print edition പിന്നിൽ എഫ്ആർഎസ് ഹർജിയും പ്രതികാരവും

ഡൽഹി എ കെ ജി ഭവനിൽനിന്ന് മടങ്ങുന്ന പൊലീസ് സംഘം
ന്യൂഡൽഹി: യുവജനപ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർഥി നേതാക്കളെ ഒരോന്നായി ജയിലിലടക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ ഐഷി ഘോഷിനെതിരെ അഞ്ച്‌വർഷം മുൻപുള്ള കേസിൽ അറസ്റ്റിന് നിർദേശം നൽകിയത്. ശനിയാഴ്‌ച പ്രക്ഷോഭം അവസാനിച്ചതിന് ശേഷം ഐഷി പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു.
യൂണിഫോമിടാത്ത പൊലീസ് പലതവണ പിന്തുടരുന്നു. പനി പിടിച്ച് ക്ഷീണിതയായ ഐഷി ആശുപത്രിയിലേക്ക് പോയി ഡ്രിപ്പിട്ട ശേഷമാണ് പാർടി ആസ്ഥാനത്തേക്കെത്തിയത്.
ജന്തർമന്തറിലെ യുവജനപ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള പൊലീസ് നീക്കത്തെ ചോദ്യം ചെയ്‌ത് ഐഷി നൽകിയ ഹർജി നിലവിൽ ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള മുഖം തിരിച്ചറിയൽ സംവിധാനം (എഫ്‌ആർഎസ്) ഉൾപ്പടെ ഉപയോഗിച്ച് വിദ്യാർഥികളെ കൂട്ടത്തോടെ നിരീക്ഷണവിധേയരാക്കുന്ന നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചുള്ള പൊതുതാൽപ്പര്യ ഹർജിയാണ് ഐഷി നൽകിയത്.
ഇതിലെ നടപടി തുടർന്നാൽ അത് കേന്ദ്രസർക്കാരിനും ഡൽഹി പൊലീസിനും തിരിച്ചടിയാകുമെന്ന് നിയമവൃത്തങ്ങൾ പറയുന്നു. ഇൗ സാഹചര്യത്തിൽ, ഹർജി പിൻവലിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും പ്രതിനിധികൾ പലരീതിയിൽ സമ്മർദം ചെലുത്തിയിരുന്നു.
കേസുമായി മുന്നോട്ടുപോകുമെന്ന് ഐഷി വ്യക്തമാക്കി. ഇതിനുപിന്നാലെയാണ്, ജയിലിലടയ്‌ക്കാൻ നീക്കം നടത്തിയത്. ഏപ്രിൽ 15ന് പുറപ്പെടുവിച്ച വാറന്റിൽ മാസങ്ങൾക്ക് ശേഷം അറസ്‌റ്റ് ചെയ്യാനുള്ള നീക്കത്തെ ഡൽഹി പൊലീസിന് ഒരുരീതിയിലും ന്യായീകരിക്കാനാകില്ല.
ജന്തർമന്തറിൽ 50 ദിവസം നീണ്ട പ്രക്ഷോഭം തുടങ്ങിയ അന്ന് മുതൽ ഐഷി ഘോഷ് മുൻനിരയിലുണ്ടായിരുന്നു. ഡൽഹി പൊലീസിന്റെ മൂക്കിന് കീഴിൽ നിന്ന് മുദ്രാവാക്യം മുഴക്കിയ ഐഷിയെ എപ്പോൾ വേണമെങ്കിലും അറസ്‌റ്റ് ചെയ്യാമായിരുന്നു. അന്നൊന്നും അതിന് മുതിരാതിരുന്ന പൊലീസ് ധർമേന്ദ്രപ്രധാന്റെ നാണംകെട്ട രാജിക്ക് ശേഷം ധൃതിപിടിച്ചെത്തുന്നതിന് പിന്നിലെ ലക്ഷ്യം വേട്ടയാടൽ മാത്രമാണ്.
