വിമാനയാത്രക്കിടെ 8000 രൂപയുടെ ബാഗ് നശിപ്പിച്ചു; നഷ്ടപരിഹാരമായി ഇൻഡിഗോ വാഗ്ദാനം ചെയ്തത് 4000 രൂപ

എക്സില്‍ പങ്കുവെച്ച ചിത്രം | photo credit: sonasingh46/ X
ന്യൂഡൽഹി: ഇൻഡിഗോ വിമാനയാത്രയിൽ തന്റെ സഹോദരിയുടെ ബാഗിന് സാരമായ കേടുപാടുകൾ സംഭവിച്ചതിൽ പരാതിയുമായി യുവാവ്. അശുതോഷ് എന്ന വ്യക്തിയാണ് സഹോദരിക്കുണ്ടായ നഷ്ടത്തെക്കുറിച്ച് എക്സിൽ പോസ്റ്റ് ചെയ്തത്.
8000 രൂപയുടെ ബാഗാണ് വിമാനയാത്രയ്ക്കിടെ നശിപ്പിക്കപ്പെട്ടതെന്നും അതിന് നഷ്ടപരിഹാരമായി 4000 രൂപയാണ് അധികൃതർ വാഗ്ദാനം ചെയ്തതെന്നും കുറിപ്പിൽ പറയുന്നു. ഒലീവ് നിറത്തിലുള്ള മൊകാബെരയുടെ ബാഗിന്റെ ചിത്രവും അശുതോഷ് പങ്കുവെച്ചിട്ടുണ്ട്. കട്ടിയുള്ള ബാഗിന്റെ പുറംവശത്ത് ആഴത്തിലുള്ള ഒരു വിള്ളലുണ്ടായിരിക്കുന്നത് ചിത്രത്തിൽ വ്യക്തമാണ്. ചിത്രത്തിനൊപ്പം നഷ്ടപരിഹാരം അനുവദിച്ചുകൊണ്ടുള്ള ഇൻഡിഗോയുടെ കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ഉപഭോക്തൃ സുരക്ഷയെന്നത് വെറുമൊരു തമാശയാണെന്നും യുവാവ് കുറിപ്പിൽ പറയുന്നു.
മണിക്കൂറുകൾക്കുള്ളിൽ ഏകദേശം രണ്ട് ലക്ഷത്തിനടുത്ത് ജനങ്ങളാണ് പോസ്റ്റ് കണ്ടത്. പിന്നാലെ നിരവധി പേർ വിമാനയാത്രയ്ക്കിടെയുണ്ടായ ഇത്തരം അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള കമന്റുകൾ ഇട്ടിരുന്നു. എത്ര സുരക്ഷിതമായി പാക്ക് ചെയ്താലും പലപ്പഴും തുറന്ന നിലയിലും കേടുപാടുകൾ സംഭവിച്ച നിലയിലുമാണ് ബോഗുകൾ ലഭിക്കുകയെന്ന് ചിലർ കമന്റ് ചെയ്തു.










0 comments