print edition ബിഡിഎൽ മുൻ മേധാവിയുടെ കമ്പനിക്കായി വഴിവിട്ട ഇടപെടൽ

ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ പ്രതിരോധ സ്ഥാപനം ഭാരത് ഡൈനമിക്സ് ലിമിറ്റഡ് (ബിഡിഎൽ) ടാങ്ക് വേധ മിസൈലുകൾക്കുള്ള ഉപകരണങ്ങൾ വാങ്ങാൻ മുൻ മേധാവിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിക്ക് 56.8 കോടിയുടെ ടെൻഡർ നൽകിയത് വിവാദത്തിൽ. മത്സരാധിഷ്ഠിത ടെന്ഡർ നടപടികൾ പൂർണമായും ഒഴിവാക്കി ബിഡിഎൽ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ സിദ്ധാർഥ് മിശ്രയും ഭാര്യ ശംഭവി മിശ്രയും 2024ൽ തുടങ്ങിയ ഐന്ദ്രി ഡിഫൻസ് അഡ്വൈസറി പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിക്കാണ് മിസൈലുകളുടെ ഉപകരണങ്ങൾ വിതരണം ചെയ്യാനുള്ള ടെൻഡർ ലഭിച്ചത്.
ടാങ്ക് വേധ ഗൈഡഡ് മിസൈലുകൾക്ക് ആവശ്യമായ 300 ഒപ്റ്റിക്കൽ സൈറ്റുകൾ വാങ്ങാനാണ് ഒറ്റക്കന്പനിയെ മാത്രം പങ്കെടുപ്പിച്ച് ബിഡിഎൽ ടെന്ഡർ ക്ഷണിച്ചത്. 56. 8 കോടി രൂപയാണ് ഐന്ദ്രി ഡിഫൻസ് കന്പനി ക്വോട്ട് ചെയ്തത്. സ്വന്തമായി നിർമാണശാലകളോ ആസ്തികളോ ഇല്ലാത്ത കന്പനിയാണെന്ന കാര്യവും ദേശീയമാധ്യമം നടത്തിയ അന്വേഷണത്തിൽ വെളിവായി. ഹൈദരാബാദിൽ കന്പനിയുടെ രജിസ്റ്റർ ചെയ്ത ഓഫീസ് പൂട്ടിയ നിലയിലാണ്. 2024ലും 2025ലും സമാനമായ ഉപകരണങ്ങൾ മത്സരാധിഷ്ഠിത ടെൻഡറിലൂടെയാണ് ബിഡിഎൽ വാങ്ങിയിരുന്നത്.









0 comments