യൂണിഫോമും നെയിം ബോർഡുമില്ല; നാണംകെട്ട് മടക്കം
ന്യൂഡൽഹി: യൂണിഫോമോ നെയിംപ്ലേറ്റോ ഇല്ലാതെ ജന്തർമന്തറിലെ പ്രക്ഷോഭം അടിച്ചമർത്താൻ നോക്കിയ ഡൽഹി പൊലീസ് അതേ രീതിയിലാണ് ചൊവ്വാഴ്‌ച്ച എ കെ ജി ഭവനിലെത്തിയത്. സ്വകാര്യ വാഹനത്തിൽ യൂണിഫോമോ നെയിംപ്ലേറ്റോ ഇല്ലാതെ എത്തിയ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാണ് ഐഷി ഘോഷിനെ അറസ്‌റ്റ് ചെയ്യാൻ ശ്രമിച്ചത്.
‘എവിടെ നിങ്ങളുടെ യൂണിഫോം..നെയിംപ്ലേറ്റ് എവിടെ ’– എന്ന് ജോൺബ്രിട്ടാസ് എംപി ചോദിച്ചപ്പോൾ ഉദ്യോഗസ്ഥ ശരിക്കും പരുങ്ങി.
‘ഞാൻ ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിലായിരുന്നു. അതുകൊണ്ടാണ് യൂണിഫോം ധരിക്കാത്തത്. അവിടെ നിന്നും മടങ്ങുന്ന വഴിക്കാണ് ഇങ്ങോട്ടേക്ക് പുറപ്പെടാൻ നിർദേശം കിട്ടിയത്. ഉച്ചചഭക്ഷണം പോലും കഴിച്ചിട്ടില്ല’– ഉദ്യോഗസ്ഥ പറഞ്ഞു. തന്റെ പേരോ റാങ്കോ വെളിപ്പെടുത്താൻ അപ്പോഴും ഉദ്യോഗസ്ഥ തയ്യാറായില്ല.
പലവട്ടം പേര് പറയാൻ ആവശ്യപ്പെട്ടിട്ടും മൗനം പാലിച്ചു. അതേസമയം, കൂടെയുണ്ടായിരുന്ന പൊലീസുകാരൻ തന്റെ പേര് രജനീഷ് എന്നാണെന്ന് പറഞ്ഞു. അറസ്‌റ്റിനുള്ള നീക്കം വാർത്തയായതോടെ സിപിഐ എം, സിപിഐ നേതാക്കളും എസ്എഫ്‌ഐ പ്രവർത്തകരും വിദ്യാർഥികളും യുവജനങ്ങളും അഭിഭാഷകരും മാധ്യമപ്രവർത്തകരും എ കെ ജി ഭവനിലെത്തി. യുവജനപ്രക്ഷോഭത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകരും സ്ഥലത്തെത്തി.
പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ ആർ അരുൺകുമാർ, വിജൂകൃഷ്‌ണൻ, അശോക് ധാവ്‌ളെ, മറിയം ധാവ്‌ളെ, കേന്ദ്രകമ്മിറ്റിഅംഗങ്ങളായ മുരളീധരൻ, എസ് പുണ്യവതി, വി ശിവദാസൻ എംപി, മുതിർന്ന നേതാവ് ആനാവൂർ നാഗപ്പൻ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ് പി കെ ശ്രീമതി, ജനറൽസെക്രട്ടറി കനിനികാഘോഷ്, എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, സംസ്ഥാന സെക്രട്ടറി പി എസ് സഞ്‌ജീവ്, ഡൽഹി സംസ്ഥാന പ്രസിഡന്റ് സൂരജ് ഇളമൺ, സിപിഐ ജനറൽസെക്രട്ടറി ഡി രാജ, ദേശീയ സെക്രട്ടറി ആനിരാജ, അഭിഭാഷകരായ കെ ആർ സുഭാഷ്‌ചന്ദ്രൻ, ജയ്‌മോൻ ആൻഡ്രൂസ് തുടങ്ങിയവർ ഐഷി ഘോഷിന് പിന്തുണയുമായെത്തി.










0 comments