വീണ്ടും 'ബീഡി കത്തിച്ച് ' ബിജെപി: ബിഹാറിൽ ബിഡി വിവാദം തെരഞ്ഞെടുപ്പ് ആയുധമാക്കി നരേന്ദ്രമോദി

ന്യൂഡൽഹി: ബിഹാറിൽ തെരഞ്ഞെടുപ്പടുത്തിരിക്കെ കോൺഗ്രസ് കേരള ഘടകം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ബിഹാർ- ബിഡി പരാമർശത്തെ പ്രചാരണായുധമാക്കി ബിജെപി. കോൺഗ്രസിന്റെ ബിഡി പരാമർശത്തെ ശക്തമായി വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസും ആർജെഡിയും ബിഹാറിനെ അധിക്ഷേപിക്കുന്നതിൽ തിരക്കിലാണെന്നും പരിഹസിച്ചു.
കേരളത്തിലെ കോൺഗ്രസിന്റെ എക്‌സ് (ട്വിറ്റർ) പേജിൽ വന്ന ബിഡി- ബിഹാർ പോസ്റ്റ് വിവാദമാകുകയും ദേശീയ തലത്തിൽ ബിജെപി ആയുധമാക്കുകയും ചെയ്തതോടെ വിഷയത്തിൽ കേരളത്തിലെ നേതൃത്വം വലിയ സമ്മർദ്ദത്തിലായിരുന്നു. തുടർന്ന് കോൺഗ്രസ് സോഷ്യൽ മീഡയിയയുടെ ചുമതലയിൽ നിന്നും വി ടി ബൽറാമിനെ കോൺഗ്രസ് മാറ്റി. എന്നാലിപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിഹാറിലെത്തിയ മോദി വിഷയം വീണ്ടും ചർച്ചയാക്കുകയാണ്
റെയിൽ എഞ്ചിനുകളുണ്ടാക്കി ആഫ്രിക്കയിലേക്ക് ബിഹാറിൽ നിന്നും കയറ്റി അയക്കുന്നു. എപ്പോഴൊക്കെ ബിഹാർ വികസിക്കുന്നു, അപ്പോഴെല്ലാം കോൺഗ്രസും ആർജെഡിയും വിമർശനവുമായി എത്തുകയാണ്. പൂർണിയയിലെ ഒരു റാലിക്കിടെയായിരുന്നു മോദിയുടെ വിമർശനം. കോൺഗ്രസുകാർ ബിഹാറിനെ വിമർശിക്കുന്നുവെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു.
ബീഡിയും ബിഹാറും തുടങ്ങുന്നത് 'ബി'യിൽ ആണെന്നും അതുകൊണ്ട് ബീഡി ഇനി പാപമല്ല എന്നാണ് കോൺഗ്രസ് സോഷ്യൽ മീഡിയ പോസ്റ്റ് ചെയ്തത്. കോൺഗ്രസ് ഹൈക്കമാൻഡ് വിഷയത്തിൽ ഇടപെടുകയും വിശദീകരണം ചോദിക്കുകയും ചെയ്‌തതോടെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ബൽറാമിനെ തള്ളിപ്പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയും ഗർഭഛിദ്ര പരാതിയും വന്നിട്ടും നടപടിയെടുക്കാൻ അറച്ചുനിന്ന കെപിസിസി നേതൃത്വം ബൽറാമിനെതിരെ ഉടൻ നടപടിയെടുക്കുകയായിരുന്നു









0 comments