print edition ബംഗാളിൽ സിപിഐ എം ഓഫീസുകൾക്കുനേരെ ബിജെപി ആക്രമണം

ബിജെപിക്കാര്‍ തല്ലിത്തകര്‍ത്ത ബാലിയിലെ സിപിഐ എം ഓഫീസ്
കൊൽക്കത്ത: ബംഗാളിൽ സിപിഐഎം പാർടി ഓഫീസുകൾക്ക് നേരെ ബിജെപിയുടെ ആസൂത്രിതവും വ്യാപകവുമായ ആക്രമണം. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഓഫീസുകളാണ് തല്ലിത്തകർത്തത്. പശ്ചിമ മേദിനിപൂർ ജില്ലയിലെ ചന്ദ്രകോണ, ഗാർബെറ്റ, ഷാൽബാനി എന്നീ ഏരിയകളിലായി എട്ട് ഓഫീസുകളും ഹൗറ ജില്ലയിലെ ബാലി, ബേലൂർ മേഖലകളിൽ അഞ്ച് ഓഫീസുകളും ബിജെപി അക്രമികൾ തകർത്തു.
ഓഫീസുകളിലുണ്ടായിരുന്ന ടെലിവിഷൻ സെറ്റുകൾ, ഫർണിച്ചറുകൾ, പതാകകൾ, പുസ്തകങ്ങൾ, ലഘുലേഖകൾ എന്നിവയെല്ലാം റോഡിലേക്ക് വലിച്ചെറിയുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്‌തു. ഗാർബെറ്റയിൽ പാർടി ഓഫീസിന് സമീപം സ്ഥാപിച്ച നാല് പതിറ്റാണ്ട് പഴക്കമുള്ള ലെനിന്റെ പ്രതിമ തല്ലിത്തകർത്തു.
അക്രമത്തിനെതിരെ സിപിഐ എം പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തി. പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് നേതാക്കൾ പറഞ്ഞു. 2011-ൽ തൃണമൂൽ സർക്കാർ ബംഗാളിൽ അധികാരത്തിൽ വന്നപ്പോൾ സിപിഐ എം ഓഫീസുകൾക്കു നേരെ നടന്ന അക്രമങ്ങൾ ആവർത്തിക്കുകയാണ് ബിജെപിയും.









0 comments