപിഐ എം പറഞ്ഞു.










0 comments