print edition ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച വിധിയോട് വിയോജിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി കലാപത്തിലെ ഗൂഢാലോചന കേസിൽ ഉമർ ഖാലിദ്, ഷർജിൽ ഇമാം എന്നിവർക്ക് ജാമ്യം നിഷേധിച്ച സുപ്രീംകോടതി വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ച് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജൽ ഭുയാൻ എന്നിവർ അംഗങ്ങളായ സുപ്രീംകോടതി ബെഞ്ച്.
യുഎപിഎ കേസുകളിൽ വിചാരണ വൈകുന്നത് ജാമ്യം നൽകാനുള്ള കാരണമായി അംഗീകരിച്ചുകൊണ്ട് 2021-ൽ 'യൂണിയൻ ഓഫ് ഇന്ത്യ വേഴ്സസ് കെ.എ നജീബ്' കേസിൽ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി ഈ കേസിൽ പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
മയക്കുമരുന്ന് വിതരണത്തിലൂടെ ഭീകരവാദത്തിന് പണം നൽകിയെന്നാരോപിച്ച് യുഎപിഎ പ്രകാരം കേസെടുത്തിൽ ആറുവർഷത്തിലേറെയായി കസ്റ്റഡിയിൽ കഴിയുന്ന സയ്യിദ് ഇഫ്തിഖാർ അന്ദ്രാബി എന്നയാളുടെ ജാമ്യാപേക്ഷ അനുവദിച്ചുകൊണ്ടാണ് ബെഞ്ച് സുപ്രധാന നിരീക്ഷണം നടത്തിയത്.
മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ സത്ത, ഉമർഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച രണ്ടംഗബെഞ്ച് ഉൾക്കൊള്ളാത്തതിനെയും വിധിയിൽ വിമർശിക്കുന്നു. "കുറഞ്ഞ അംഗബലമുള്ള ബെഞ്ച് പുറപ്പെടുവിക്കുന്ന വിധി, കൂടുതൽ അംഗബലമുള്ള ബെഞ്ച് പ്രഖ്യാപിച്ച വിധിക്ക് വിധേയമായിരിക്കണം.
സംശയമുണ്ടെങ്കിൽ കൂടുതൽ അംഗബലമുള്ള ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിടണം. വലിയ ബെഞ്ചിന്റെ വിധിന്യായത്തെ ലഘൂകരിക്കാനോ മറികടക്കാനോ അവഗണിക്കാനോ ചെറിയ ബെഞ്ചിന് കഴിയില്ല’ –ജസ്റ്റിസ് ഭുയാൻ വിധിയിൽ പറയുന്നു.
ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഒരുവർഷത്തേക്ക് ജാമ്യാപേക്ഷ നൽകാനാവില്ലെന്ന നിരീക്ഷണത്തോടും ബെഞ്ച് വിയോജിച്ചു. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ വി അഞ്‌ജരിയ എന്നിവരുടെ ബെഞ്ച് ജനുവരിയിലാണ് ഇരുവർക്കും ജാമ്യം നിഷേധിച്ചത്.
സുപ്രീംകോടയിലെ ഒരു ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ മറ്റൊരു ബെഞ്ച് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് അപൂർവമാണ്. ദേശീയതലത്തിലെ യുഎപിഎ കേസുകളിൽ ശിക്ഷാ നിരക്ക് ആറ് ശതമാനം മാത്രമാണെന്നും ജമ്മുകശ്മീരിൽ ഇത് ഒരുശതമാനത്തിലും താഴെയാണെന്നും കോടതി നിരീക്ഷിച്ചു.










0 comments