print edition തിരിച്ചടിച്ച് മോദിയുടെ ‘ദിമാഗി നക്‌സൽ’പരാമർശം; ‘ദിമാഗി നക്‌സൽ പാർടി’യിൽ 2 ലക്ഷം പേർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്രദിന പ്രസംഗത്തിലെ ‘ദിമാഗി നക്‌സൽ’ (ബൗദ്ധിക നക്‌സൽ) പരാമർശം ബിജെപിയെ തിരിച്ചടിക്കുന്നു. പരാമർശത്തിന് തൊട്ടുപിന്നാലെ, ഇൻസ്റ്റാഗ്രാമിൽ ‘ദിമാഗി നക്‌സൽ പാർടി’ എന്ന പേരിൽ പുതിയ അക്കൗണ്ട് തുടങ്ങി. മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ടിനെ പിന്തുണച്ച് രണ്ടുലക്ഷം പേർ രംഗത്തെത്തി.
കേന്ദ്രസർക്കാരിനെയും ബിജെപിയെയും വിറപ്പിച്ച കോക്രോച്ച് ജനതാ പാർടി രൂപം കൊണ്ടത് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിൽ നിന്നായിരുന്നു. സമാന രീതിയിൽ പ്രധാനമന്ത്രിയുടെ ‘മസ്‌തിഷ്‌ക നക്‌സൽ’ പ്രയോഗവും തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ബിജെപി.
‘ഞങ്ങൾ ചിന്തിക്കുന്നു, ഞങ്ങൾ പഠിക്കുന്നു, ഞങ്ങൾ എതിർക്കുന്നു’– എന്നതാണ് ദിമാഗി നക്‌സൽ പാർടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ അവകാശവാദം. ‘ഞങ്ങൾ ഭഗത് സിങ്ങിന്റെ ആശയങ്ങളുടെ പിന്തുടർച്ചക്കാരാണ്. ഞങ്ങളുടെ അക്കൗണ്ട് പൂട്ടിക്കാൻ ശ്രമിക്കുന്നവർ ഭഗത്‌സിങ്ങിനെ അവഹേളിക്കുന്നവരാണ്’ എന്നാണ് മറ്റൊരു പോസ്റ്റിൽ പറയുന്നത്.
ചെങ്കോട്ടയിലെ സ്വാതന്ത്രദിന പ്രസംഗത്തിനിടെയാണ് മോദി ബൗദ്ധിക നക്‌സലുകൾ ഇപ്പോഴും സജീവമാണെന്ന് അഭിപ്രായപ്പെട്ടത്.
കേന്ദ്രസർക്കാരിന്റെ തെറ്റായ നടപടികളെയും നയങ്ങളെയും വിമർശിക്കുന്ന എല്ലാവരെയും ‘ദിമാഗി നക്‌സൽ’ ചാപ്പ കുത്താനുള്ള നീക്കമാണ് പ്രധാനമന്ത്രിയുടേതെന്ന് വിമർശമുണ്ടായി. പ്രതിപക്ഷവും മോദിയുടെ പരാമർശത്തിനെതിരെ രംഗത്തെത്തി. പ്രധാനമന്ത്രി ഉദ്ദേശിച്ചത് പ്രതിപക്ഷത്തെയല്ലെന്ന അവകാശവാദവുമായി പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു രംഗത്തെത്തി.










0 comments